ഐപിഎല്‍ 2021: മുംബൈ ഇന്ത്യന്‍സിന് ജീവന്മരണ പോരാട്ടം; പ്ലേ ഓഫ് ഉറപ്പാക്കാന്‍ ഡല്‍ഹി

By Web Team  |  First Published Oct 2, 2021, 9:12 AM IST

തുടര്‍തോല്‍വികള്‍ക്ക് ശേഷം മുംബൈ വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. നിലവിലെ ചാംപ്യന്മാരായ മുംബൈക്ക് പ്ലേഓഫിലേക്കുളള വഴി എളുപ്പമാക്കാന്‍ ജയം അനിവാര്യമാണ്. 
 


ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) മുംബൈ ഇന്ത്യന്‍സിന് (Mumbai Indians) ഇന്ന് ജീവന്മരണ പോരാട്ടം. വൈകീട്ട് 3.30ന് ഷാര്‍ജയില്‍ പ്ലേ ഓഫ് ഉറപ്പിക്കാനൊരുങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals) ആണ് എതിരാളികള്‍. തുടര്‍തോല്‍വികള്‍ക്ക് ശേഷം മുംബൈ വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. നിലവിലെ ചാംപ്യന്മാരായ മുംബൈക്ക് പ്ലേഓഫിലേക്കുളള വഴി എളുപ്പമാക്കാന്‍ ജയം അനിവാര്യമാണ്. 

തുടക്കം പിഴച്ച്, അവസാനമത്സരങ്ങളിലെ മിന്നുംപ്രകടനത്തോടെ കിരീടത്തിലെത്തിയ ഭൂതകാലം മുംബൈക്ക് പ്രതീക്ഷ നല്‍കും. ഒരു ജയമകെ പ്ലേഓഫ് സ്ഥാനമുണ്ടെങ്കിലും കഴിഞ്ഞ സീസണിലെ അനുഭവം ഡല്‍ഹിക്ക് നല്ല ഓര്‍മയല്ല. നാല് കളിയില്‍ തുടരെ തോറ്റ ഡല്‍ഹി അവസാന നിമിഷമാണ് അന്ന് പ്ലേഓഫ് ഉറപ്പിച്ചത്.

Latest Videos

undefined

ഈ സീസണില്‍ മുംബൈയെ തോല്‍പ്പിച്ച ആത്മവിശ്വാസം ഡല്‍ഹിക്കുണ്ട്. പരിക്കേറ്റ് കൊല്‍ക്കത്തയ്‌ക്കെതിരെ പുറത്തിരുന്ന പൃഥി ഷോ (Prithvi Shaw) ഡല്‍ഹി നിരയില്‍ തിരിച്ചെത്തിയേക്കും. ഒരു മത്സരം കൂടി വിശ്രമം അനുവദിച്ചാല്‍ സ്റ്റീവ് സ്മിത്തോ (Steven Smith) സാം ബില്ലിങ്‌സോ (Sam Billings) പകരമെത്തും. ബൗളിങ്ങില്‍ മാറ്റത്തിന് സാധ്യതയില്ല. 

മുംബൈ നിരയില്‍ സൗരഭ് തിവാരിക്ക് പകരം ഡല്‍ഹിക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ജയന്ത് യാദവിനെ കൊണ്ടുവന്നേക്കാം. ഡെത്ത് ഓവറിലെ മെല്ലെപ്പോക്കാണ് മുംബൈ നേരിടുന്ന പ്രധാനപ്രശ്‌നം. കഴിഞ്ഞ രണ്ട് സീസണുകളില്‍ പരസ്പരം ഏറ്റമുട്ടിയ അഞ്ചില്‍ നാലിലും ജയിച്ചത് മുംബൈ. 

പരസ്പരമുള്ള 29 മത്സരങ്ങളില്‍ 16 തവണ മുംബൈ ജയിച്ചപ്പോള്‍ 13 തവണ ജയം ഡെല്‍ഹിക്കൊപ്പം നിന്നു.

click me!