മുള്‍മുനയില്‍ കാര്‍ത്തിക്ക്; തുറന്നടിച്ച് മുന്‍നായകനും

By Web Team  |  First Published Oct 4, 2020, 5:07 PM IST

ഇനി സ്പിന്നറെക്കൊണ്ട് എറിക്കണമായിരുന്നുവെങ്കില്‍ നരെയ്ന്‍റെ രണ്ടോവര്‍ ബാക്കിയുണ്ടായിരുന്നല്ലോ. അതുപോലെ ആന്ദ്രെ റസലിനെക്കൊണ്ടും എറിയിക്കാമായിരുന്നു.


ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരായ കൊല്‍ക്കത്തയുടെ തോല്‍വിയില്‍ പ്രതികരണവുമായി മുന്‍ നായകന്‍ ഗൗതം ഗംഭീര്‍. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ  പിഴവുകള്‍ ക്രിക്ക് ഇന്‍ഫോയിലെ ചാറ്റ് ഷോയില്‍ ഗംഭീര്‍ എണ്ണിയെണ്ണി പറഞ്ഞു.

ഡല്‍ഹി ഇന്നിംഗ്സിലെ പത്തൊമ്പതാം  ഓവര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് നല്‍കിയ കാര്‍ത്തിക്കിന്‍റെ  തീരുമാനം പിഴച്ചുപോയെന്ന് ഗംഭീര്‍ പറഞ്ഞു. ടീമിലെ ഏറ്റവും മികച്ച ബൗളര്‍മാരായിരിക്കണം 18, 19, 20 ഓവറുകള്‍ എറിയാന്‍. നിര്‍ഭാഗ്യവശാല്‍ ഡല്‍ഹിക്കെതിരെ അതല്ല കാര്‍ത്തിക്ക് ചെയ്തത്. പാറ്റ് കമിന്‍സോ, സുനില്‍ നരെയ്നോ എന്തിന് കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ മാവിയോ പോലുമല്ല പത്തൊമ്പതാം ഓവര്‍ എറിഞ്ഞത്.

Latest Videos

undefined

ഇനി സ്പിന്നറെക്കൊണ്ട് എറിക്കണമായിരുന്നുവെങ്കില്‍ നരെയ്ന്‍റെ രണ്ടോവര്‍ ബാക്കിയുണ്ടായിരുന്നല്ലോ. അതുപോലെ ആന്ദ്രെ റസലിനെക്കൊണ്ടും എറിയിക്കാമായിരുന്നു. എന്നാല്‍ ഇവരെയൊന്നും പന്തേല്‍പ്പിക്കാതെ വരുണ്‍ ചക്രവര്‍ത്തിയെ പന്തേല്‍പ്പിച്ചത് തെറ്റായപ്പോയി. കഴിഞ്ഞ മത്സരങ്ങളില്‍ യുവതാരം മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും ഷാര്‍ജയിലെ പോലെ ചെറിയ ഗ്രൗണ്ടില്‍ വരുണ്‍ ചക്രവര്‍ത്തിയെ പന്തേല്‍പ്പിച്ചത് തെറ്റായ തീരുമാനമായിപ്പോയി-ഗംഭീര്‍ പറഞ്ഞു. ചക്രവര്‍ത്തിയുടെ ഓവറില്‍ 20 റണ്‍സാണ് ഡല്‍ഹി അടിച്ചെടുത്തത്.

കൊല്‍ക്കത്തയുടെ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്താന്‍ കാര്‍ത്തിക് തയാറാവണമെന്നും ഗംഭീര്‍ പറഞ്ഞു. മികച്ച ഫോമിലുള്ള രാഹുല്‍ ത്രിപാഠിയെ ഓപ്പണറായി കളിപ്പിക്കണം. ഫോമിലല്ലാത്ത നരെയ്നെ ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറ്റി എട്ടാമതോ ഒമ്പതാമതോ ഇറക്കണം. അതുപോലെ ദിനേശ് കാര്‍ത്തിക്ക് ആറാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങണം. മോര്‍ഗനോ, റസലിനോ മുമ്പ് കാര്‍ത്തിക്ക് ഇറങ്ങരുത്. മോര്‍ഗന്‍ നാലാമതും റസല്‍ അഞ്ചാമതും കാര്‍ത്തിക് ആറാമതും ബാറ്റ് ചെയ്യണം-ഗംഭീര്‍ പറഞ്ഞു. ബുധനാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം.

click me!