ഫൈനല്‍ പഞ്ചില്‍ ഹൈദരാബാദിനെ ഇടിച്ചിട്ട് പഞ്ചാബ്

By Web Team  |  First Published Oct 24, 2020, 11:46 PM IST

തുടര്‍ച്ചയായ നാലാം ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കിയപ്പോള്‍ തോല്‍വിയോടെ ഹൈദരാബാദിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു.


ദുബായ്: അവസാന ഓവര്‍ വരെ ആവേശം തുളുമ്പിനിന്ന പോരാട്ടത്തില്‍ പഞ്ചാബിന്‍റെ ഫൈനല്‍ പഞ്ച്. ഹൈദരാബാദിനെ 12 റണ്‍സിന് കീഴടക്കി പഞ്ചാബ് ഐപിഎല്ലിലെ തുടര്‍ച്ചയായ നാലാം ജയം കുറിച്ചു. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ അവസാന ഓവറില്‍ ജയത്തിലേക്ക് 14 റണ്‍സ് വേണ്ടിയിരുന്ന ഹൈദരാബാദ് ഒരു റണ്‍സ് മാത്രമെടുത്ത് മൂന്ന് വിക്കറ്റ് കളഞ്ഞുകുളിച്ച് തോല്‍വി ഇരന്നു വാങ്ങി.

തുടര്‍ച്ചയായ നാലാം ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കിയപ്പോള്‍ തോല്‍വിയോടെ ഹൈദരാബാദിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു. സ്കോര്‍: കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 126/7, ഹൈദരാബാദ് 19.5 ഓവറില്‍ 114ന് ഓള്‍ ഔട്ട്. ജയത്തോടെ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഹൈദരാബാദ് ആറാം സ്ഥാനത്ത് തുടരുന്നു.

Latest Videos

undefined

എന്തൊരു തുടക്കം

ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. പവര്‍പ്ലേയില്‍ ഹൈദരാബാദ് 52 റണ്‍സെടുത്തു. ഏഴാം ഓവറില്‍ വാര്‍ണറെ(20 പന്തില്‍ 35)ബിഷ്ണോയ് മടക്കിയതോടെ ഹൈദരാബിദിന്‍റെ സ്കോറിംഗിന് ബ്രേക്ക് വീണു. തൊട്ടുപിന്നാലെ ജോണി ബെയര്‍സ്റ്റോയെ(19) മുരുഗന്‍ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഹൈദരാബാദ് ബാക്ക് ഫൂട്ടിലായി.

ഇഴഞ്ഞിഴഞ്ഞ് മനീഷ് പാണ്ഡെ

അബ്ദുള്‍ സമദിനെ(7) ഷമി മടക്കിയശേഷം മധ്യ ഓവറുകളില്‍ അനാവശ്യ കരുതല്‍ കാണിച്ച മനീഷ് പാണ്ഡെയയുടെ മെല്ലെപ്പോക്കാണ് ഹൈദരാബാദിന് ശരിക്കും തിരിച്ചടിയായത്. 29 പന്തില്‍ 15 റണ്‍സെടുത്ത മനീഷ് പാണ്ഡെ പതിനാറാം ഓവറില്‍ പഞ്ചാബ് സ്കോര്‍ 100ലെത്തിയപ്പോള്‍ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായി. ക്രിസ് ജോര്‍ദ്ദാനായിരുന്നു വിക്കറ്റ്.  24 പന്തില്‍ 27 റണ്‍സായിരുന്നു ഹൈദരാബാദിന് അപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്.

വിജയമില്ലാതെ വിജയ് ശങ്കര്‍

കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് ഹീറോ ആയ വിജയ് ശങ്കര്‍ ക്രീസിലുള്ളപ്പോള്‍ ഹൈദരാബാദിന് ഉറച്ച വിജയപ്രതീക്ഷയുണ്ടായിരുന്നു. സിംഗിളെടുക്കാനുള്ള ശ്രമത്തില്‍ ത്രോ ഹെല്‍മറ്റില്‍ കൊണ്ട വിജയ് ശങ്കര്‍(27 പന്തില്‍ 26) അര്‍ഷദീപിന്‍റെ അടുത്ത പന്തില്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കി മടങ്ങി.

.

അപ്പോഴും പ്രിയം ഗാര്‍ഗും ജേസണ്‍ ഹോള്‍ഡറും ക്രീസിലുണ്ടെന്ന ആശ്വാസത്തിലായിരുന്നു ഹൈദരാബാദ്. എന്നാല്‍ ഹോള്‍ഡറെ(5)മടക്കിയതിന് പിന്നാലെ അടുത്ത പന്തില്‍ റാഷിദ് ഖാനെയും(0) വീഴ്ത്തി ജോര്‍ദ്ദാന്‍ ഇരട്ട പ്രഹരമേല്‍പ്പിച്ചു.

ഇതോടെ തോല്‍വി മണത്ത പഞ്ചാബിനെ വിജയതീരത്തെത്തിക്കാന്‍ യുവതാരം പ്രിയം ഗാര്‍ഗിനും കഴിഞ്ഞില്ല. അവസാന രണ്ടോവറില്‍ 17 റണ്‍സ് മാത്രം മതിയായിരുന്ന ഹൈദരാബാദ് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് തോല്‍വി ചോദിച്ചു വാങ്ങി. പ്രിയം ഗാര്‍ഗ്(3), സന്ദീപ് ശര്‍മ(0), ഖലീല്‍ അഹമ്മദ്(0) എന്നിവരെല്ലാം വന്നപോലെ മടങ്ങിയപ്പോള്‍ അവസാന നാലോവറില്‍ ഒറ്റ ബൗണ്ടറിപോലും നേടാന്‍ ഹൈദരാബാദിനായില്ല.

പഞ്ചാബിനായി ക്രിസ് ജോര്‍ദ്ദാനും അര്‍ഷദീപ് സിംഗും മൂന്ന് വിക്കറ്റ് വീതമെടുത്തപ്പോള്‍  രവി ബിഷ്ണോയിയും, മുരുഗന്‍ അശ്വിനും ഷമിയും ഓരോ വിക്കറ്റ് വീതമെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 126 റണ്‍സെടുത്തത്. രാഹുലും ഗെയ്‌ലും അടക്കമുള്ള മുന്‍നിര താരങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചിട്ടും അത് വലിയ ഇന്നിംഗ്സായി മാറ്റാനാവാഞ്ഞതാണ് പഞ്ചാബിന് തിരിച്ചടിയായത്. 32 റണ്‍സുമായി പുറത്താകാതെ നിന്ന നിക്കോളാസ് പുരാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍.

click me!