കൂറ്റനടികള്‍ മറന്ന് ധോണിയും കൂട്ടരും; ഡല്‍ഹിയുടെ യുവനിരക്ക് മുന്നില്‍ ചെന്നൈ മുട്ടുമടക്കി

By Web Team  |  First Published Sep 25, 2020, 11:06 PM IST

വിജയലക്ഷ്യമായ 176 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തുടക്കത്തിലെ പ്രതിരോധത്തിലാക്കാന്‍ ഡല്‍ഹി ബൗളര്‍മാര്‍ക്കായി. സീസണിലെ മികച്ച ഫോം തുടര്‍ന്ന ഫാഫ് ഡുപ്ലസിക്കും ഫിനിഷിംഗിന് പേരുകേട്ട നായകന്‍ എം എസ് ധോണിക്കും ടീമിനെ ജയിപ്പിക്കാനുമായില്ല. 


ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തളച്ച് ഡല്‍ഹി കാപിറ്റല്‍സിന്‍റെ യുവനിര. 44 റണ്‍സിനാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്‍റെയും ജയം. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 131 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സീസണിലെ മികച്ച ഫോം തുടര്‍ന്ന ഫാഫ് ഡുപ്ലസിക്കും ഫിനിഷിംഗിന് പേരുകേട്ട നായകന്‍ എം എസ് ധോണിക്കും ടീമിനെ ജയിപ്പിക്കാനായില്ല. ഡല്‍ഹിക്കായി കാഗിസോ റബാദ മൂന്നും ആന്‍‌റിച്ച് നോര്‍ജെ രണ്ടും വിക്കറ്റ് വീഴ്‌ത്തി. 

എല്ലാം പിഴച്ച് ചെന്നൈ

Latest Videos

undefined

വിജയലക്ഷ്യമായ 176 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തുടക്കത്തിലെ പ്രതിരോധത്തിലാക്കാന്‍ ഡല്‍ഹി ബൗളര്‍മാര്‍ക്കായി. പവര്‍പ്ലേക്കിടയില്‍ തന്നെ ഓപ്പണര്‍മാര്‍ മടങ്ങി. അക്ഷാര്‍ പട്ടേലിന്‍റെ അഞ്ചാം ഓവറില്‍ ഷെയ്‌ന്‍ വാട്‌സണും ആന്‍‌റി‌ച്ച് നോര്‍ജെ എറിഞ്ഞ ആറാം ഓവറില്‍ മുരളി വിജയ്‌യും വീണു. വാട്‌സണ്‍ 14 ഉം വിജയ് 10 ഉം റണ്‍സ് മാത്രമേ നേടിയുള്ളൂ. ഇതോടെ പവര്‍പ്ലേയില്‍ 34-2. അഞ്ച് റണ്‍സ് മാത്രമെടുത്ത റിതുരാജ് ഗെയ്‌ക്‌വാദിനെ പിന്നാലെ അക്ഷാര്‍ റണ്ണൗട്ടാക്കി. 

ഫാഫ് ഡുപ്ലസിസും കേദാര്‍ ജാദവും ക്രീസില്‍ നില്‍ക്കേ അവസാന അഞ്ച് ഓവറില്‍ ചെന്നൈക്ക് 81 റണ്‍സ് വേണമെന്നായി. 21 പന്തില്‍ 26 റണ്‍സെടുത്ത കേദാറിനെ 16-ാം ഓവറില്‍ നോര്‍ജെ എല്‍ബിയാക്കിയതോടെ എം എസ് ധോണി ക്രീസിലെത്തി. വീണ്ടുമൊരു അര്‍ധ സെഞ്ചുറിയിലേക്ക് എന്ന് തോന്നിച്ച ഡുപ്ലസി 18-ാം ഓവറിലെ രണ്ടാം പന്തില്‍ റബാദക്ക് കീഴടങ്ങി. 35 പന്തില്‍ 43 റണ്‍സാണ് സമ്പാദ്യം. അവസാന ഓവറിലെ 49 റണ്‍സ് ലക്ഷ്യം ചെന്നൈക്ക് അപ്രാപ്യമായിരുന്നു. റബാദയുടെ അവസാന ഓവറില്‍ ധോണിയും(12 പന്തില്‍ 15) ജഡേജയും(9 പന്തില്‍ 12) പുറത്താവുകയും ചെയ്തു.  
    
പൃഥ്വി ഷാ മിന്നി, പിന്നെയെല്ലാം ശോകം

കരുതലോടെയാണ് പൃഥ്വി ഷായും ശിഖര്‍ ധവാനും ഡല്‍ഹിക്കായി ഓപ്പണ്‍ ചെയ്തത്. പവര്‍പ്ലേയില്‍ നേടിയത് 36 റണ്‍സ് മാത്രം. എന്നാല്‍ ഇതിന് ശേഷം ഗിയര്‍മാറ്റിയ ഷാ 35 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. 11-ാം ഓവറിലെ നാലാം പന്തിലാണ് ഈ കൂട്ടുകെട്ട് ചെന്നൈ പൊളിച്ചത്. 27 പന്തില്‍ 37 റണ്‍സെടുത്ത ധവാന്‍ എല്‍ബിയായി. കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞ പീയുഷ് ചൗളക്കായിരുന്നു വിക്കറ്റ്. ഈ നേരം ഡല്‍ഹി സ്‌കോര്‍ 94ല്‍ എത്തിയിരുന്നു.

ഒരു ഓവറിന്‍റെ ഇടവേളയില്‍ ഷായും മടങ്ങി. ക്രീസ് വിട്ടിറങ്ങിയ താരത്തെ ധോണി സ്റ്റംപ് ചെയ്‌തു. 43 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം ഷാ 64 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ഹേസല്‍വുഡും കറനും റിഷഭ് പന്തിനെയും ശ്രേയസ് അയ്യരെയും കൂറ്റനടികള്‍ക്ക് അനുവദിച്ചില്ല. ഇതാണ് വമ്പന്‍ സ്‌കോറില്‍ നിന്ന് ഡല്‍ഹിയെ തടഞ്ഞത്. കറന്‍റെ 19-ാം ഓവറിലെ അവസാന പന്തില്‍ അയ്യര്‍(22 പന്തില്‍ 26) ധോണിക്ക് ക്യാച്ച് നല്‍കി മടങ്ങുകയും ചെയ്തു. പന്തും(37) സ്റ്റോയിനിസും(5) പുറത്താകാതെ നിന്നു. 

Read more: അവിശ്വസനീയം, വിക്കറ്റിന് പിന്നില്‍ ധോണിയുടെ ആന മണ്ടത്തരം; രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

click me!