ആ സ്ഥാനത്ത് ഇനി വാര്‍ണര്‍ ഒറ്റയ്ക്കല്ല; ഐപിഎല്ലില്‍ സുപ്രധാന നേട്ടം പങ്കിട്ട് ഡിവില്ലിയേഴ്‌സ്

By Web Team  |  First Published Oct 17, 2020, 10:56 PM IST

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്രിസ് ഗെയ്ല്‍, മുംബൈ ഇന്ത്യന്‍സിന്റെ കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഏഴ് വീതം അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.


ദുബായ്: രാജസ്ഥാന്‍ റോയല്‍സിനെതിരെ തോല്‍വി ഉറപ്പാക്കിയിടത്ത് നിന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജയിച്ചുകയറിയത്. ദുബായില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂര്‍ 19.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 22 പന്തില്‍ 55 റണ്‍സുമായി പുറത്താവാതെ നിന്ന എബി ഡിവില്ലിയേഴ്സാണ് ബാംഗ്ലൂരിന്റെ ഹീറോ. 

19ാം ഓവര്‍ എറിയാനെത്തിയ ജയ്‌ദേവ് ഉനദ്ഖട്ടിനെ കണക്കിന് ശിക്ഷിച്ചാണ് എബി ഡിവില്ലിയേഴ്്‌സ് വിജയം എളുപ്പമാക്കിയത്. അവസാന രണ്ട് ഓവറില്‍ 35 റണ്‍സാണ് ബാംഗ്ലൂരിന് വേണ്ടിയിരുന്നത്. എന്നാല്‍ 19ാം ഓവറില്‍ 25 റണ്‍സാണ് ഉനദ്ഖട് വിട്ടുകൊടുത്തത്. ഇതില്‍ ആദ്യ മൂന്ന് പന്തും ഡിവിയില്ലിയേഴ്‌സ് സിക്‌സ് പറത്തി. അവസാന ഓവറില്‍ ആര്‍ച്ചറേയും സിക്‌സടിച്ച് ഡിവില്ലിയേഴ്‌സ് ജയം ഉറപ്പാക്കുകയായിരുന്നു.

Latest Videos

undefined

പ്രകടനത്തോടൊപ്പം ഒരു സുപ്രധാന നേട്ടവും ഡിവില്ലിയേഴ്‌സിനെ തേടിയെത്തി. 25 അല്ലെങ്കില്‍ അതില്‍ കുറവോ പന്തുകളില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി ഡിവില്ലിയേഴ്‌സ്. ഈ നേട്ടം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം പങ്കിടുകയാണ് ഡിവില്ലിയേഴ്‌സ്. ഇത്തരത്തില്‍ 12 അര്‍ധ സെഞ്ചുറികളാണ് ഡിവില്ലിയേഴ്‌സും വാര്‍ണറും നേടിയത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്രിസ് ഗെയ്ല്‍, മുംബൈ ഇന്ത്യന്‍സിന്റെ കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഏഴ് വീതം അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിന്റെ പേരില്‍ ഇത്തരത്തില്‍ ആറ് അര്‍ധ സെഞ്ചുറികളുണ്ട്.

മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചും ഡിവില്ലിയേഴ്‌സായിരുന്നു. ആറ് സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ്. 79 റണ്‍സാണ് ഗുര്‍കീരത് സിംഗിനൊപ്പം ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തത്.

click me!