ഷാര്‍ജയില്‍ ഒരവസരത്തില്‍ 10-3 എന്ന നിലയിലായിരുന്ന കൊല്‍ക്കത്ത 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 149 റണ്‍സാണ് നേടിയത്.
ഷാര്‍ജ: ഐപിഎല്ലില്‍ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം കരകയറിയെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ വമ്പന്‍ സ്‌കോറില്ല. ഷാര്‍ജയില്‍ ഒരവസരത്തില്‍ 10-3 എന്ന നിലയിലായിരുന്ന കൊല്‍ക്കത്ത 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 149 റണ്‍സാണ് നേടിയത്. ഗില്ലിന്‍റെ അര്‍ധ സെഞ്ചുറിയും മോര്‍ഗന്‍ വെടിക്കെട്ടുമാണ് കൂട്ടത്തകര്‍ച്ചയ്‌ക്കിടയില്‍ കൊല്‍ക്കത്തയെ കാത്തത്. 13 പന്തില്‍ 24 റണ്‍സുമായി വാലറ്റക്കാരന്‍ ഫെര്‍ഗ്യൂസണ്‍ പുറത്താകാതെ നിന്നു. പഞ്ചാബിനായി ഷമി മൂന്നും ബിഷ്‌ണോയും ജോര്‍ദാനും രണ്ടും മാക്‌സ്‌വെല്ലും അശ്വിനും ഓരോ വിക്കറ്റും നേടി.
കെടുങ്കാറ്റായി ഷമി
undefined
ടോസ് നേടിയ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് പഞ്ചാബും കൊല്‍ക്കത്തയും ഇറങ്ങിയത്. മാക്‌സ്‌വെല്ലിന്‍റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ റാണ(0) ഷോര്‍ട്‌ഫൈന്‍ ലെഗില്‍ ഗെയ്‌ലിന്‍റെ കൈകളിലെത്തി. രണ്ടാം ഓവറില്‍ ഷമി പന്തെടുത്തപ്പോള്‍ നാലാം പന്തില്‍ രാഹുല്‍ ത്രിപാഠി(7) വിക്കറ്റിന് പിന്നില്‍ രാഹുലിന്‍റെ കൈകളില്‍. അവസാന പന്തില്‍ ദിനേശ് കാര്‍ത്തിക്കും(0) എഡ്‌ജായി രാഹുലിന്‍റെ കൈകളില്‍ വിശ്രമിച്ചു. ഇതോടെ ആദ്യ രണ്ട് ഓവറില്‍ 10-3 എന്ന സ്‌കോറിലായി കൊല്‍ക്കത്ത.
മോര്‍ഗന്‍- ഗില്‍ രക്ഷാപ്രവര്‍ത്തനം
എന്നാല്‍ മൂന്ന് വിക്കറ്റ് വീണതിന്‍റെ ആഘാതമൊന്നുമില്ലായിരുന്നു മോര്‍ഗന്‍റേയും ഗില്ലിന്‍റെയും മുഖത്ത്. പവര്‍പ്ലേയിലെ അവസാന ഓവറില്‍ ഷമിയെ 21 റണ്‍സിന് ശിക്ഷിച്ച് ഇരുവരും 54-3ലെത്തിച്ചു. ഏഴാം ഓവറില്‍ 12, എട്ടാം ഓവറില്‍ 14, ഒന്‍പതാം ഓവറില്‍ 2 എന്നിങ്ങനെ ഇരുവരും നേടി. ബിഷ്‌ണോയ് എറിഞ്ഞ 10-ാം ഓവറില്‍ മോര്‍ഗന്‍ മുരുകന്‍ അശ്വിന്‍റെ കൈകളിലെത്തി. 25 പന്തില്‍ 40 റണ്‍സാണ് കൊല്‍ക്കത്ത നായകനുണ്ടായിരുന്നു. മോര്‍ഗനും ഗില്ലും ചേര്‍ത്തത് 47 പന്തില്‍ 81 റണ്‍സ്. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സ്‌കോര്‍ 92ലെത്തി കൊല്‍ക്കത്ത. അഞ്ചാമനായി ക്രീസില്‍ എത്തിയത് കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് തീര്‍ത്ത സുനില്‍ നരെയ്ന്‍.
വീണ്ടും ഗില്‍, ഫിഫ്റ്റി
എന്നാല്‍ 11-ാം ഓവറില്‍ ജോര്‍ദാന്‍റെ സ്ലോ ബോളില്‍ ബാറ്റുവെച്ച നരെയ്‌ന്‍ ഇന്‍സൈഡ് എഡ്‌ജായി വിക്കറ്റ് തെറിച്ചു. നരെയ്‌ന് ഇക്കുറി നാല് പന്തില്‍ ആറ് റണ്‍സ് മാത്രം. എന്നാല്‍ ഒരറ്റത്ത് നിലയുറപ്പിച്ച ഗില്‍ 36 പന്തില്‍ ഫിഫ്റ്റി തികച്ചു. തൊട്ടുപിന്നാലെ 15-ാം ഓവറില്‍ നാഗര്‍കോട്ടിയെ(6) മുരുകന്‍ അശ്വിന്‍ ബൗള്‍ഡാക്കി. രവി ബിഷ്‌ണോയിയുടെ അടുത്ത ഓവറില്‍ കമ്മിന്‍സ്(1) എല്‍ബി. 19-ാം ഓവറില്‍ ഷമി വീണ്ടും പന്തെടുത്തപ്പോള്‍ ഗില്ലും വീണു. താരം നേടിയത് 45 പന്തില്‍ 57 റണ്‍സ്. ജോര്‍ദാന്‍റെ അവസാന ഓവറില്‍ ചക്രവര്‍ത്തിയും(2) ബൗള്‍ഡ്. എന്നാല്‍ ഫെര്‍ഗ്യൂസണിന്‍റെ 24 റണ്‍സ് കൊല്‍ക്കത്തയെ കാത്തു.