ഇത് ധോണിയുടെ പകരംവീട്ടല്‍; പൃഥ്വി ഷായുടെ കാര്യത്തില്‍ സംഭവിച്ചത് നാടകീയത- വീഡിയോ

By Web Team  |  First Published Sep 26, 2020, 9:52 AM IST

പുറത്താകുമ്പോള്‍ 43 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 64 റണ്‍സെടുത്തു പൃഥ്വി ഷാ.


ദുബായ്: ബാറ്റിംഗും ക്യാപ്റ്റന്‍സിയും കൈമോശം വന്നെങ്കിലും എം എസ് ധോണിക്ക് ഒരു കാര്യത്തില്‍ ആശ്വസിക്കാം. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തിലും മികച്ചൊരു സ്റ്റംപിംഗ് കാഴ്‌ചവെക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനായി. അര്‍ധ സെഞ്ചുറി തികച്ച് നിലയുറപ്പിച്ചിരുന്ന ഓപ്പണര്‍ പൃഥ്വി ഷായെയാണ് ധോണി 'അതിവേഗം' മടക്കിയത്. 

Latest Videos

undefined

വലിയ സാഹസിക ഷോട്ടുകളൊന്നുമില്ലാതെ കരുതലോടെയാണ് പൃഥ്വി ഷാ തുടങ്ങിയത്. മനോഹരമായ ബൗണ്ടറികള്‍ ഒഴുകിയ ഇന്നിംഗ്‌സില്‍ 35 പന്തില്‍ താരം അര്‍ധ സെഞ്ചുറി തികച്ചു. എന്നാല്‍ 13-ാം ഓവര്‍ എറിയാനെത്തിയ സീനിയര്‍ സ്‌പിന്നര്‍ പീയുഷ് ചൗള, ഷായ്‌ക്ക് കുരുക്കൊരുക്കി. ചൗളയെ ക്രീസ് വിട്ടിറങ്ങി നേരിടാനൊരുങ്ങിയ ഷായ്‌ക്ക് പിഴച്ചു. പന്ത് ബാറ്റില്‍ തട്ടാതെ പിന്നിലേക്ക്. പിന്നെ എന്ത് സംഭവിച്ചിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒറ്റകൈയില്‍ പന്തെടുത്ത് ധോണി ബെയ്‌ല്‍‌സിന്‍റെ കാര്യം തീരുമാനമാക്കി. 

 

ധോണിയുടെ സ്റ്റംപിംഗ് കാണാം

പുറത്താകുമ്പോള്‍ 43 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 64 റണ്‍സെടുത്തു പൃഥ്വി ഷാ. 148.84 സ്‌ട്രൈക്ക് റേറ്റിലായിരുന്നു യുവതാരത്തിന്‍റെ ബാറ്റിംഗ്. ഷായുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 175 റണ്‍സെടുത്തു. മത്സരം 44 റണ്‍സിന് ഡല്‍ഹി ജയിക്കുകയും ചെയ്‌തു. മറുപടി ബാറ്റിംഗില്‍ ചെന്നൈക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 131 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പൃഥ്വി ഷായാണ് മാന്‍ ഓഫ് ദ് മാച്ച്. 

നേരത്തെ ഇന്നിംഗ്‌സിന്‍റെ രണ്ടാം പന്തില്‍ ഷായെ പുറത്താക്കാനുള്ള അവസരം ധോണി പാഴാക്കിയിരുന്നു. ദീപക് ചഹാറിന്‍റെ പന്ത് ഷായുടെ ബാറ്റില്‍ ഉരസിയെങ്കിലും ധോണി അറിയാതെ പോവുകയായിരുന്നു. ഇതില്‍ ധോണിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയുണ്ടായി. ഇതേ ധോണി തന്നെ പിന്നീട് ഷായെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ചെങ്കിലും മത്സരഫലം ഡല്‍ഹിക്ക് അനുകൂലമായി.

Read more: അവിശ്വസനീയം, വിക്കറ്റിന് പിന്നില്‍ ധോണിയുടെ ആന മണ്ടത്തരം; രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

click me!