'സ്റ്റാര്‍ ഓള്‍റൗണ്ടറെ താരലേലത്തില്‍ സ്വന്തമാക്കാതിരുന്നത് അമ്പരപ്പിച്ചു'; പ്രകടനം കണ്ട് ഗംഭീര്‍

By Web Team  |  First Published Nov 9, 2020, 3:06 PM IST

സീസണിന്‍റെ പാതിവഴിയിലിറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത ഹോള്‍ഡറെ നേരത്തെ താരലേലത്തില്‍ ടീമുകളൊന്നും സ്വന്തമാക്കിയിരുന്നില്ല


ദില്ലി: ഐപിഎല്‍ പതിമൂന്നാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായകമായത് ജാസന്‍ ഹോള്‍ഡറുടെ അപ്രതീക്ഷിത വരവാണ്. ആദ്യ ഒന്‍പത് മത്സരങ്ങളില്‍ മൂന്ന് ജയം മാത്രമുണ്ടായിരുന്ന ഹൈദരാബാദ് ഹോള്‍ഡര്‍ എത്തിയതോടെ വിജയം തിരിച്ചുപിടിച്ചു. തുടര്‍ച്ചയായ നാല് കളികള്‍ ജയിച്ചാണ് ഡല്‍ഹിക്കെതിരായ രണ്ടാം ക്വാളിഫയറിന് വാര്‍ണറും സംഘവും എത്തിയത്. സീസണിന്‍റെ രണ്ടാം പകുതിയില്‍ പകരക്കാരന്‍റെ റോളില്‍ എത്തിയായിരുന്നു ഹോള്‍ഡറുടെ മികവ്. 

Latest Videos

undefined

സീസണിന്‍റെ പാതിവഴിയിലിറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത ഹോള്‍ഡറെ നേരത്തെ താരലേലത്തില്‍ ടീമുകളൊന്നും സ്വന്തമാക്കിയിരുന്നില്ല. ഇത് തന്നെ ഞെട്ടിച്ചു എന്നാണ് താരത്തിന്‍റെ പ്രകടനം കണ്ട് ഇന്ത്യന്‍ മുന്‍താരം ഗൗതം ഗംഭീര്‍ പറഞ്ഞത്. 

'ജാസന്‍ ഹോള്‍ഡറെ പോലൊരു താരത്തെ ഒരു ടീമും സ്വന്തമാക്കാതിരുന്നത് അമ്പരപ്പിച്ചു. ജിമ്മി നീഷാമിനെയും ക്രിസ് മോറിസിനെയും സ്വന്തമാക്കി. മറ്റ് ഓള്‍റൗണ്ടര്‍മാരെയും എടുക്കാന്‍ ടീമുകളുണ്ടായി. എന്നാല്‍ ഹോള്‍ഡര്‍ക്ക് ആളുണ്ടായില്ല. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു ടീമിനെ അന്താരാഷ്‌‌ട്ര ക്രിക്കറ്റില്‍ കരകയറ്റാന്‍ ശ്രമിക്കുന്നയാളാണ് ഹോള്‍ഡര്‍. അതുകൊണ്ട് തന്നെ സമ്മര്‍ദത്തെ എങ്ങനെ അതിജീവിക്കണം എന്ന് അയാള്‍ക്കറിയാം. തുടര്‍ച്ചയായി അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിക്കുന്നയാളാണ്. വിന്‍ഡീസ് ടീമിന്‍റെ നായകനാണ് ഹോള്‍ഡറെന്ന് മറക്കരുതായിരുന്നു' എന്നും ഗംഭീര്‍ പറഞ്ഞു. 

ഐപിഎല്ലിന്‍റെ പാതിവഴിയില്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പരിക്കേറ്റതോടെയാണ് സണ്‍റൈസേഴ്‌സ് ജാസന്‍ ഹോള്‍ഡറെ പകരക്കാരനായി എത്തിക്കുന്നത്. കളിച്ച മിക്ക മത്സരങ്ങളിലും നിര്‍ണായക സാന്നിധ്യമാകാന്‍ ഹോള്‍ഡറിനായി. ഏഴ് മത്സരങ്ങളില്‍ 14 വിക്കറ്റുകളും 66 റണ്‍സും പേരിലാക്കി. എന്നാല്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ ക്വാളിഫയര്‍ 2-വില്‍ ഹോള്‍ഡര്‍ നിറംമങ്ങുകയും ഹൈദരാബാദ് പരാജയപ്പെടുകയും ചെയ്തു. നാല് ഓവറില്‍ 50 റണ്‍സ് വഴങ്ങിയപ്പോള്‍ ഒരു വിക്കറ്റേ നേടാനായുള്ളൂ. ബാറ്റിംഗില്‍ 15 പന്തില്‍ 11 റണ്‍സും.  

യോര്‍ക്കര്‍ നടരാജനെ ടി20 ടീമിലെടുക്കൂ, ആവശ്യവുമായി ആരാധകര്‍; പ്രശംസിച്ച് മുന്‍താരങ്ങളും

click me!