എറിഞ്ഞിട്ടു! വീണ്ടും മുംബൈയുടെ കളിയഴക്; ഹൈദരാബാദിന് മൂന്നാം തോല്‍വി

By Web Team  |  First Published Apr 17, 2021, 11:21 PM IST

ടോസ് നേടി ബാറ്റിംഗിനിറങ്ങി മികച്ച തുടക്കത്തിന് ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്‌ടമായ മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 150 റണ്‍സാണ് നേടിയത്. 


ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണില്‍ ഒരിക്കല്‍ കൂടി ചെറിയ സ്‌കോര്‍ പ്രതിരോധിച്ച് മുംബൈ ഇന്ത്യന്‍സിന്‍റെ ഹീറോയിസം. സീസണിലെ മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 13 റണ്‍സിന് തോല്‍പിച്ചു. മുംബൈയുടെ 150 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദ് മൂന്ന് വീതം വിക്കറ്റ് നേടിയ ബോള്‍ട്ട്-ചാഹര്‍ സഖ്യത്തിന്‍റെ ആക്രമണത്തില്‍ 19.4 ഓവറില്‍ 137 റണ്‍സില്‍ പുറത്തായി. സ്‌കോര്‍- മുംബൈ:150/5 (20), ഹൈദരാബാദ് 137 (19.4).

മുംബൈ തലപ്പത്ത്, ഹൈദരാബാദ് ഏറ്റവും താഴെ

Latest Videos

undefined

ഇതോടെ കളിച്ച മൂന്ന് മത്സരങ്ങളിലും തോല്‍വിയായി ഡേവിഡ് വാര്‍ണറുടേയും സംഘത്തിന്‍റേയും വിധി. ജയത്തോടെ മുംബൈ പട്ടികയില്‍ തലപ്പത്ത് എത്തിയപ്പോള്‍ ഹൈദരാബാദ് അവസാന സ്ഥാനക്കാരാണ്. 

നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങി മികച്ച തുടക്കത്തിന് ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്‌ടമായ മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 150 റണ്‍സാണ് നേടിയത്. ഭുവിയുടെ അവസാന ഓവറില്‍ പൊള്ളാര്‍ഡിന്‍റെ രണ്ട് സിക്‌സര്‍ സഹിതം പിറന്ന 17 റണ്‍സാണ് മുംബൈയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ തകര്‍പ്പന്‍ തുടക്കം കിട്ടിയിട്ടും വീണ്ടും തോല്‍വി വഴങ്ങുകയായിരുന്നു ഹൈദരാബാദ്. വിജയ് ശങ്കറിന്‍റെ ഓള്‍റൗണ്ട് മികവും രക്ഷയ്‌ക്കെത്തിയില്ല. 

മുംബൈക്ക് കലക്കന്‍ തുടക്കം

പവര്‍പ്ലേയില്‍ മികച്ച സ്‌കോറുണ്ടായിരുന്നു(53-0) മുംബൈ ഇന്ത്യന്‍സിന്. എന്നാല്‍ പവര്‍പ്ലേ പിന്നിട്ടുള്ള മൂന്നാം പന്തില്‍ തന്നെ രോഹിത് ശര്‍മ്മ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. വിജയ് ശങ്കറിന്‍റെ സ്ലോ ബോള്‍ കെണി തിരിച്ചറിയാതെ സിക്‌സറിന് ശ്രമിച്ച ഹിറ്റ്‌മാന്‍(25 പന്തില്‍ 32) ഡീപ് മിഡ് വിക്കറ്റില്‍ വിരാട് സിംഗിന്‍റെ കൈകളില്‍ അവസാനിച്ചു. 

