യശസ്വി ജയ്‌സ്വാള്‍ (0), സ്റ്റീവന്‍ സ്മിത്ത് (6), സഞ്ജു സാംസണ്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.
അബുദാബി: മുംബൈ ഇന്ത്യന്‍സിനെതിരെ 193 റണ്‍സ് പിന്തുടരുന്ന രാജസ്ഥാന്റെ റോയല്‍സിന്റെ തുടക്കം തകര്‍ച്ചയോടെ. അബുദാബി ഷെയ്ഖ് സയ്യിദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ 7 ഓവറില്‍ മൂന്നിന് 35 എന്ന നിലയിലാണ്. യശസ്വി ജയ്‌സ്വാള്‍ (0), സ്റ്റീവന്‍ സ്മിത്ത് (6), സഞ്ജു സാംസണ്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. ജോസ് ബ്ടലര്‍ (19), മഹിപാല്‍ ലോംറോര്‍ (10) എന്നിവരാണ് ക്രീസില്‍. ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബൂമ്രയ്്ക്കാണ് ഒരു വിക്കറ്റ്.
നേരിട്ട രണ്ടാം പന്തില്‍ ജയ്‌സ്വാള്‍ മടങ്ങി. ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കുകയായിരുന്നു ജയ്‌സ്വാള്‍. തൊട്ടടുത്ത ഓവറില്‍ ക്യാപ്റ്റന്‍ സ്മിത്തും മടങ്ങി. ഒരു ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും ബൂമ്രയുടെ പന്തില്‍ ഡി കോക്ക് അതിമനോഹരമായി പിടിച്ചെടുത്തു. സഞ്ജുവാകട്ടെ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. പിടിച്ചനില്‍ക്കേണ്ടതിന് പകരം ബോള്‍ട്ടിന്റെ പന്തിന്‍ പുള്‍ ഷോട്ടിന് മുതിര്‍ന്നപ്പോള്‍ പുറത്താവുകയായിരുന്നു. മിഡ് ഓഫില്‍ രോഹിത് ശര്‍മയ്ക്കായിരുന്നു ക്യാച്ച്.
നേരത്തെ സൂര്യകുമാര്‍ യാദവിന്റെ (47 പന്തില്‍ പുറത്താവാതെ 79) ഇന്നിങ്‌സാണ് മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് ശര്‍മ (23 പന്തില്‍ 35), ഹാര്‍ദിക് പാണ്ഡ്യ (19 പന്തില്‍ 30), ക്വിന്റണ്‍ ഡി കോക്ക് (15 പന്തില്‍ 23) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. രാജസ്ഥാന് വേണ്ടി ശ്രേയസ് ഗോപാല്‍ രണ്ട് വിക്കറ്റെടുത്തു. ജോഫ്ര ആര്‍ച്ചര്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.