ഷാര്‍ജയില്‍ പഞ്ചാബിന്‍റെ ബാറ്റിംഗ് വെടിക്കെട്ട്; മായങ്കിനും രാഹുലിനും ഫിഫ്‌റ്റി, വമ്പന്‍ സ്‌കോറിലേക്ക്

By Web Team  |  First Published Sep 27, 2020, 8:28 PM IST

സ്‌മിത്തിന്‍റെ തീരുമാനം തെറ്റെന്ന് തുടക്കത്തിലെ കാട്ടുകയായിരുന്നു മായങ്കും രാഹുലും. ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത ഇരുവരും പിന്നീട് ആളിക്കത്തുകയായിരുന്നു. 


ഷാർജ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മികച്ച സ്‌കോര്‍ ലക്ഷ്യമാക്കി കിംഗ്സ് ഇലവൻ പഞ്ചാബ്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലും അര്‍ധ സെഞ്ചുറി തികച്ചു. 26 പന്തില്‍ നിന്ന് അഞ്ച് സിക്‌സ് സഹിതമായിരുന്നു മായങ്ക് ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. രാഹുല്‍ 35 പന്തിലും അമ്പത് തികച്ചു. 12 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ 138 റണ്‍സെടുത്തിട്ടുണ്ട് കിംഗ്‌സ് ഇലവന്‍. മായങ്ക് 81 റണ്‍സുമായും രാഹുല്‍ 50 റണ്‍സുമായാണ് ക്രീസില്‍. 

ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകന്‍ സ്റ്റീവ് സ്‌മിത്ത് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌മിത്തിന്‍റെ തീരുമാനം തെറ്റെന്ന് തുടക്കത്തിലെ കാട്ടുകയായിരുന്നു പഞ്ചാബിന്‍റെ മായങ്കും രാഹുലും. ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത ഇരുവരും പിന്നീട് ആളിക്കത്തുകയായിരുന്നു. തന്‍റെ ആദ്യ ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ വരെ അടിവാങ്ങി. പവര്‍പ്ലേയില്‍ 60-0 എന്ന സ്‌കോറിലെത്തി പഞ്ചാബ്. ഈ ഐപിഎല്ലിലെ ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണിത്. 

Latest Videos

undefined

രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങിയത്. രാജസ്ഥാന്‍ നിരയില്‍ ഇംഗ്ലീഷ് സ്റ്റാര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്ട്‌ലറുടെ തിരിച്ചുവരവാണ് ശ്രദ്ധേയം. ഡേവിഡ് മില്ലറാണ് ബട്ട്‌ലര്‍ക്ക് വഴിമാറിയത്. അങ്കിത് രജ്‌പുതാണ് ഇലവനിലെത്തിയ മറ്റൊരു താരം. അതേസമയം പഞ്ചാബ് ഇന്നും ക്രിസ് ഗെയ്‌ലിന് അവസരം നല്‍കിയിട്ടില്ല. ഫോമിലല്ലെങ്കിലും നിക്കോളാസ് പുരാനെ നിലനിര്‍ത്തി. 
 

click me!