ഈ സീസണ്‍ അവസാനിക്കാറായെങ്കിലും അടുത്ത സീസണില്‍ ധോണിക്ക് സ്വതസ്വിദ്ധമായ ശൈലിയിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് സംഗക്കാര പറയുന്നത്.
ദുബായ്: ഏറെ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ആരാധകര്‍ ധോണിയുടെ തിരിച്ചുവരവിനായി കാത്തിരുന്നത്. എന്നാല്‍ ഐപിഎല്ലില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ധോണിയുടേത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഒരു മത്സരം മാത്രം ബാക്കിയുള്ളപ്പോള്‍ ആരാധകരുടെയോ ടീമിന്റെയോ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ധോണിക്ക് സാധിച്ചില്ല.
ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് പന്തുകള്‍ നേരിട്ട മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒരു റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ധോണിയുടെ ഫോമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ കുമാര്‍ സംഗക്കാര. ഈ സീസണ്‍ അവസാനിക്കാറായെങ്കിലും അടുത്ത സീസണില്‍ ധോണിക്ക് സ്വതസ്വിദ്ധമായ ശൈലിയിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് സംഗക്കാര പറയുന്നത്.
undefined
അതിന് ഒരുപദേശവും അദ്ദേഹം നല്‍കുന്നുണ്ട്്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും മറ്റു ടൂര്‍ണമെന്റുകളില്‍ ധോണി കളിക്കണമെന്നാണ് സംഗക്കാര പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍. ''ഏതൊരു താരത്തിനും കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവും. ഈ സീസണില്‍ ധോണിക്ക് സംഭവിച്ചത് അതാണ്. നല്ല രീതിയില്‍ കളിക്കാന്‍ സാധിക്കാത്തതുകൊണ്ട് അദ്ദേഹം നിലവാരമില്ലാത്ത താരമാകുന്നില്ല. ധോണിക്ക് മികച്ച ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിക്കും.
അതിന് ചെയ്യേണ്ടത് ഒരു കാര്യം മാത്രം. കൂടുതല്‍ ക്രിക്കറ്റ് കളിക്കുകയെന്നത് മാത്രാമാണത്. അടുത്ത സീസണിന് മുമ്പ്് ഐപിഎല്ലിനോളം വലിയ ടി20 ടൂര്‍ണമെന്റുകളില്‍ ധോണി കളിക്കണം. ലോകോത്തര താരങ്ങള്‍ കളിക്കുന്ന അതേ ടൂര്‍ണമെന്റുകളില്‍ ധോണിയും കളിക്കും. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന് ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിക്കും. അദ്ദേഹം മികച്ച ഫോമിലേക്ക് തിരിച്ചെത്തുമെന്ന് എനിക്കുറപ്പാണ്.
ബാറ്റ് ചെയ്യാനും റണ്‍സടിക്കാനും ധോണി ഇപ്പോഴും ആവേശം കാണിക്കുന്നുണ്ട്. ഒരു അര്‍ധ സെഞ്ച്വറി നേടി ടീമിനെ ജയിപ്പിക്കുന്നതിലും അപ്പുറത്തുള്ള കാര്യങ്ങള്‍ ധോണിക്ക് ചെയ്യാനാവും. കാരണം ധോണി അങ്ങനെയാണ് വളര്‍ന്നത്. ടീം എങ്ങനെ പ്രകടനം നടത്തിയാല്‍ അതിലേക്ക് സംഭാവന ചെയ്യാന്‍ ധോണിക്ക് സാധിക്കും. പത്ത് റണ്‍സ് മാത്രമാണ് എടുക്കുന്നതെങ്കില്‍ പോലും ധോണി അതില്‍ സന്തോഷവനാണ്.'' സംഗക്കാര പറഞ്ഞു.
അടുത്തിടെ ധോണി ബിഗ് ബാഷില്‍ കളിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ബിസിസിഐയുടെ അനുമതി ലഭിക്കേണ്ടതുണ്ട്.