ഇത്തവണയും പരിക്കിന്‍റെ കെണിയൊഴിയാതെ ഇഷാന്ത് ശർമ്മ; ആശങ്ക

By Web Team  |  First Published Apr 17, 2021, 6:22 PM IST

കഴിഞ്ഞ സീസണില്‍ പരിക്ക് വലച്ചെങ്കിലും പതിനാലാം സീസണിന് മുമ്പ് ഡല്‍ഹി നിലനിര്‍ത്തിയ താരമാണ് ഇഷാന്ത് ശർമ്മ. 


മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ ഇഷാന്ത് ശർമ്മയെ പരിക്ക് വീണ്ടും വലയ്‌ക്കുന്നു. കാല്‍വേദനയെ തുടർന്ന് ആദ്യ രണ്ട് മത്സരങ്ങളും നഷ്‌ടമായ താരത്തിന് നാളെ പഞ്ചാബ് കിംഗ്‌സിനെതിരെ കളിക്കാനാകുമോയെന്നും ഉറപ്പില്ല. ഇഷാന്തിന്‍റെ ഉപ്പൂറ്റിയ്‌ക്കാണ് പരിക്ക് എന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിംഗ് വ്യക്തമാക്കി. 

കഴിഞ്ഞ സീസണില്‍ പരിക്ക് വലച്ചെങ്കിലും ഡല്‍ഹി ഇക്കുറി ഇഷാന്ത് ശർമ്മയെ നിലനിര്‍ത്തുകയായിരുന്നു. ഇഷാന്തിന് പകരം മധ്യപ്രദേശിന്‍റെ ഇരുപത്തിനാലുകാരനായ താരം ആവേശ് ഖാനാണ് ഡല്‍ഹിക്കായി കഴിഞ്ഞ മത്സരങ്ങളില്‍ കളിച്ചത്. രണ്ട് മത്സരങ്ങളില്‍ നിന്നായി ആവേശ് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ആവേശിന്‍റെ പ്രകടനത്തില്‍ പോണ്ടിംഗ് സംതൃപ്‌തനാണ്. 

Latest Videos

undefined

ആര്‍സിബിക്ക് ആശ്വാസ വാര്‍ത്ത; ഓള്‍റൗണ്ടര്‍ കൊവിഡ് മുക്തനായി

യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്ലില്‍ പരിക്കിനെ തുടര്‍ന്ന് ഒരു മത്സരം മാത്രമാണ് ഇഷാന്തിന് കളിക്കാനായത്. ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം പിന്നാലെ നഷ്‌ടമായി. എന്നാല്‍ പരിക്കില്‍ നിന്ന് മോചിതനായ ശേഷം സയ്യിദ് മുഷ്‌താഖ് അലി ടി20 ട്രോഫിയിലൂടെ തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും കളിക്കാനായി. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ അടുത്ത പരിക്ക് പിടികൂടുകയായിരുന്നു. 

ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ രണ്ട് മത്സരങ്ങളില്‍ ഒരു ജയവുമായി നാലാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ്. നാളെ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നേരിടും. ഏഴാം സ്ഥാനക്കാരാണ് പഞ്ചാബ്. വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതലാണ് മത്സരം. 

'ബൈ ബെന്‍'; ബെന്‍ സ്റ്റോക്‌‌സിനെ നാട്ടിലേക്ക് യാത്രയാക്കി രാജസ്ഥാന്‍

 

click me!