ഐപിഎല്‍ രണ്ടാംഘട്ടത്തിന് ത്രില്ലര്‍ തുടക്കം; 'എല്‍ ക്ലാസിക്കോ'യില്‍ മുംബൈയെ പൊട്ടിച്ച് ചെന്നൈ

By Web Team  |  First Published Sep 19, 2021, 11:24 PM IST

ചെന്നൈക്ക് സംഭവിച്ച ബാറ്റിംഗ് ദുരന്തം ആവര്‍ത്തിക്കുകയായിരുന്നു മറുപടി ബാറ്റിംഗില്‍ മുംബൈ


ദുബൈ: ബാറ്റിംഗിലെ തിരിച്ചുവരവ് ബൗളിംഗിലും ആവര്‍ത്തിച്ചപ്പോള്‍ ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തില്‍ ആദ്യ മത്സരം കെങ്കേമമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ 20 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. ചെന്നൈ മുന്നോട്ടുവെച്ച 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ സൗരഭ് തിവാരിയുടെ പോരാട്ടം പാഴായി. 

നേരത്തെ റുതുരാജ് ഗെയ്‌‌ക്‌വാദിന്‍റെ മിന്നും അര്‍ധ സെഞ്ചുറിയിലാണ്(88*) ചെന്നൈ മാന്യമായ സ്‌കോര്‍ എഴുതിച്ചേര്‍ത്തത്. 

Latest Videos

undefined

ദുരന്തം ആവര്‍ത്തനം

നേരത്തെ ചെന്നൈക്ക് സംഭവിച്ച ബാറ്റിംഗ് ദുരന്തം ആവര്‍ത്തിക്കുകയായിരുന്നു മറുപടി ബാറ്റിംഗില്‍ മുംബൈ. 9.2 ഓവറില്‍ 58 റണ്‍സിന് നാല് മുന്‍നിര വിക്കറ്റുകളും വീണു. ഓപ്പണര്‍മാരായ ക്വിന്‍റണ്‍ ഡികോക്കിനെയും(12 പന്തില്‍ 17), അന്‍മോല്‍പ്രീത് സിംഗിനെയും(14 പന്തില്‍ 16) ദീപക് പുറത്താക്കി. മൂന്നാമന്‍ സൂര്യകുമാറിന്‍റെ പോരാട്ടം ഠാക്കൂറിന് മുന്നില്‍ മൂന്നില്‍ ഒതുങ്ങി. വൈകാതെ ബ്രാവോയ്‌ക്ക് മുന്നില്‍ ഇഷാന്‍ കിഷനും(10 പന്തില്‍ 11) ബാറ്റിംഗ് പിഴച്ചു. 

അഞ്ചാം വിക്കറ്റില്‍ സൗരവ് തിവാരിക്കൊപ്പം നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ചേര്‍ന്നതോടെ മുംബൈക്ക് ചെറു പ്രതീക്ഷയായി. എന്നാല്‍ ഹേസല്‍വുഡ് ഈ കൂട്ടുകെട്ട് പൊളിച്ചതോടെ കളി മാറി. ക്രുനാല്‍ പാണ്ഡ്യയെ(5 പന്തില്‍ 4) ബ്രാവോ-ധോണി സഖ്യം റണ്ണൗട്ടാക്കിയതോടെ മുംബൈ പ്രതിരോധത്തിലേക്ക് വീണു. സൗരവ് തിവാരിയും ആദം മില്‍നെയും പൊരുതി നോക്കിയെങ്കിലും പോരാട്ടം തികയാതെ വന്നു. ബ്രാവോ അവസാന ഓവറില്‍ ആദം മില്‍നെയേയും(15), രാഹുല്‍ ചഹാറിനെയും(0) പുറത്താക്കി. 

തിവാരിക്കൊപ്പം(50*), ബുമ്ര(1*) പുറത്താകാതെ നിന്നു. ചെന്നൈക്കായി ബ്രാവോ മൂന്നും ദീപക് രണ്ടും ഹേസല്‍വുഡും ഠാക്കൂറും ഓരോ വിക്കറ്റും നേടി.  

മൂക്കുംകുത്തി മുന്‍നിര  

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 156 റണ്‍സെടുത്തു. ബോള്‍ട്ട്-മില്‍നെ സഖ്യത്തിന് മുന്നില്‍മുട്ടിടിച്ച് പവര്‍പ്ലേയില്‍ 24-4 എന്ന നിലയിലായിരുന്ന ചെന്നൈയെ റുതുരാജ്-ജഡേജ കൂട്ടുകെട്ടിന്‍റെ പോരാട്ടവും ബ്രാവോയുടെ ഫിനിഷിംഗുമാണ് രക്ഷിച്ചത്. ഫാഫ് ഡുപ്ലസിസ്(0), മൊയീന്‍ അലി(0), അമ്പാട്ടി റായുഡു(0-റിട്ടയര്‍ഡ് ഹര്‍ട്ട്), സുരേഷ് റെയ്‌ന(4), എം എസ് ധോണി(3) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. നാല് വിക്കറ്റും ബോള്‍ട്ടും മില്‍നെയും പങ്കിട്ടെടുത്തു. 

മുഖം രക്ഷിച്ച് ഗെയ്‌ക്‌വാദ്, ജഡേജ, ബ്രാവോ

എന്നാല്‍ കനത്ത സമ്മര്‍ദത്തിനിടയിലും ഒരറ്റത്ത് നിലയുറപ്പിച്ച ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ് കൊടുങ്കാറ്റായി. രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ചെന്നൈയെ വന്‍വീഴ്‌ചയില്‍ നിന്ന് താരം കയകയറ്റി. ഗെയ്‌ക്‌വാദ് 41 പന്തില്‍ അമ്പത് തികച്ചതിന് പിന്നാലെ ബൗണ്ടറികളും സിക്‌സറുകളുമായി കളംനിറഞ്ഞു. 33 പന്തില്‍ 26 റണ്‍സെടുത്ത ജഡേജയെ 17-ാം ഓവറില്‍ ബുമ്ര പറഞ്ഞയച്ചുവെങ്കിലും 81 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ട് ഇരുവരും ചേര്‍ത്തിരുന്നു. 

അവസാന ഓവറുകളില്‍ ബ്രാവോ മിന്നലായപ്പോള്‍ ചെന്നൈ പുഞ്ചിരിച്ചു. എട്ട് പന്തില്‍ മൂന്ന് സിക്‌സ് സഹിതം 23 റണ്‍സുമായി ബ്രാവോ, ബുമ്രയുടെ അവസാന ഓവറിലാണ് പുറത്തായത്. ഗെയ്‌ക്‌വാദ് 58 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും ഉള്‍പ്പടെ 88 റണ്‍സും ഠാക്കൂര്‍ ഒരു പന്തില്‍ 1 റണ്‍സുമായി പുറത്താകാതെ നിന്നു. ബോള്‍ട്ടും മില്‍നെയും ബുമ്രയും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍
എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
#BreakTheChain #ANCares #IndiaFightsCorona 

click me!