തീ തുപ്പി മോര്‍'ഗണ്‍', ആളിക്കത്താതെ ആന്ദ്രെ റസല്‍; രാജസ്ഥാനെതിരെ കൊല്‍ക്കത്തക്ക് മികച്ച സ്കോര്‍

By Web Team  |  First Published Nov 1, 2020, 9:21 PM IST

ഗില്ലിന് പിന്നാലെ രാഹുല്‍ ത്രിപാഠിയെ (34 പന്തില്‍ 39) ശ്രേയസ് ഗോപാലും, സുനില്‍ നരെയ്നെയും(0) ദിനേശ് കാര്‍ത്തിക്കിനെയും(0) തിവാട്ടിയ വീഴ്ത്തിയതോടെ കൊല്‍ക്കത്ത 99/5ലേക്ക് കൂപ്പുകുത്തി.


ദുബായ്: ഐപിഎല്ലില്‍ വിധി നിര്‍ണായ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍റെ മിന്നല്‍ അര്‍ധസെഞ്ചുരിയുടെ മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 38 പന്തില്‍ 68 റണ്‍സെടുത്ത മോര്‍ഗനാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ തിവാട്ടിയ കൊല്‍ക്കത്തയുടെ മധ്യനിരയെ കറക്കി വീഴ്ത്തി.

ആദ്യ ഓവറിലെ അടിതെറ്റി കൊല്‍ക്കത്ത

Latest Videos

undefined

ജോഫ്ര ആര്‍ച്ചറുടെ ആദ്യ ഓവറില്‍ തന്നെ കൊല്‍ക്കത്ത ഞെട്ടി. കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് ഹീറോ ആയ നിതീഷ് റാണയെ ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ ആര്‍ച്ചര്‍ സഞ്ജു സാംസണിന്‍റെ കൈകളിലെത്തിച്ചു. കഴിഞ്ഞ അഞ്ച് ഇന്നിംഗ്സില്‍ റാണയുടെ മൂന്നാം ഡക്കാണിത്. രാജസ്ഥാനെതിരെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് റാണ നേരിട്ട ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങുന്നത്.

ആര്‍ച്ചറോടെ കരുതലോടെ കളിച്ച ഗില്ലും ത്രിപാഠിയും ശ്രേയസ് ഗോപാലിനെയും വരുണ്‍ ആരോണിനെയും തെരഞ്ഞെടുപിടിച്ചുശിക്ഷിച്ചതോടെ കൊല്‍ക്കത്ത സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തി. ആരോണിന്‍രെ ആദ്യ ഓവറില്‍ 12 റണ്‍സടിച്ച കൊല്‍ക്കത്ത ശ്രേയസ് ഗോപാലിന്‍റെ ആദ്യ ഓവറില്‍ 17 റണ്‍സ് നേടി. പവര്‍ പ്ലേയില്‍ പന്തെറിയാനെത്തിയ ബെന്‍ സ്റ്റോക്സിനെയും ത്രിപാഠിയും ഗില്ലും ചേര്‍ന്ന് 11 റണ്‍സടിച്ച് വരവേറ്റു. ആരോണ്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 12 റണ്‍സടിച്ച് ഗില്ലും ത്രിപാഠിയും ചേര്‍ന്ന് കൊല്‍ക്കത്ത സ്കോര്‍ 55 റണ്‍സിലെത്തിച്ചു.

8.3 ഓവറില്‍ സ്കോര്‍ 72 റണ്‍സിലെത്തിയപ്പോള്‍ ഗില്ലിനെ(24 പന്തില്‍ 36) വീഴ്ത്തി തിവാട്ടിയ കൊല്‍ക്കത്തയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. ഗില്ലിന് പിന്നാലെ രാഹുല്‍ ത്രിപാഠിയെ (34 പന്തില്‍ 39) ശ്രേയസ് ഗോപാലും, സുനില്‍ നരെയ്നെയും(0) ദിനേശ് കാര്‍ത്തിക്കിനെയും(0) തിവാട്ടിയ വീഴ്ത്തിയതോടെ കൊല്‍ക്കത്ത 99/5ലേക്ക് കൂപ്പുകുത്തി.

ആളിക്കത്താതെ ആന്ദ്രെ റസല്‍

ആന്ദ്രെ റസല്‍ ക്രീസിലെത്തിയതോടെ കൊല്‍ക്കത്തയുടെ സ്കോറ്‍ വീണ്ടും ശരവേഗത്തില്‍ കുതിച്ചു. 10 പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും പറത്തിയ റസല്‍ 25 റണ്‍സെടുത്തു. കാര്‍ത്തിക് ത്യാഗിക്കെതിരെ തുടര്‍ച്ചയായി രണ്ട് സിക്സ് പറത്തിയ റസല്‍ മൂന്നാം സിക്സിനായുള്ള ശ്രമത്തില്‍ ബൗണ്ടറിയില്‍ പകരക്കാരന്‍ ഫീല്‍ഡര്‍ ഡേവിഡ് മില്ലറുടെ കൈകളിലൊതുങ്ങി.

റസല്‍ വണിട്ടും അടിതുടര്‍ന്ന മോര്‍ഗന്‍ പാറ്റ് കമിന്‍സിനെ(11 പന്തില്‍ 15) കൂട്ടുപിടിച്ച് കൊല്‍ക്കത്തയെ 191ല്‍ എത്തിച്ചു. സ്റ്റോക്സ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 24 റണ്‍സടിച്ച കൊല്‍ക്കത്തക്ക് പക്ഷെ കാര്‍ത്തിക് ത്യാഗിയുടെ അവസാന ഓവറില്‍ ഒമ്പത് റണ്‍സെ നേടാനായുള്ളു. അവസാന പന്ത് സിക്സിന് പറത്തിയാണ് സ്റ്റോക്സ് കൊല്‍ക്കത്തയെ മികച്ച സ്കോറിലെത്തിച്ചത്. രാജസ്ഥാനായി തിവാട്ടിയ മൂന്നും കാര്‍ത്തിക് ത്യാഗി രണ്ടും വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന്‍ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെ ഇറങ്ങിയപ്പോള്‍ കൊല്‍ക്കത്ത പ്ലേയിംഗ് ഇലവനില്‍ ആന്ദ്രേ റസലും ശിവം മാവിയും തിരിച്ചെത്തി. ലോക്കി ഫെര്‍ഗൂസനും റിങ്കു സിംഗുമാണ് പുറത്തായത്.  

ഇന്ന് തോല്‍ക്കുന്ന ടീം പ്ലേ ഓഫ് കാണാതെ പുറത്താവും. ഇരുവരും 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 12 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാനാണ് മുന്നില്‍. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കുശേഷമാണ് കൊല്‍ക്കത്ത രാജസ്ഥാനെ നേരിടാനൊരുങ്ങുന്നത്. മുംബൈ ഇന്ത്യന്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവരെ തകര്‍ത്ത ആത്മവിശ്വാസത്തിലണ് രാജസ്ഥാന്‍ റോയല്‍സ്.

click me!