പടിക്കലും ഡിവില്ലിയേഴ്സും തിളങ്ങി; ബാംഗ്ലൂരിനെതിരെ ഹൈദരാബാദിന് 164 റണ്‍സ് വിജയലക്ഷ്യം

By Web Team  |  First Published Sep 21, 2020, 9:24 PM IST

ഐപിഎല്ലില്‍ അരങ്ങേറ്റംകുറിച്ച മലയാളി താരം ദേവ്‌ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍. 42 പന്തില്‍ 56 റണ്‍സെടുത്ത പടിക്കലും 27 പന്തില്‍ 29 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ബാംഗ്ലൂരിന് മികച്ച തുടക്കമിട്ടു.


ദുബായ്: ഐപിഎല്ലില്‍ മലയാളിതാരം ദേവ്‌ദത്ത് പടിക്കലിന്റെയും എ ബി ഡിവില്ലിയേഴ്സിന്റെയും ബാറ്റിംഗ് കരുത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് മികച്ച സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു.

ഐപിഎല്ലില്‍ അരങ്ങേറ്റംകുറിച്ച മലയാളി താരം ദേവ്‌ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍. 42 പന്തില്‍ 56 റണ്‍സെടുത്ത പടിക്കലും 27 പന്തില്‍ 29 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ബാംഗ്ലൂരിന് മികച്ച തുടക്കമിട്ടു. പടിക്കലായിരുന്നു ബാംഗ്ലൂര്‍ ആക്രമണത്തിന്റെ ചുക്കാന്‍ പിടിച്ചത്.

Latest Videos

undefined

രണ്ടാം ഓവറില്‍ സന്ദീപ് ശര്‍മയെ ബൗണ്ടറിയടിച്ച് തുടങ്ങിയ പടിക്കല്‍ നാലാം ഓവറില്‍ ടി നടരാജനെ മൂന്ന് ബൗണ്ടറിയടിച്ച് വരവറിയിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ പടിക്കലും ഫിഞ്ചും ചേര്‍ന്ന് 11 ഓവറില്‍ 90 റണ്‍സടിച്ചു. പടിക്കലിനെ വീഴ്ത്തി വിജയ് ശങ്കര്‍ ഹൈദരാബാദിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. തൊട്ടു പിന്നാലെ അഭിഷേക് ശര്‍മ ഫിഞ്ചിനെ(29) വീഴ്ത്തി.

ക്യാപ്റ്റന്‍ വിരാട് കോലിയും എ ബി ഡിവില്ലിയേഴ്സും ചേര്‍ന്ന് സ്കോര്‍ 100 കടത്തി. എന്നാല്‍ നടരാജനെ സിക്സറിന് പറത്താനുള്ള കോലിയുടെ ശ്രമം ബൗണ്ടറിയില്‍ റാഷിദ് ഖാന്റെ കൈകളില്‍ അവസാനിച്ചു. 13 പന്തില്‍ 14 റണ്‍സായിരുന്നു കോലിയുടെ നേട്ടം. കോലി പുറത്തായശേഷം തകര്‍ത്തടിച്ച ഡിവില്ലിയേഴ്സ് സന്ദീപ് ശര്‍മയെ ഒരോവറില്‍ രണ്ട് സിക്സറിന് പറത്തി സ്കോര്‍ 150 കടത്തി.

30 പന്തില്‍ നാല് ഫോറും രണ്ട് സിക്സറും പറത്തിയ ഡിവില്ലിയേഴ്സ് അവസാന ഓവറില്‍ റണ്ണൗട്ടായി. ഏഴ് റണ്‍സെടുത്ത ശിവം ദുബെ  അവസാന പന്തില്‍ റണ്ണൗട്ടായപ്പോള്‍ ഒരു റണ്‍സെടുത്ത ജോഷ് ഫിലിപ്പ് പുറത്താകാതെ നിന്നു. ഹൈദരാബാദിനായി നടരാജനും വിജയ് ശങ്കറും അഭിഷേക് ശര്‍മയും ഓരോ വിക്കറ്റെടുത്തു.

click me!