പവര്‍ പടിക്കല്‍, ബൂം ബൂം ബുമ്ര; മുംബൈക്കെതിരെ ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോര്‍

By Web Team  |  First Published Oct 28, 2020, 9:13 PM IST

 45 പന്തില്‍ 74 റണ്‍സടിച്ച പടിക്കലാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ഓപ്പണര്‍ ജോഷെ ഫിലിപ്പ് 24 പന്തില്‍ 33 റണ്‍സടിച്ചപ്പോള്‍ ബാംഗ്ലൂര്‍ നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല.


അബുദാബി: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള വമ്പന്‍മാരുടെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് 165 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 45 പന്തില്‍ 74 റണ്‍സടിച്ച പടിക്കലാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ഓപ്പണര്‍ ജോഷെ ഫിലിപ്പ് 24 പന്തില്‍ 33 റണ്‍സടിച്ചപ്പോള്‍ ബാംഗ്ലൂര്‍ നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. മുംബൈക്കായി നാലോവറില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് ബൗളിംഗില്‍ തിളങ്ങിയത്.  

പവറോടെ പടിക്കല്‍,

Latest Videos

undefined

ബോള്‍ട്ടും ബുമ്രയും എറിഞ്ഞ ആദ്യ രണ്ടോവര്‍ കരുതലോടെ നേരിട്ട ബാംഗ്ലൂര്‍ ഓപ്പണര്‍മാരായ ദേവ്‌ദത്ത് പടിക്കലും ജോഷെ ഫിലിപ്പും 10 റണ്‍സ് മാത്രമാണെടുത്തത്. എന്നാല്‍ മൂന്നാം ഓവറില്‍ ക്രുനാല്‍ പാണ്ഡ്യയെ പന്തേല്‍പ്പിച്ച മുംബൈ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിന് പിഴച്ചു. ആ ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം 12 റണ്‍സാണ് പടിക്കലും ഫിലിപ്പും ചേര്‍ന്ന് അടിച്ചെടുത്തത്.

പാറ്റിന്‍സണ്‍ എറിഞ്ഞ നാലാം ഓവറിലും രണ്ട് ബൗണ്ടറിയടക്കം ബാംഗ്ലൂര്‍ 10 റണ്‍സടിച്ചു. അഞ്ചാം ഓവരില്‍ ബോള്‍ട്ടിനെ സിക്സിന് പറത്തിയ ഫിലിപ്പ് ബാംഗ്ലൂരിനെ ടോപ് ഗിയറിലാക്കി. പവര്‍പ്ലേയിലെ അവസാന ഓവറില്‍ പാറ്റിന്‍സണെതിരെ 12 റണ്‍സടിച്ച് പടിക്കലും ഫിലിപ്പും ചേര്‍ന്ന് ബാംഗ്ലൂരിനെ പവര്‍ പ്ലേയില്‍ 54 റണ്‍സിലെത്തിച്ചു.

പവര്‍ പ്ലേക്ക് പിന്നാലെ എട്ടാം ഓവറില്‍ ഫിലിപ്പിനെ വീഴ്ത്തി രാഹുല്‍ ചാഹര്‍ മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. 24 പന്തില്‍ 33 റണ്‍സെടുത്ത ഫിലിപ്പിനെ ഡീ കോക്ക് മിന്നല്‍ സ്റ്റംപിംഗിലൂടെ വീഴ്ത്തി. ഫിലിപ്പെ വീണശേഷവും ഒരറ്റത്ത് അടി തുടര്‍ന്ന പടിക്കല്‍ ബാംഗ്ലൂരിന്‍റെ സ്കോറിംഗ് നിരക്ക് താഴാതെ കാത്തു. 30 പന്തില്‍ പടിക്കല്‍ സീസണിലെ നാലാം അര്‍ധ സെഞ്ചുറിയിലെത്തി. 10 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പടിക്കലിന്‍റെ അര്‍ധസെഞ്ചുറി.

തട്ടിയും മുട്ടിയും കോലി

പതിവുഫോമിലേക്ക് ഉയരാനോ ടൈമിംഗ് കണ്ടെത്താനോ കഴിയാതിരുന്ന ക്യാപ്റ്റന്‍ വിരാട് കോലി സ്പിന്നര്‍മാര്‍ക്കെതിരെ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയത് ബാംഗ്ലൂരിന് തിരിച്ചടിയായി. കോലിക്കെതിരെ കാത്തുവെച്ച വജ്രായുധമായ ബുമ്രയെ പൊള്ളാര്‍ഡ് പന്ത്രണ്ടാം ഓവറില്‍ പൊള്ളാര്‍ഡ് കളത്തിലിറക്കി.

സ്പിന്നര്‍മാര്‍ക്കെതിരെ അടിച്ചുതകര്‍ക്കാന്‍ കഴിയാത്തതിന്‍റെ ക്ഷീണം ബുമ്രക്കെതിരെ തീര്‍ക്കാന്‍ നോക്കിയ കോലിക്ക് പിഴച്ചു. ബുമ്രയുടെ ഷോട്ട് ബോളില്‍ കോലി സൗരഭ് തിവാരിയുടെ കൈകളിലൊതുങ്ങി. 14 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമായിരുന്നു കോലിയുടെ സമ്പാദ്യം. കോലിയെ വീഴ്ത്തിയതോടെ ഐപിഎല്ലില്‍ 100 വിക്കറ്റ് നേട്ടവും ബുമ്ര സ്വന്തമാക്കി.

ഡിവില്ലിയേഴ്സിനെ മടക്കി പൊള്ളാര്‍ഡിന്‍റെ ഇരുട്ടടി

കോലി വീണപ്പോഴും ഡിവില്ലിയേഴ്സിലായിരുന്നു ബാംഗ്ലൂരിന്‍റെ ബാറ്റിംഗ് പ്രതീക്ഷ. എന്നാല്‍ പതിനാറാം ഓവറില്‍ ഡിവില്ലിയേഴ്സ് ടോപ് ഗിയറിലേക്ക് കളി മാറ്റാന്‍ തുടങ്ങിയപ്പോള്‍ തന്നെ മടക്കി മുംബൈ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് വമ്പന്‍ സ്കോറെന്ന ബാംഗ്ലൂരിന്‍റെ പ്രതീക്ഷ തകര്‍ത്തു. 12 പന്തില്‍ ഒരു സിക്സും ഒരു ഫോറും അടക്കം 15 റണ്‍സായിരുന്നു ഡിവില്ലിയേഴ്സ് നേടിയത്.

ബൂം ബൂം ബൂമ്രയുടെ ഇരട്ടപ്രഹരം

പതിനേഴാം ഓവറില്‍ ശിവം ദുബെയെയും(2) ബാംഗ്ലൂരിന്‍റെ ടോപ് സ്കോററായ ദേവ്‌ദത്ത് പടിക്കലിനെയും(45 പന്തില്‍ 74) മടക്കി ബുമ്ര ഏല്‍പ്പിച്ച ഇരട്ടപ്രഹരം ബാംഗ്ലൂരിന് കനത്ത തിരിച്ചടിയായി. ആ ഓവറില്‍ ബുമ്ര റണ്‍സ് വഴങ്ങിയതുമില്ല. വാലറ്റത്ത് അടിച്ചു തകര്‍ക്കാറുള്ള ക്രിസ് മോറിസിനെ(4) ബോള്‍ട്ടും മടക്കിയതോടെ ബാംഗ്ലൂര്‍ സ്കോര്‍ റണ്‍സിലൊതുങ്ങി.

click me!