സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് പേരെ പുറത്താക്കി
അബുദാബി: ഐപിഎല്ലില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ വരുണ്‍ ചക്രവര്‍ത്തിയുടെ പ്രഹരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് അടിയറവുപറഞ്ഞ് ഡല്‍ഹി കാപിറ്റല്‍സ്. 59 റണ്‍സിനാണ് കൊല്‍ക്കത്തയുടെ ജയം. 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 135 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് പേരെ പുറത്താക്കി. മുന്‍നിരയെ പൊളിച്ച കമ്മിന്‍സിന്‍റെ മൂന്ന് വിക്കറ്റും നിര്‍ണായകമായി.
ഓപ്പണര്‍മാരെ പറത്തി പാറ്റ്
undefined
195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി കാപിറ്റല്‍സിനെ തുടക്കത്തിലെ വെള്ളംകുടിപ്പിച്ചു പേസര്‍ പാറ്റ് കമ്മിന്‍സ്. ഓപ്പണര്‍ അജിങ്ക്യ രഹാനെ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ എല്‍ബി! കമ്മിന്‍സ് വീണ്ടും പന്തെടുത്തപ്പോള്‍ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ധവാന്‍ ബൗള്‍ഡ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ചുറിയടിച്ചെത്തിയ ധവാന്‍ ഇത്തവണ കുറിച്ച് വെറും ആറ് റണ്‍സ്. ഇതോടെ പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റിന് 36 റണ്‍സെന്ന നിലയില്‍ കുരുങ്ങി കാപിറ്റല്‍സ്.
കരകയറ്റി അയ്യര്‍-പന്ത്
ക്രീസിലൊന്നിച്ച ശ്രേയസ് അയ്യരും റിഷഭ് പന്തും ഡല്‍ഹിയെ കരയറ്റി. എന്നാല്‍ ഡല്‍ഹിക്ക് അപ്രതീക്ഷിത പ്രഹരം നല്‍കി സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ആഞ്ഞടിച്ചു. 12-ാം ഓവറിലെ രണ്ടാം പന്തില്‍ സിക്‌സറിന് ശ്രമിച്ച പന്ത് ഗില്ലിന്‍റെ കൈകളില്‍. പന്ത് നേടിയത് 33 പന്തില്‍ 27 റണ്‍സ്. വീണ്ടും പന്തെടുത്തപ്പോള്‍ 14-ാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ വിക്കറ്റുമായി ചക്രവര്‍ത്തി വീണ്ടും വഴിത്തിരിവുണ്ടാക്കി. രണ്ടാം പന്തില്‍ ഷിമ്രോന്‍ ഹെറ്റ്‌മെയര്‍(10), ത്രിപാഠിയുടെ കൈകളില്‍. തൊട്ടടുത്ത പന്തില്‍ അര്‍ധ സെഞ്ചുറിക്കരികെ നായകന്‍ ശ്രേയര്‍ അയ്യരും വീണു. അയ്യരുടെ സമ്പാദ്യം 38 പന്തില്‍ 47.
എല്ലാം മാറ്റിമറിച്ച് ചക്രവര്‍ത്തി!