വീണ്ടും പന്തെറിയാന്‍ എത്തിയപ്പോള്‍ ഒന്‍പതാം ഓവറിലെ മൂന്നാം പന്തില്‍ സൂര്യകുമാറിനെയും ശങ്കര്‍ മടക്കി. തൊട്ടുമുമ്പത്തെ പന്തില്‍ തകര്‍പ്പന്‍ സിക്‌സര്‍ പറത്തിയ സൂര്യകുമാര്‍(6 പന്തില്‍ 10) റിട്ടേണ്‍ ക്യാച്ചിലാണ് മടങ്ങിയത്. പതിമൂന്നാം ഓവറില്‍ ഡികോക്കിനെ 34നില്‍ നില്‍ക്കേ പുറത്താക്കാനുള്ള അവസരവും ശങ്കറിനൊരുങ്ങി. എന്നാല്‍ റാഷിദ് ഖാന്‍ നിലത്തിട്ടു. പക്ഷേ മുജീബ് എറിഞ്ഞ 14-ാം ഓവറിലെ അഞ്ചാം പന്തില്‍ ഡികോക്കിനെ(39 പന്തില്‍ 40) ഡീപ് മിഡ് വിക്കറ്റില്‍ സബ്‌സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍ സുജിത്ത് പിടിയിലൊതുക്കി. ഇതോടെ 98-3 എന്ന സ്‌കോറിലായി മുംബൈ.

പൊള്ളാര്‍ഡ് പൊളി, അവസാന ഓവര്‍ കാത്തു

മുംബൈ 16 ഓവറില്‍ 107-3 എന്ന നിലയിലായിരുന്നു. കീറോണ്‍ പൊള്ളാര്‍ഡും ഇഷാന്‍ കിഷനും ക്രീസില്‍ നില്‍ക്കേ അവസാന നാല് ഓവറുകളില്‍ കൂറ്റനടികളുടെ പ്രതീക്ഷയിലായിരുന്നു മുംബൈ. എന്നാല്‍ മുജീബ് വീണ്ടും നിര്‍ണായക വിക്കറ്റുമായി കളിമാറ്റി. 17-ാം ഓവറിലെ അഞ്ചാം പന്തില്‍ കിഷന്‍(21 പന്തില്‍ 12) വിക്കറ്റിന് പിന്നില്‍ ബെയര്‍സ്റ്റോയുടെ കൈകളില്‍ കുരുങ്ങി. ഖലീല്‍ എറിഞ്ഞ 19-ാം ഓവറിലെ നാലാം പന്തില്‍ ഹര്‍ദിക്(5 പന്തില്‍ 7) ഡീപ്പില്‍ വിരാടിന്‍റെ ക്യാച്ചിലും പുറത്തായി. 

ഒരുതവണ ലൈഫ് വീണുകിട്ടിയ പൊള്ളാര്‍ഡ് മുതലാക്കിയപ്പോള്‍ അവസാന ഓവറില്‍ മുംബൈ കളിയിലേക്ക് തിരിച്ചെത്തി. ക്രുനാല്‍ മൂന്ന് പന്തില്‍ അത്രതന്നെ റണ്‍സുമായും പൊള്ളാര്‍ഡ് 22 പന്തില്‍ 35 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഹൈദരാബാദിനായി വിജയ് ശങ്കറും മുജീബ് റഹ്‌മാനും രണ്ട് വീതവും ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റും വീഴ്‌ത്തി. 

കിടിലന്‍ മറുപടി, അധികം നീണ്ടില്ല 

മറുപടി ബാറ്റിംഗില്‍ ഗംഭീര തുടക്കമാണ് ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോയും സണ്‍റൈസേഴ്‌സിന് നല്‍കിയത്. പവര്‍പ്ലേയില്‍ ഇരുവരും 57 റണ്‍സ് ചേര്‍ത്തു. ബെയര്‍സ്റ്റോയായിരുന്നു കൂടുതല്‍ അപകടകാരി. എട്ടാം ഓവറിലെ രണ്ടാം പന്തില്‍ ക്രുനാലാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. ഈ സമയം ടീം സ്‌കോര്‍ 67ലെത്തിയിരുന്നു. ബാക്ക്‌ഫൂട്ടിലിറങ്ങി സ്വീപ്പിന് ശ്രമിച്ച താരം ഹിറ്റ് വിക്കറ്റായി. ബെയര്‍സ്റ്റോ 22 പന്തില്‍ നാല് സിക്‌സറുകളും മൂന്ന് ഫോറും സഹിതം 43 റണ്‍സ് നേടി. 

