ആര്‍ച്ചര്‍ കൊടുങ്കാറ്റിനെ അതിജീവിച്ച് ഡല്‍ഹി; രാജസ്ഥാനെതിരെ മാന്യമായ സ്‌കോര്‍

By Web Team  |  First Published Oct 14, 2020, 9:15 PM IST

രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 


ഡല്‍ഹി: ആര്‍ച്ചര്‍ കൊടുങ്കാറ്റിനെ അതിജീവിച്ച് രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച സ്‌കോര്‍. നിശ്‌ചിത 20 ഓവറില്‍ ഡല്‍ഹി ഏഴ് വിക്കറ്റിന് 161 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാനും ശ്രേയസ് അയ്യരുമാണ് ഡല്‍ഹിക്ക് തുണയായത്. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 

ആഞ്ഞടിച്ച് ആര്‍ച്ചര്‍, ഇരട്ട പ്രഹരം

Latest Videos

undefined

ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ പൃഥ്വി ഷായുടെ മിഡില്‍ സ്റ്റംപ് പിഴുതാണ് ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയത്. ആര്‍ച്ചറുടെ പന്തില്‍ ബാറ്റ് വെച്ച ഷായ്‌ക്ക് ലൈന്‍ പിഴച്ചപ്പോള്‍ പന്ത് ബാറ്റിലുരസി വിക്കറ്റിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇന്നിംഗ്‌സിലെ ആദ്യ പന്തിലെ വിക്കറ്റ് ആര്‍ച്ചര്‍ ആനന്ദന‍ൃത്തവുമായി ആഘോഷമാക്കി. എന്നാല്‍ ഗോള്‍ഡണ്‍ ഡക്കായതിന്‍റെ അവിശ്വസനീയതയോടെ തലകുലുക്കി മടങ്ങുകയായിരുന്നു പൃഥ്വി ഷാ. 

വണ്‍‌ഡൗണായി എത്തിയത് അജിങ്ക്യ രഹാനെ. ഉനദ്‌ഘട്ട് എറിഞ്ഞ രണ്ടാം ഓവറില്‍ ഏഴ് റണ്‍സുമായി ധവാനും രഹാനെയും പ്രതിരോധിച്ചു. ആര്‍ച്ചര്‍ വീണ്ടും പന്തെടുത്തപ്പോള്‍ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ രഹാനെ ഉത്തപ്പയുടെ കൈകളിലെത്തി. രഹാനെ നേടിയത് ഒന്‍പത് പന്തില്‍ രണ്ട് റണ്‍സ് മാത്രം. ഇതോടെ ധവാനും അയ്യരും വലിയ സാഹസികതകളില്ലാതെ പവര്‍പ്ലേ(47-2) പൂര്‍ത്തിയാക്കുകയായിരുന്നു. 

ധവാന്‍- ശ്രേയസ് രക്ഷാപ്രവര്‍ത്തനം

അര്‍ധ സെഞ്ചുറിയുമായി ശിഖര്‍ ധവാനും കരുതലോടെ നായകന്‍ ശ്രേയസ് അയ്യരും ക്രീസിലൊന്നിച്ചപ്പോള്‍ മൂന്നാം വിക്കറ്റില്‍ ഡല്‍ഹി കരകയറി. ഇരുവരും ചേര്‍ത്തത് 85 റണ്‍സ്. 33 പന്തില്‍ 57 റണ്‍സെടുത്ത ധവാനെ 12-ാം ഓവറില്‍ ശ്രേയാസ് ഗോപാല്‍, ത്യാഗിയുടെ കൈകളില്‍ എത്തിച്ചു. വൈകാതെ ഉനദ്ഘട്ടിനെ സിക്‌സര്‍ പറത്തി ശ്രേയസ് 40 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. എന്നാല്‍ തൊട്ടടുത്ത ത്യാഗിയുടെ ഓവറില്‍ ശ്രേയസിനെ(43 പന്തില്‍ 53) ആര്‍ച്ചര്‍ അനായാസ ക്യാച്ചില്‍ പറഞ്ഞയച്ചു. 

അവസാന ഓവറുകളില്‍ ത്യാഗിയും ആര്‍ച്ചറും ഉനദ്‌ഘട്ടും പിടിമുറുക്കിയപ്പോള്‍ സ്റ്റോയിനിസിനും ക്യാരിക്കും വെടിക്കെട്ട് പുറത്തെടുക്കാനായില്ല. ആര്‍ച്ചര്‍ എറിഞ്ഞ 19-ാം ഓവറിലെ അവസാന പന്തില്‍ സ്റ്റോയിനിസ് 19 റണ്‍സുമായി മടങ്ങി. ഉനദ്ഘട്ടിന്‍റെ അവസാന ഓവറിലെ നാലാം പന്തില്‍ ക്യാരിയും(14) പുറത്ത്. അവസാന പന്തില്‍ അക്ഷാര്‍ പട്ടേലിനെയും(7) മടക്കി ഡല്‍ഹിയെ രാജസ്ഥാന്‍ 161ല്‍ ഒതുക്കി. ആര്‍ച്ചറുടെ മൂന്ന് വിക്കറ്റിന് പുറമേ ഉനദ്‌ഘട്ട് രണ്ടും ത്യാഗിയും ഗോപാലും ഓരോ വിക്കറ്റും നേടി. 

ഇങ്ങനെയൊക്കെ ചെയ്യാമോ...ആദ്യ പന്തില്‍ ഷായുടെ സ്റ്റംപ് കവര്‍ന്ന് ആര്‍ച്ചറുടെ ആനന്ദനൃത്തം- വീഡിയോ

click me!