വീണ്ടും പന്തെടുത്തപ്പോഴും ചക്രവര്‍ത്തി ഞെട്ടിച്ചു. 16-ാം ഓവറിലെ ആദ്യ പന്തില്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് ത്രിപാഠിയുടെ കൈകളില്‍ ഭദ്രം. അഞ്ചാം പന്തില്‍ അക്ഷാര്‍ പട്ടേല്‍ ബൗള്‍ഡ്. സ്റ്റോയിനിസ് ആറും അക്ഷാര്‍ ഒന്‍പത് റണ്‍സും മാത്രമാണ് നേടിയത്. 19-ാം ഓവറില്‍ കമ്മിന്‍സ് വീണ്ടും എത്തിയപ്പോഴും വിക്കറ്റുണ്ടായിരുന്നു. അവസാന ബോളില്‍ റബാഡ 10 പന്തില്‍ ഒന്‍പത് റണ്‍സുമായി ത്രിപാഠിയുടെ കൈകളില്‍. ഇതോടെ അവസാന ഓവറില്‍ വിജയലക്ഷ്യം 63 എന്ന ഹിമാലയന്‍ സ്‌കോറായി. ഈ ഓവറില്‍ ഫെര്‍ഗ്യൂസണ്‍, തുഷാര്‍ പാണ്ഡെയെയും(1) മടക്കി.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 194 റണ്‍സ് നേടി. കൊല്‍ക്കത്തയ്‌ക്കായി നരെയ്‌നും റാണയും അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ഡല്‍ഹിക്കായി റബാഡയും നോര്‍ജെയും സ്റ്റോയിനിസും രണ്ടുവീതം വിക്കറ്റ് വീഴ്‌ത്തി.
ഒന്നൊന്നര തുടക്കമിട്ട് നോര്‍ജെ...
കൊല്‍ക്കത്തയെ തുടക്കത്തിലെ പ്രതിരോധത്തിലാക്കിയിരുന്നു ഡല്‍ഹി പേസര്‍ ആന്‍റിച്ച് നോര്‍ജെ. രണ്ടാം ഓവറില്‍ തന്നെ ശുഭ്‌മാന്‍ ഗില്‍ അക്ഷാറിന്‍റെ കൈകളില്‍. എട്ട് പന്തില്‍ ഒന്‍പത് റണ്‍സ് മാത്രമേ ഗില്ലിനുണ്ടായിരുന്നുള്ളൂ. മൂന്നാമനായി എത്തിയ രാഹുല്‍ ത്രിപാഠിയെയും നോര്‍ജെ തന്നെ മടക്കി. ആറാം ഓവറിലെ നാലാം പന്തില്‍ ത്രിപാഠി ബൗള്‍ഡാവുകുമ്പോള്‍ കൊല്‍ക്കത്തയ്‌ക്ക് 35 റണ്‍സ് മാത്രം. സ്‌കോര്‍ ബോര്‍ഡില്‍ ഏഴ് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ദിനേശ് കാര്‍ത്തിക്കും(3) വീണു. വിക്കറ്റ് കാഗിസോ റബാഡയ്‌ക്ക്.
പിടിച്ചെടുത്ത് റാണയും നരെയ്‌നും
പിന്നെക്കണ്ടത് റാണയെ കൂട്ടുപിടിച്ച് നരെയ്‌ന്‍ താണ്ഡവമാടുന്നത്. സീസണില്‍ കേട്ട എല്ലാ പഴികളും തച്ചുതകര്‍ത്ത ഇന്നിംഗ്‌സ്. നരെയ്‌ന്‍ അടി തുടങ്ങിയതോടെ റാണയും ട്രാക്കിലായി. ഇരുവരുടെയും കൂട്ടുകെട്ട് 17-ാം ഓവറിലെ നാലാം പന്തുവരെ നീണ്ടുനിന്നു. നരെയ്‌നെ, രഹാനെയുടെ കൈകളിലെത്തിച്ച് റബാഡയാണ് കൂട്ടുകെട്ട് പൊളിച്ചത്. 31 പന്തില്‍ നാല് സിക്‌സും ആറ് ഫോറും സഹിതം നരെയ്‌ന്‍ നേടിയത് 64 റണ്‍സ്. സ്റ്റോയിനിസിന്‍റെ അവസാന ഓവറിലെ അവസാന പന്തുകളില്‍ റാണയും മോര്‍ഗനും പുറത്തായി. റാണയ്‌ക്ക് 53 പന്തില്‍ 81 റണ്‍സും മോര്‍ഗന് 9 പന്തില്‍ 17 റണ്‍സുമുണ്ടായിരുന്നു.