മൂന്നാം ജയം, ബാംഗ്ലൂര്‍ അപരാജിത കുതിപ്പ് തുടരുന്നു; കൊല്‍ക്കത്തയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി

By Web Team  |  First Published Apr 18, 2021, 7:32 PM IST

 ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (49 പന്തില്‍ 78), എബി ഡിവില്ലിയേഴ്‌സ് (34 പന്തില്‍ 76) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
 


ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ മൂന്നാം ജയം. ഇന്ന് ചെന്നൈ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 38 റണ്‍സിനായിരുന്നു കോലിപ്പടയുടെ ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (49 പന്തില്‍ 78), എബി ഡിവില്ലിയേഴ്‌സ് (34 പന്തില്‍ 76) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കാനാണ് സാധിച്ചത്. കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ലൈവ് സ്‌കോര്‍.


പ്രതീക്ഷ നല്‍കി ഗില്‍- ത്രിപാഠി- റാണ മടങ്ങി

Latest Videos

undefined

രണ്ടാം ഓവറിന്റെ അഞ്ചാം പന്തിലാണ് കൊല്‍ക്കത്തയ്ക്ക് ഗില്ലിനെ നഷ്ടമാകുന്നത്. ജാമിസണിനെതിരെ ഒരു ഫോറും രണ്ട് സിക്‌സും നേടി ആത്മവിശ്വാസത്തിലായിരുന്നു ഗില്‍. എന്നാല്‍ അതേ ഓവറില്‍ ഒരിക്കല്‍കൂടി വലിയ ഷോട്ടിന് മുതിര്‍ന്നപ്പോള്‍ താരം മിഡ് ഓണില്‍ ഡാന്‍ ക്രിസ്റ്റിയന്റെ കയ്യിലൊതുങ്ങി. ത്രിപാഠി നിലയുറപ്പിച്ചെങ്കിലും സുന്ദറിന്റെ സ്പിന്നിന് മുന്നില്‍ കാലിടറി. സ്വീപ് ഷോട്ടിന് ശ്രമിക്കുന്നതിനിടെ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കുകയായിരുന്നു. ത്രിപാഠി- റാണ സഖ്യം 34 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ത്രിപാഠിക്ക് പിന്നാലെ റാണയും മടങ്ങി. സ്വീപ് ചെയ്ത പന്ത് ദേവ്ദത്ത് പടിക്കലിന്റെ കൈകളില്‍ വിശ്രമിച്ചു. 

മധ്യനിരയും പരാജയം

മധ്യനിരയ്ക്കും കാര്യമായൊന്നും നേടാന്‍ സാധിച്ചില്ല. ഓയിന്‍ മോര്‍ഗന്‍ (29), ദിനേശ് കാര്‍ത്തിക് (2), ഷാക്കിബ് അല്‍ ഹസന്‍ (26), ആന്ദ്രേ റസ്സല്‍ (31), കെയ്ല്‍ ജാമിസണ്‍ (6) എന്നിവരാണ് മധ്യനിരയില്‍ പുറത്തായത്. റസ്സലാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മോര്‍ഗന്‍, റസ്സല്‍ എന്നിവരെ ഹര്‍ഷല്‍ പട്ടേലാണ് മടക്കിയത്. ഷാക്കിബ്, കമ്മിന്‍സ് എന്നിവരെ ജാമിസണ്‍ തിരിച്ചയച്ചു. കാര്‍ത്തിക് ചാഹലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഹര്‍ഭജന്‍ (2), വരുണ്‍ ചക്രവര്‍ത്തി (2) പുറത്താവാതെ നിന്നു. ജാമിസണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

ബാംഗ്ലൂരിന്റെ തകര്‍ച്ചയോടെ

നേരത്തെ, മോശം തുടക്കമായിരുന്നു ബാംഗ്ലൂരിന്. രണ്ട് ഓവറുകള്‍ക്കിടെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. വിരാട് കോലി (5), രജത് പട്യേദര്‍ (1) എന്നിവരാണ് മടങ്ങിയത്. ഒമ്പത് റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. വരുണ്‍ ചക്രവര്‍ത്തിയാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. ക്യാപ്റ്റന്‍ വിരാട് കോലിയാണ് ആദ്യം മടങ്ങിയത്. വരുണിനെ പന്ത് കവറിന് മുകളിലൂടെ കടത്താനുള്ള ശ്രമത്തില്‍ ക്യാപ്റ്റന് പിഴച്ചു. വായുവില്‍ ഉയര്‍ന്ന പന്ത് രാഹുല്‍ ത്രിപാഠി മനോഹരമായ ക്യാച്ചിലൂടെ കയ്യിലൊതുക്കി. അതേ ഓവറിലെ അവസാന പന്തില്‍ പട്യേദാറും മടങ്ങി. ബൗള്‍ഡാവുകയായിരുന്നു താരം.

മാക്‌സി- എബിഡി ഷോ

പിന്നീട് ദേവ്ദത്ത് പടിക്കലിനെ (28 പന്തില്‍ 25) സാക്ഷി നിര്‍ത്തി ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒരുവശത്ത് നിന്ന് അടിത്തുടങ്ങി. ദേവ്ദത്ത് മികച്ച പിന്തുണ നല്‍കിയപ്പോള്‍ കൂട്ടുകെട്ട് 86 റണ്‍സ് വരെ നീണ്ടു. പടിക്കല്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയെങ്കിലും ക്രീസിലെത്തിയ ഡിവില്ലിയേഴ്‌സ് അടിച്ചുകളിച്ചു. ഡിവില്ലിയേഴ്‌സിനൊപ്പം 53 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും മാക്‌സിക്കായി. എന്നാല്‍ കമ്മിന്‍സിന്റെ പന്തില്‍ ഹര്‍ഭജന്‍ സിംഗിന് ക്യാച്ച് നല്‍കി ഓസ്‌ട്രേലിയന്‍ താരം മടങ്ങി. മൂന്ന് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ബാക്കി പൂരം ഡിവില്ലിയേഴ്‌സിന്റെ വകയായിരുന്നു. മാക്‌സിയെ പോലെ മൂന്ന് സിക്‌സും ഒമ്പത് ഫോറും താരം നേടി. ആറാം വിക്കറ്റില്‍ കെയ്ല്‍ ജാമിസണിനൊപ്പം (നാല് പന്തില്‍ പുറത്താവാതെ 11) 56 റണ്‍സും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു. 

മൂന്ന് ഓവര്‍സീസ് താരങ്ങളുമായി ആര്‍സിബി

നേരത്തെ മൂന്ന് ഓവര്‍സീസ് താരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ബാംഗ്ലൂര്‍ ഇറങ്ങിയത്. മാക്സ്വെല്‍, എബി ഡിവില്ലിയേവ്സ്, കെയ്ല്‍ ജാമിസണ്‍ എന്നിവരാണ് ഓവര്‍സീസ് താരങ്ങള്‍. ഡാനിയേല്‍ ക്രിസ്റ്റിയന് പകരമാണ് പട്യേദാര്‍ ടീമിലെത്തിയത്. കൊല്‍ക്കത്ത മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തി.കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനേയും അടുത്ത മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനേയുമാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. കൊല്‍ക്കത്തയ്ക്ക് ഒരു ജയവും തോല്‍വിയുമാണുള്ളത്. ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ച കൊല്‍ക്കത്ത രണ്ടാം മത്സരത്തില്‍ മുബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടു.

click me!