ഐപിഎല്ലില്‍ ആരും നേരിടാന്‍ ആഗ്രഹിക്കാത്ത ടീം ഏതെന്ന് വെളിപ്പെടുത്തി ഷെയ്ന്‍ ബോണ്ട്

By Web Team  |  First Published Nov 4, 2020, 9:39 PM IST

മുംബൈക്കെതിരായ പോരാട്ടം അവര്‍ക്ക് ഏറെ നാശമുണ്ടാക്കും. കടുത്തമത്സരങ്ങള്‍ പോലും ഞങ്ങള്‍ ജയിച്ചിട്ടുണ്ട്. അത് മറ്റ് ടീമുകളുടെ സമീപനത്തില്‍ തന്നെ വലിയ വ്യത്യാസമുണ്ടാക്കുമെന്നും ബോണ്ട്


ദുബായ്: ഐപിഎല്ലില്‍ ആധികാരികമായി പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ് മുംബൈ ഇന്ത്യന്‍സ്. പ്ലേ ഓഫിലെത്താന്‍ മറ്റ് ടീമുകളെല്ലാം അവസാന മത്സരം വരെ കാത്തിരുന്നപ്പോള്‍ അതിനുമുമ്പെ പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ച് മുംബൈ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ലീഗ് ഘട്ടം അവസാനിപ്പിച്ചത്.

ആദ്യ ക്വാളിഫയറില്‍ വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനിരിക്കെ ഈ ഐപിഎല്ലില്‍ ഒരു ടീമും നേരിടാന്‍ ആഗ്രഹിക്കാത്ത ടീം ഏതെന്ന് വെളിപ്പെടുത്തുകയാണ് മുംബൈയുടെ ബൗളിംഗ് പരിശീലകനായ ഷെയ്ന്‍ ബോണ്ട്. മറ്റാരുമല്ല, മുംബൈ ഇന്ത്യന്‍സ് തന്നെ. ട്രെന്‍റ് ബോള്‍ട്ടും ജസ്പ്രീത് ബുമ്രയും അടങ്ങുന്ന മുംബൈയുടെ ബൗളിംഗ് നിര ടൂര്‍ണമെന്‍റിലെ മറ്റേത് ടീമിനേക്കാളും മികവുറ്റതാണെന്ന് ബോണ്ട് പറഞ്ഞു.

Latest Videos

undefined

അതുകൊണ്ടുതന്നെ മറ്റേത് ടീമും മുംബൈക്കെതിരെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം മുംബൈക്കെതിരായ പോരാട്ടം അവര്‍ക്ക് ഏറെ നാശമുണ്ടാക്കും. കടുത്തമത്സരങ്ങള്‍ പോലും ഞങ്ങള്‍ ജയിച്ചിട്ടുണ്ട്. അത് മറ്റ് ടീമുകളുടെ സമീപനത്തില്‍ തന്നെ വലിയ വ്യത്യാസമുണ്ടാക്കുമെന്നും ബോണ്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഐപിഎല്ലില്‍ മുംബൈക്കായി 23 വിക്കറ്റ് വീഴ്ത്തിയ ബുമ്ര വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ കാഗിസോ റബാദക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. 20 വിക്കറ്റെടുത്തിട്ടുള്ള ട്രെന്‍റ് ബോള്‍ട്ടാകട്ടെ വിക്കറ്റ് വേട്ടയില്‍ അഞ്ചാമതുണ്ട്. ഇരുവരും കളിക്കാതിരുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഒറ്റ വിക്കറ്റ് പോലും വീഴ്ത്താന്‍ മുംബൈ ബൗളര്‍മാര്‍ക്കായിരുന്നില്ല.

മത്സരഫലം വലിയ സ്വാധീനം ചെലുത്തില്ലെന്ന തിരിച്ചറിവിലാണ് ഹൈദരാബാദിനെതിരെ ബോള്‍ട്ടിനും ബുമ്രക്കും വിശ്രമം അനുവദിച്ചതെന്ന് ബോണ്ട് പറഞ്ഞു. ഇരുവരും വിശ്രമം നല്ലപോലെ ആസ്വദിച്ചു കാണുമെന്നാണ് കരുതുന്നതെന്നും ബൗളിംഗ് നിരയിലെ എല്ലാവര്‍ക്കും അവസരമൊരുക്കാന്‍ കഴിഞ്ഞ ടീമാണ് മുംബൈയുടെതെന്നും ബോണ്ട് വ്യക്തമാക്കി.

click me!