ജയത്തോടെ ഡല്‍ഹി കാപിറ്റല്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. സ്‌കോര്‍: ഡല്‍ഹി കാപിറ്റല്‍സ്(161-7), രാജസ്ഥാന്‍ റോയല്‍സ്(148-8)
ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് പകരംവീട്ടാനാകാതെ രാജസ്ഥാന്‍ റോയല്‍സ് അടിയറവു പറഞ്ഞു. 13 റണ്‍സിനാണ് ശ്രേയസ് അയ്യരുടേയും സംഘത്തിന്‍റേയും ജയം. ഡല്‍ഹി മുന്നോട്ടുവച്ച 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 148 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ ഡല്‍ഹി കാപിറ്റല്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. സ്‌കോര്‍: ഡല്‍ഹി കാപിറ്റല്‍സ്(161-7), രാജസ്ഥാന്‍ റോയല്‍സ്(148-8). ഡല്‍ഹിക്കായി നോര്‍ജെയും ദേശ്‌പാണ്ഡെയും രണ്ട് വീതവും റബാഡയും അക്ഷാറും അശ്വിനും ഓരോ വിക്കറ്റും വീഴ്‌ത്തി.
സ്റ്റോക്‌സ് തിരിച്ചെത്തി!
undefined
മറുപടി ബാറ്റിംഗില്‍ രാജസ്ഥാനായി ഓപ്പണ്‍ ചെയ്തത് ബെന്‍ സ്റ്റോക്‌സും ജോസ് ബട്‌ലറും. നന്നായി തുടങ്ങിയെങ്കിലും മൂന്നാം ഓവറില്‍ രാജസ്ഥാന് ആദ്യ പ്രഹരമേറ്റു. ഒന്‍പത് പന്തില്‍ 22 റണ്‍സടിച്ച് കുതിക്കുകയായിരുന്ന ജോസ് ബട്‌ലറെ നോര്‍ജെ ബൗള്‍ഡാക്കി. 155.1 കിമീ വേഗതയിരുന്നു പന്ത്. അശ്വിന്‍റെ തൊട്ടടുത്ത ഓവറിലെ അവസാന പന്തില്‍ സ്റ്റീവ് സ്‌മിത്തും വീണു. അശ്വിന്‍റെ റിട്ടേണ്‍ ക്യാച്ചാണ് മടക്കടിക്കറ്റ് നല്‍കിയത്. എന്നാല്‍ ഓപ്പണറായി വിണ്ടും അവസരം ലഭിച്ച സ്റ്റോക്‌സ് ഒരറ്റത്ത് മികച്ചുനിന്നതോടെ രാജസ്ഥാന്‍ പ്രതീക്ഷകള്‍ തളിര്‍ത്തു.
അരങ്ങേറ്റക്കാരന്‍ തുഷാര്‍ ദേശ്‌പാണ്ഡെ എറിഞ്ഞ 11-ാം ഓവറിലെ രണ്ടാം പന്തില്‍ അലക്ഷ്യമായ ഷോട്ട് കളിച്ച് സ്റ്റോക്‌സ് യാത്രയായി. 35 പന്തില്‍ 41 റണ്‍സാണ് ഇംഗ്ലീഷ് താരം നേടിയത്. സഞ്ജു സാംസണിന്‍റെ ഇന്നിംഗ്‌സും അധികം നീണ്ടില്ല. 18 പന്തില്‍ രണ്ട് സിക്‌സ് സഹിതം 25 റണ്‍സെടുത്ത സഞ്ജു 12-ാം ഓവറില്‍ അക്ഷാറിന്‍റെ കൃത്യതയ്‌ക്ക് മുന്നില്‍ ബൗള്‍ഡായി. ഒരു ഓവറിന്‍റെ ഇടവേളയില്‍ ഉത്തപ്പയുമായുള്ള ആശയക്കുഴപ്പത്തിനിടെ റിയാന്‍ പരാഗ് റണ്‍ഔട്ടായി. ഒരു റണ്‍ മാത്രം നേടിയ താരത്തെ മടക്കിയത് അക്ഷാറിന്‍റെ ത്രോ.
പ്രതീക്ഷയായി ഉത്തപ്പ, എറിഞ്ഞുപിടിച്ച് ഡല്‍ഹി
സീസണിലാദ്യമായി ഉത്തപ്പ താളം കണ്ടെത്തിയതോടെ രാജസ്ഥാന്‍ തിരിച്ചടിക്കാന്‍ തുടങ്ങി. എന്നാല്‍ വീണ്ടും വേഗംകൊണ്ട് നോര്‍ജെ കളംനിറഞ്ഞപ്പോള്‍ 18-ാം ഓവറിലെ മൂന്നാം പന്തില്‍ ഉത്തപ്പ ബൗള്‍ഡ്. 150 കിമീ വേഗമുണ്ടായിരുന്നു ഈ പന്തിന്. അവസാന രണ്ട് ഓവറില്‍ 26 റണ്‍സായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നത്. റബാഡയുടെ 19-ാം ഓവറിലെ നാലാം പന്തില്‍ ആര്‍ച്ചര്‍, രഹാനെയുടെ കൈകളില്‍. അവസാന ഓവറില്‍ വേണ്ടിയിരുന്ന 22 റണ്‍സിലേക്ക് രാജസ്ഥാനായി രാഹുല്‍ തിവാട്ടിയക്കും ശ്രേയാസ് ഗോപാലിനും ഒന്നും ചെയ്യാനായില്ല.
