അവസാന ഓവര്‍, പൊള്ളാര്‍ഡ് കാത്തു; ഹൈദരാബാദിനെതിരെ മുംബൈക്ക് പൊരുതാവുന്ന സ്‌കോര്‍

By Web Team  |  First Published Apr 17, 2021, 9:12 PM IST

വിജയ് ശങ്കറിന്‍റെ സ്ലോ ബോള്‍ കെണി തിരിച്ചറിയാതെ സിക്‌സറിന് ശ്രമിച്ച ഹിറ്റ്‌മാന്‍(25 പന്തില്‍ 32) ഡീപ് മിഡ് വിക്കറ്റില്‍ വിരാട് സിംഗിന്‍റെ കൈകളില്‍ അവസാനിച്ചു. 


ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 151 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങി മികച്ച തുടക്കത്തിന് ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്‌ടമായ മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 150 റണ്‍സാണ് നേടിയത്. ഭുവിയുടെ അവസാന ഓവറില്‍ പൊള്ളാര്‍ഡിന്‍റെ രണ്ട് സിക്‌സര്‍ സഹിതം പിറന്ന 17 റണ്‍സാണ് മുംബൈയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 

വിജയം വിജയ് ശങ്കര്‍ 

Latest Videos

undefined

പവര്‍പ്ലേയില്‍ മികച്ച സ്‌കോറുണ്ടായിരുന്നു(53-0) മുംബൈ ഇന്ത്യന്‍സിന്. എന്നാല്‍ പവര്‍പ്ലേ പിന്നിട്ടുള്ള മൂന്നാം പന്തില്‍ തന്നെ രോഹിത് ശര്‍മ്മ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. വിജയ് ശങ്കറിന്‍റെ സ്ലോ ബോള്‍ കെണി തിരിച്ചറിയാതെ സിക്‌സറിന് ശ്രമിച്ച ഹിറ്റ്‌മാന്‍(25 പന്തില്‍ 32) ഡീപ് മിഡ് വിക്കറ്റില്‍ വിരാട് സിംഗിന്‍റെ കൈകളില്‍ അവസാനിച്ചു. 

വീണ്ടും പന്തെറിയാന്‍ എത്തിയപ്പോള്‍ ഒന്‍പതാം ഓവറിലെ മൂന്നാം പന്തില്‍ സൂര്യകുമാറിനെയും ശങ്കര്‍ മടക്കി. തൊട്ടുമുമ്പത്തെ പന്തില്‍ തകര്‍പ്പന്‍ സിക്‌സര്‍ പറത്തിയ സൂര്യകുമാര്‍(6 പന്തില്‍ 10) റിട്ടേണ്‍ ക്യാച്ചിലാണ് മടങ്ങിയത്. പതിമൂന്നാം ഓവറില്‍ ഡികോക്കിനെ 34നില്‍ നില്‍ക്കേ പുറത്താക്കാനുള്ള അവസരവും ശങ്കറിനൊരുങ്ങി. എന്നാല്‍ റാഷിദ് ഖാന്‍ നിലത്തിട്ടു. പക്ഷേ മുജീബ് എറിഞ്ഞ 14-ാം ഓവറിലെ അഞ്ചാം പന്തില്‍ ഡികോക്കിനെ(39 പന്തില്‍ 40) ഡീപ് മിഡ് വിക്കറ്റില്‍ സബ്‌സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍ സുജിത്ത് പിടിയിലൊതുക്കി. ഇതോടെ 98-3 എന്ന സ്‌കോറിലായി മുംബൈ.

അവസാന ഓവര്‍ കാത്തു

മുംബൈ 16 ഓവറില്‍ 107-3 എന്ന നിലയിലായിരുന്നു. കീറോണ്‍ പൊള്ളാര്‍ഡും ഇഷാന്‍ കിഷനും ക്രീസില്‍ നില്‍ക്കേ അവസാന നാല് ഓവറുകളില്‍ കൂറ്റനടികളുടെ പ്രതീക്ഷയിലായിരുന്നു മുംബൈ. എന്നാല്‍ മുജീബ് വീണ്ടും നിര്‍ണായക വിക്കറ്റുമായി കളിമാറ്റി. 17-ാം ഓവറിലെ അഞ്ചാം പന്തില്‍ കിഷന്‍(21 പന്തില്‍ 12) വിക്കറ്റിന് പിന്നില്‍ ബെയര്‍സ്റ്റോയുടെ കൈകളില്‍ കുരുങ്ങി. ഖലീല്‍ എറിഞ്ഞ 19-ാം ഓവറിലെ നാലാം പന്തില്‍ ഹര്‍ദിക്(5 പന്തില്‍ 7) ഡീപ്പില്‍ വിരാടിന്‍റെ ക്യാച്ചിലും പുറത്തായി. 

ഒരുതവണ ലൈഫ് വീണുകിട്ടിയ പൊള്ളാര്‍ഡ് മുതലാക്കിയപ്പോള്‍ അവസാന ഓവറില്‍ മുംബൈ കളിയിലേക്ക് തിരിച്ചെത്തി. ക്രുനാല്‍ മൂന്ന് പന്തില്‍ അത്രതന്നെ റണ്‍സുമായും പൊള്ളാര്‍ഡ് 22 പന്തില്‍ 35 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഹൈദരാബാദിനായി വിജയ് ശങ്കറും മുജീബ് റഹ്‌മാനും രണ്ട് വീതവും ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റും വീഴ്‌ത്തി. 

ടോസ് ജയം രോഹിത്തിന്

ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെര‌ഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളുമായാണ് ഇരു ടീമും ഇറങ്ങിയത്. മുംബൈ പേസര്‍ മാര്‍ക്കോ ജെന്‍സന് പകരം ആദം മില്‍നയെ ഉള്‍പ്പെടുത്തിയപ്പോള്‍ നാല് മാറ്റങ്ങള്‍ വരുത്തി ഹൈദരാബാദ്. 

മുംബൈ ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍, ആദം മില്‍നെ, ജസ്‌പ്രീത് ബുമ്ര, ട്രെന്‍ഡ് ബോള്‍ട്ട്. 

ഹൈദരാബാദ് ഇലവന്‍: ഡേവിഡ് വാര്‍ണര്‍(ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, മനീഷ് പാണ്ഡെ, വിരാട് സിംഗ്, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ്മ, അബ്‌ദുള്‍ സമദ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, മുജീബ് റഹ്‌മാന്‍, ഖലീല്‍ അഹമ്മദ്. 

click me!