ക്രീസിലെത്തിയ മനീഷ് പാണ്ഡെയ്‌ക്ക്(7 പന്തില്‍ 2) കാലുറച്ചില്ല. ദീപക് ചഹാറിന്‍റെ തൊട്ടടുത്ത ഓവറില്‍ പൊള്ളാര്‍ഡിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. അതേസമയം വാര്‍ണര്‍ മികവ് തുടര്‍ന്നെങ്കിലും ഐപിഎല്‍ കരിയറിലെ 50-ാം അര്‍ധ സെഞ്ചുറിയിലേക്കെത്തിയില്ല. ഹര്‍ദിക്കിന്‍റെ മിന്നല്‍ ത്രോയാണ് വാര്‍ണര്‍ക്ക്(34 പന്തില്‍ 36) മടക്ക ടിക്കറ്റ് കൊടുത്തത്. 

ചഹാര്‍, ബുമ്ര, ബോള്‍ട്ട്... പിന്നെയെല്ലാം അതിവേഗം

ദീപക് ചഹാര്‍ എറിഞ്ഞ 15-ാം ഓവര്‍ സണ്‍റൈസേഴ്‌സിന് വന്‍ പ്രഹരമായി. ആദ്യ പന്തില്‍ വിരാട് സിംഗ്(12 പന്തില്‍ 11) മടങ്ങി. ലോംഗ് ഓഫില്‍ സൂര്യകുമാറിനായിരുന്നു ക്യാച്ച്. അഞ്ചാം പന്തില്‍ അഭിഷേക് ശര്‍മ്മ സിക്‌സറിന് ശ്രമിച്ച് ബാക്ക്‌വേഡ് സ്‌ക്വയര്‍ ലെഗില്‍(4 പന്തില്‍ 2) മില്‍നെയുടെ കൈകളില്‍. ഇതോടെ സണ്‍റൈസേഴ്‌സ് 104/5. അവസാന 30 പന്തില്‍ 47 റണ്‍സായി സണ്‍റൈസേഴ്‌സിന്‍റെ ലക്ഷ്യം. 16-ാം ഓവറില്‍ ക്രുനാലിനെ തുടര്‍ച്ചയായി രണ്ട് സിക്‌സറുകള്‍ സഹിതം ശങ്കര്‍ 16 റണ്‍സടിച്ചതോടെ കളിമാറുമെന്ന് തോന്നിച്ചു. 

വീണ്ടുമൊരു ത്രോ ഹൈദരാബാദിന്‍റെ നെഞ്ചില്‍ തറയ്‌ക്കുന്നതാണ് പിന്നീട് കണ്ടത്. 18-ാം ഓവറിലെ മൂന്നാം പന്തില്‍ ബോള്‍ട്ടിനെ ബൗണ്ടറി നേടിയ സമദിനെ(8 പന്തില്‍ 7) തൊട്ടടുത്ത പന്തില്‍ പാണ്ഡ്യ എറിഞ്ഞിടുകയായിരുന്നു. ഒരു പന്തിന്‍റെ ഇടവേളയില്‍ റാഷിദ് ഖാന്‍ എല്‍ബിയില്‍ കുടുങ്ങുകയും ചെയ്തു. ബുമ്രയുടെ 19-ാം ഓവറിലെ അഞ്ചാം പന്തില്‍ ശങ്കര്‍(25 പന്തില്‍ 28) സൂര്യകുമാറിന് ക്യാച്ച് നല്‍കിയതോടെ തീരുമാനമായി. ബോള്‍ട്ടിന്‍റെ അവസാന ഓവറിലെ ആദ്യ പന്തില്‍ ഭുവി(2 പന്തില്‍ 1) ബൗള്‍ഡായി. രണ്ട് പന്ത് ബാക്കിനില്‍ക്കേ ഖലീലിന്‍റെ(2 പന്തില്‍ 1) കുറ്റിയും ബോള്‍ട്ട് തെറിപ്പിച്ചതോടെ മുംബൈ ജയിച്ചു.
 

click me!