ആഞ്ഞടിച്ച് ആര്‍ച്ചര്‍, ഇരട്ട പ്രഹരം
ആദ്യം ബാറ്റ് ചെയ്ത ഡൽഹി ആര്‍ച്ചര്‍ കൊടുങ്കാറ്റിനിടെ അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റേയും ശ്രേയസ് അയ്യരുടേയും കരുത്തിൽ നിശ്‌ചിത 20 ഓവറില്‍ ഏഴ് വിക്കറ്റിന് 161 റണ്‍സെടുത്തു. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ പൃഥ്വി ഷായുടെ മിഡില്‍ സ്റ്റംപ് പിഴുതാണ് ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയത്. ആര്‍ച്ചറുടെ പന്തില്‍ ബാറ്റ് വെച്ച ഷായ്‌ക്ക് ലൈന്‍ പിഴച്ചപ്പോള്‍ പന്ത് ബാറ്റിലുരസി വിക്കറ്റിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇന്നിംഗ്‌സിലെ ആദ്യ പന്തിലെ വിക്കറ്റ് ആര്‍ച്ചര്‍ ആനന്ദനൃത്തവുമായി ആഘോഷമാക്കി.
വണ്‍ഡൗണായി എത്തിയത് അജിങ്ക്യ രഹാനെ. ഉനദ്‌ഘട്ട് എറിഞ്ഞ രണ്ടാം ഓവറില്‍ ഏഴ് റണ്‍സുമായി ധവാനും രഹാനെയും പ്രതിരോധിച്ചു. ആര്‍ച്ചര്‍ വീണ്ടും പന്തെടുത്തപ്പോള്‍ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ രഹാനെ ഉത്തപ്പയുടെ കൈകളിലെത്തി. രഹാനെ നേടിയത് ഒന്‍പത് പന്തില്‍ രണ്ട് റണ്‍സ് മാത്രം. ഇതോടെ ധവാനും അയ്യരും വലിയ സാഹസികതകളില്ലാതെ പവര്‍പ്ലേ(47-2) പൂര്‍ത്തിയാക്കുകയായിരുന്നു.
ധവാന്‍- ശ്രേയസ് രക്ഷാപ്രവര്‍ത്തനം
അര്‍ധ സെഞ്ചുറിയുമായി ശിഖര്‍ ധവാനും കരുതലോടെ നായകന്‍ ശ്രേയസ് അയ്യരും ക്രീസിലൊന്നിച്ചപ്പോള്‍ മൂന്നാം വിക്കറ്റില്‍ ഡല്‍ഹി കരകയറി. ഇരുവരും ചേര്‍ത്തത് 85 റണ്‍സ്. 33 പന്തില്‍ 57 റണ്‍സെടുത്ത ധവാനെ 12-ാം ഓവറില്‍ ശ്രേയാസ് ഗോപാല്‍, ത്യാഗിയുടെ കൈകളില്‍ എത്തിച്ചു. വൈകാതെ ഉനദ്ഘട്ടിനെ സിക്‌സര്‍ പറത്തി ശ്രേയസ് 40 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. എന്നാല്‍ തൊട്ടടുത്ത ത്യാഗിയുടെ ഓവറില്‍ ശ്രേയസിനെ(43 പന്തില്‍ 53) ആര്‍ച്ചര്‍ അനായാസ ക്യാച്ചില്‍ പറഞ്ഞയച്ചു.
അവസാന ഓവറുകളില്‍ ത്യാഗിയും ആര്‍ച്ചറും ഉനദ്‌ഘട്ടും പിടിമുറുക്കിയപ്പോള്‍ സ്റ്റോയിനിസിനും ക്യാരിക്കും വെടിക്കെട്ട് പുറത്തെടുക്കാനായില്ല. ആര്‍ച്ചര്‍ എറിഞ്ഞ 19-ാം ഓവറിലെ അവസാന പന്തില്‍ സ്റ്റോയിനിസ് 19 റണ്‍സുമായി മടങ്ങി. ഉനദ്ഘട്ടിന്‍റെ അവസാന ഓവറിലെ നാലാം പന്തില്‍ ക്യാരിയും(14) പുറത്ത്. അവസാന പന്തില്‍ അക്ഷാര്‍ പട്ടേലിനെയും(7) മടക്കി ഡല്‍ഹിയെ രാജസ്ഥാന്‍ 161ല്‍ ഒതുക്കി. ആര്‍ച്ചറുടെ മൂന്ന് വിക്കറ്റിന് പുറമേ ഉനദ്‌ഘട്ട് രണ്ടും ത്യാഗിയും ഗോപാലും ഓരോ വിക്കറ്റും നേടി.
ഇങ്ങനെയൊക്കെ ചെയ്യാമോ...ആദ്യ പന്തില്‍ ഷായുടെ സ്റ്റംപ് കവര്‍ന്ന് ആര്‍ച്ചറുടെ ആനന്ദനൃത്തം- വീഡിയോ