ജയത്തോടെ റണ്‍റേറ്റ് മെച്ചപ്പെടുത്തിയ കൊല്‍ക്കത്ത ഏഴാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. നേരത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രെ റസലും വരുണ്‍ ചക്രവര്‍ത്തിയും ചേര്‍ന്നാണ് ബാംഗ്ലൂരിനെ എറിഞ്ഞിട്ടത്.
അബുദാബി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ(Royal Challengers Bangalore) ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പന് ജയവുമായി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(Kolkata Knight Riders). ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 19 ഓവറില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി. 48 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് വിജയത്തിനരികെ കൊല്‍ക്കത്തക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരന്‍ വെങ്കിടേഷ് അയ്യരും(27 പന്തില്‍ 41) ആന്ദ്രെ റസലും(0) പുറത്താകാതെ നിന്നു.
ജയത്തോടെ റണ്‍റേറ്റ് മെച്ചപ്പെടുത്തിയ കൊല്‍ക്കത്ത ഏഴാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. നേരത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രെ റസലും വരുണ്‍ ചക്രവര്‍ത്തിയും ചേര്‍ന്നാണ് ബാംഗ്ലൂരിനെ എറിഞ്ഞിട്ടത്. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 19 ഓവറില്‍ 92ന് ഓള്‍ ഔട്ട്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 10 ഓവറില്‍ 94-1
undefined
കോലിയുടെ ഭാഗ്യം ടോസില്‍ മാത്രം
രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിനിറങ്ങിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ടോസില്‍ മാത്രമായിരുന്നു ഭാഗ്യം. ബാറ്റിംഗില്‍ തൊട്ടതെല്ലാം പിഴച്ച മത്സരത്തില്‍ ചെറിയ വിജയലക്ഷ്യം പ്രതിരോധിക്കാനിറങ്ങിയപ്പോള്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താനുമായില്ല. തുടക്കക്കാരന്‍റെ പതര്‍ച്ചയൊന്നുമില്ലാതെ ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് സിറാജിനെ രണ്ടുതവണ ബൗണ്ടറി കടത്തിയ വെങ്കിടേഷ് അയ്യര്‍ ലക്ഷ്യം വ്യക്തമാക്കി.
അയ്യരില്‍ നിന്ന് പ്രചോദനും ഉള്‍ക്കൊണ്ട് തകര്‍ത്തടിച്ച ശുഭ്മാന്‍ ഗില്‍(34 പന്തില്‍ സ48) മടങ്ങിയെങ്കിലും വെങ്കിടേഷ് അയ്യരും ആന്ദ്രെ റസലും ചേര്‍ന്ന് കൊല്‍ക്കത്തയുടെ ജയം പൂര്‍ത്തിയാക്കി. അര്‍ധസെഞ്ചുറിക്ക് അരികെ ചാഹലാണ് ഗില്ലിനെ മടക്കിയത്.
നിരാശപ്പെടുത്തി കോലി, പൂജ്യനായി ഡിവില്ലിയേഴ്സ്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഐപിഎല്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിലും ക്യാപ്റ്റന്‍ വിരാട് കോലി നിറം മങ്ങി.കൊല്‍ക്കത്തക്കെതിരായ പോരാട്ടത്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത കോലിയെ രണ്ടാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണ വിക്കറ്റിന് മുന്നില്‍ കുടുക്കി. പ്രസിദ്ധിനെതിരെ മനോഹരമായൊരു കവര്‍ ഡ്രൈവ് ബൗണ്ടറി നേടിയശേഷം അടുത്ത പന്തിലാണ് കോലി വീണത്.
കോലി തുടക്കത്തിലെ മടങ്ങിയശേഷം മലയാളി താരം ദേവ്ദത്ത് പടിക്കലും അരങ്ങേറ്റക്കാരന്‍ ശ്രീകര്‍ ഭരത്തും പവര്‍പ്ലേയില്‍ പിടിച്ചു നിന്നതോടെ ബാംഗ്ലൂര്‍ കരകയറുമെന്ന് തോന്നിച്ചു. എന്നാല്‍ പവര്‍പ്ലേയിലെ അവസാന പന്തില്‍ ആന്ദ്രെ റസല്‍ പടിക്കലിനെ(22) ദിനേശ് കാര്‍ത്തിക്കിന്‍റെ കൈകളിലെത്തിച്ചതോടെ ബാംഗ്ലൂരിന്‍റെ തകര്‍ച്ച തുടങ്ങി. പിന്നാലെ എ ബി ഡിവില്ലിയേഴ്സിനെ(0) നേരിട്ട ആദ്യ പന്തില്‍ മനോഹരമായൊരു യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡാക്കിയ റസല്‍ ബാംഗ്ലൂരിനെ ഞെട്ടിച്ചു.
ബൗളിംഗില്‍ ശരിക്കും ചക്രവര്‍ത്തിയായി വരുണ്‍
റസലിന്‍റെ ഇരട്ടപ്രഹരത്തിന് പിന്നാലെ വരുണ്‍ ചക്രവര്‍ത്തിയുടെ ഊഴമായിരുന്നു. പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ഗ്ലെന്‍ മാക്സ്‌വെല്ലിനെ(10) ക്ലീന്‍ ബൗള്‍ഡാക്കിയ ചക്രവര്‍ത്തി തൊട്ടടുത്ത പന്തില്‍ വനിന്‍ഡു ഹസരങ്കയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഹാട്രിക്കിന് അടുത്തെത്തി. ഹാട്രിക്ക് നഷ്ടമായെങ്കിലും അടുത്ത ഓവറില്‍ സച്ചിന്‍ ബേബിയെയും(7) വീഴ്ത്തി വരുണ്‍ കൊല്‍ക്കത്തയുടെ ബൗളിംഗ് ചക്രവര്‍ത്തിയായി. കെയ്ല്‍ ജയ്മിസണെ(4) ചക്രവര്‍ത്തി റണ്ണൗട്ടാക്കിയപ്പോള്‍ ഹര്‍ഷല്‍ പട്ടേലിനെ(12) ലോക്കി ഫെര്‍ഗൂസന്‍ യോര്‍ക്കറില്‍ മടക്കി.
മാറ്റങ്ങളുമായി ഇരു ടീമും
രണ്ട് താരങ്ങള്‍ ആര്‍സിബിക്കായി ഇന്ന് അരങ്ങേറ്റം നടത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കെ എസ് ഭരതും രണ്ടാംപാതിയിയില്‍ ആര്‍സിബിക്കൊപ്പമെത്തിയ വാനിഡു ഹസരങ്കയും. കൊല്‍ക്കത്ത നിരയില്‍ വെങ്കിടേഷ് അയ്യരും അരങ്ങേറ്റം കുറിച്ചു.
റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍: ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രീകര്‍ ഭരത്, ഗ്ലെന്‍ മാക്സ്വെല്‍, എ ബി ഡിവില്ലിയേഴ്സ് (വിക്കറ്റ് കീപ്പര്‍), വാനിഡു ഹസരങ്ക, സച്ചിന്‍ ബേബി, കെയ്ല്‍ ജാമീസണ്‍, ഹര്‍ഷാല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, ലോക്കി ഫെര്‍ഗൂസണ്‍, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.