വിജയവഴിയില്‍ തിരിച്ചെത്താന്‍ കൊല്‍ക്കത്തയും ഡല്‍ഹിയും ഇന്ന് നേര്‍ക്കുനേര്‍

By Web Team  |  First Published Oct 24, 2020, 9:37 AM IST

കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് തോറ്റ ഡല്‍ഹി വിജയവഴിയില്‍ തിരിച്ചെത്താനാണ് ശ്രമിക്കുക. കൊല്‍ക്കത്തയും കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തകര്‍ന്നടിഞ്ഞിരുന്നു.
 


അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. വൈകിട്ട് 3.30നാണ് അബുദാബിയിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് തോറ്റ ഡല്‍ഹി വിജയവഴിയില്‍ തിരിച്ചെത്താനാണ് ശ്രമിക്കുക. കൊല്‍ക്കത്തയും കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തകര്‍ന്നടിഞ്ഞിരുന്നു. 10 മത്സരങ്ങളില്‍ പത്ത് പോയിന്റുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. ഡല്‍ഹി ഇത്രയും മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 

കൊല്‍ക്കത്തയ്ക്ക് ബാറ്റിംഗും ബൗളിംഗും ഉടച്ചുവാര്‍ത്താലേ പ്ലേ ഓഫില്‍ ഇടം ഉറപ്പിക്കാനാവൂ. പഞ്ചാബും ഹൈദരാബാദും ഇഞ്ചോടിഞ്ച് പൊരുതുന്നതിനാല്‍ കൊല്‍ക്കയുടെ നില ഭദ്രമല്ല. പരുക്കേറ്റ ആന്ദ്രേ റസലും സുനില്‍ നരൈയ്‌നും കളിക്കുമോയെന്നുറപ്പില്ല. നല്ല തുടക്കം കിട്ടുന്നുണ്ടെങ്കിലും ശുഭ്മാന്‍ ഗില്ലിന്റെ മെല്ലെപ്പോക്ക് റണ്‍നിരക്കിനെ ബാധിക്കുന്നു. മധ്യനിരയുടെ അവസ്ഥയും വ്യത്യസ്തമല്ല. ഓയിന്‍ മോര്‍ഗന്‍ ഒഴികെ ഉള്ളവരൊന്നും വിശ്വസിച്ച് ബാറ്റ് വീശുന്നില്ല. ലോക്കി ഫെര്‍ഗ്യൂസന്റെ വരവോടെ ബൗളിംഗ് മൂര്‍ച്ച കൂടിയതാണ് ആശ്വാസം. 

Latest Videos

undefined

പഞ്ചാബിനോട് തോറ്റെങ്കിലും ഡല്‍ഹിയുടെ നില ഭദ്രമാണ്. അവസാന രണ്ട് കളിയിലും സെഞ്ച്വറി നേടിയ ശിഖര്‍ ധവാനൊപ്പം എന്തിനും പോന്ന യുവനിരയാണ് ക്യാപിറ്റല്‍സ് നിരയിലുള്ളത്. മോശം ഫോമിലുള്ള ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പകരം അജിന്‍ക്യ രഹാനെ ടീമിലെത്തിയേക്കും. സ്റ്റോയിനിസിന്റെ ഓള്‍റൗണ്ട് മികവിനൊപ്പം റബാഡയുടെ പേസും അശ്വിന്റെയും അക്‌സര്‍ പട്ടേലിന്റെയും സ്പിന്നും കൂടിയാവുമ്പോള്‍ ഡല്‍ഹിക്ക് ആശങ്കയൊന്നുമില്ല. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ഡല്‍ഹി 18 റണ്‍സിന് കൊല്‍ക്കത്തയെ തോല്‍പിച്ചിരുന്നു.

സാധ്യതാ ഇലവന്‍

ഡല്‍ഹി കാപിറ്റല്‍സ്: അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്മയേര്‍, ഡാനിയേല്‍ സാംസ്/ ആന്റിച്ച് നോര്‍ജെ, മാര്‍കസ് സ്‌റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാദ, തുഷാര്‍ ദേശ്പാണ്ഡെ. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശുഭ്മാന്‍ ഗില്‍, ടോം ബാന്റണ്‍, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, രാഹുല്‍ ത്രിപദി, പാറ്റ് കമ്മിന്‍സ്, ലോക്കി ഫെര്‍ഗൂസണ്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.

 

click me!