മുംബൈയുടെ വമ്പൊടിച്ച് പത്തരമാറ്റ് ജയവുമായി ഹൈദരാബാദ് പ്ലേ ഓഫില്‍; കൊല്‍ക്കത്ത പുറത്ത്

By Web Team  |  First Published Nov 3, 2020, 11:04 PM IST

ഹൈദരാബാദ് ജയിച്ചതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. റണ്‍റേറ്റില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയ ഹൈദരാബാദ് ആദ്യ എലിമിനേറ്ററില്‍ ബാംഗ്ലൂരിനെ നേരിടും.


ഷാര്‍ജ: ഐപിഎല്ലില്‍ പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരെ കണ്ടെത്താനുള്ള വിധിനിര്‍ണായക പോരില്‍  മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ ജയവുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമായി. മുംബൈ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഹൈദരാബാദ് അനായാസം മറികടന്നു.

വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി വൃദ്ധിമാന്‍ സാഹയും(45 പന്തില്‍ 58*) ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുമാണ്(58 പന്തില്‍ 85*) ഹൈദരാബാദിന് അനായാസ ജയമൊരുക്കിയത്. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 149/8, സണ്‍റൈസേഴ്സ് ഹൈദരാബാദ് 17.1 ഓവറില്‍ 151/0. ഹൈദരാബാദ് ജയിച്ചതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. റണ്‍റേറ്റില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയ ഹൈദരാബാദ് ആദ്യ എലിമിനേറ്ററില്‍ ബാംഗ്ലൂരിനെ നേരിടും.

Latest Videos

undefined

തുടക്കംമുതല്‍ എല്ലാം ഹൈദരാബാദിന്‍റെ വഴിയെ

നിര്‍ണായക ടോസിലെ ഭാഗ്യമുതല്‍ തുടക്കം മുതല്‍ എല്ലാം ഹൈദരാബാദിന്‍റെ വഴിക്കായിരുന്നു. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത് ജയിച്ച ഷാര്‍ജയില്‍ ടോസ്  ലഭിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഡേവിഡ് വാര്‍ണര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍റെ തീരുമാനം ശരിവെച്ച്  മുംബൈയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയെ 149 റണ്‍സില്‍ ഹൈദരാബാദ് ബൗളര്‍മാര്‍ പിടിച്ചുകെട്ടി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് ശര്‍മയും രണ്ട് വിക്കറ്റ് വീതമെടുത്ത ഷഹബാദ് നദീമും ജേസണ്‍ ഹോള്‍ഡറുമാണ് മുംബൈക്ക് വമ്പന്‍ സ്കോര്‍ നിഷേധിച്ചത്. അവസാന ഓവറുകളിലെ പൊള്ളാര്‍ഡിന്‍റെ മിന്നലടികളാണ് മുംബൈക്ക് മാന്യമായ സ്കോര്‍ ഉറപ്പാക്കിയത്.

മഞ്ഞുവീഴ്ച്ചയില്‍ റണ്‍വേട്ട

രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് കനത്ത മഞ്ഞു വീഴ്ച പ്രശ്നമാകുമെന്ന വിലയരുത്തല്‍ ശരിവെക്കുന്നതായിരുന്നു മുംബൈയുടെ ബൗളിംഗ്. ബോള്‍ട്ടും ബുമ്രയുമില്ലാതെ മുനപോയ മുംബൈ ബൗളിംഗ് നിരയെ ആത്മവിശ്വാസത്തോടെ നേരിട്ട വാര്‍ണറും സ്വാഹയും എതിരാളികള്‍ക്ക് യാതൊരു പഴുതും നല്‍കാതെ അടിച്ചു തകര്‍ത്തു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സടിച്ച് വാര്‍ണറും സാഹയും വിജയത്തിന് അടിത്തറയിട്ടു.

രാഹുല്‍ ചാഹറിനെ സിക്സിന് പറത്തി 35 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വാര്‍ണര്‍ പന്ത്രണ്ടാം ഓവറില്‍ ടീം സ്കോര്‍ 100 കടത്തി. 34 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ സാഹ കഴിഞ്ഞ മത്സരങ്ങളിലെ മിന്നുന്ന ഫോം തുടര്‍ന്നപ്പോള്‍ ഹൈദരാബാദിന് കാര്യങ്ങള്‍ എളുപ്പമായി. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയപ്പോഴെ വിജയമുറപ്പിച്ച ഹൈദരാബാദിന് പിന്നീടെല്ലാം വെറും ചടങ്ങുകള്‍ മാത്രമായി. ബോള്‍ട്ടും ബുമ്രയുമില്ലാത്ത മുംബൈ നിരയില്‍ ബൗളര്‍മാര്‍ക്കാര്‍ക്കും മികവിലേക്ക് ഉയരാനായില്ല. പ്ലേ ഓഫിലെത്തിയ ബാംഗ്ലൂരിനെയും ഡല്‍ഹിയെയും മുംബൈയെയും തുടര്‍ച്ചയായ മത്സരങ്ങളില്‍ തോല്‍പ്പിച്ചാണ് ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചത്.

click me!