ഇന്ത്യയുടെ യുവ ക്യാപ്റ്റന്‍ തിളങ്ങി; ചെന്നൈക്കെതിരെ ഹൈദരാബാദിന് ഭേദപ്പെട്ട സ്കോര്‍

By Web Team  |  First Published Oct 2, 2020, 9:22 PM IST

ടോസിലെ ഭാഗ്യം ഹൈദരാബാദിനെ തുടക്കത്തില്‍ തുണച്ചില്ല. തകര്‍ച്ചയോടെയാണ് ഹൈദരാബാദ് തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ ദീപക് ചാഹര്‍ ജോണി ബെയര്‍സ്റ്റോയെ പൂജ്യനായി മടക്കി.


ദുബായ്: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച യുവനായകന്‍ പ്രിയം ഗാര്‍ഗ് വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ്  20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 51 റണ്‍സെടുത്ത പ്രിയം ഗാര്‍ഗാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍.

തകര്‍ച്ചയോടെ തുടങ്ങി

Latest Videos

undefined

ടോസിലെ ഭാഗ്യം ഹൈദരാബാദിനെ തുടക്കത്തില്‍ തുണച്ചില്ല. തകര്‍ച്ചയോടെയാണ് ഹൈദരാബാദ് തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ ദീപക് ചാഹര്‍ ജോണി ബെയര്‍സ്റ്റോയെ പൂജ്യനായി മടക്കി. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും മനീഷ് പാണ്ഡെയും ചേര്‍ന്ന് സണ്‍റൈസേഴ്സിനെ 50ന് അടുത്ത് എത്തിച്ചെങ്കിലും വാര്‍ണറുടെ മെല്ലെപ്പോക്ക് ഹൈദരാബാദിന് തിരിച്ചടിയായി. 21 പന്തില്‍ 29 റണ്‍സെടുത്ത മനീഷ് പാണ്ഡെ സ്കോറിംഗ് വേഗമുയുര്‍ത്താനുള്ള സമ്മര്‍ദ്ദത്തില്‍ ഷര്‍ദ്ദുല്‍ ഠാക്കൂരിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

നടുവൊടിഞ്ഞു

വില്യംസണിലും വാര്‍ണറിലുമായിരുന്നു ഹൈദരാബാദിന്‍റെ ബാറ്റിംഗ് പ്രതീക്ഷകള്‍. എന്നാല്‍ പിയൂഷ് ചൗളയെ സിക്സിന് പറത്താനുള്ള വാര്‍ണറുടെ(29 പന്തില്‍ 28) ശ്രമം ലോംഗ് ഓണില്‍ ഡൂപ്ലെസിയുടെ മനോഹര ക്യാച്ചില്‍ മടങ്ങി. തൊട്ടടുത്ത പന്തില്‍ കെയ്ന്‍ വില്യംസണ്‍(13 പന്തില്‍ 9) റണ്ണൗട്ടായതോടെ ഹൈദരാബാദ് തകര്‍ന്നടിയുമെന്ന് കരുതിയതാണ്.

അവസാനം യൂത്ത് ഫെസ്റ്റിവല്‍

എന്നാല്‍ യുവതാരം പ്രിയം ഗാര്‍ഗും അഭിഷേക് ശര്‍മയും ചേര്‍ന്ന് ദൈഹരാബാദിനെ 150 കടത്തി. 23 പന്തില്‍ ഐപിഎല്ലിലെ ആദ്യ അര്‍ധസെഞ്ചുറി കണ്ടെത്തിയ പ്രിയം ഗാര്‍ഗിന്‍റെ ഇന്നിംഗ്സാണ് ഹൈദരാബാദിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 24 പന്തില്‍ 31 റണ്‍സെടുത്ത അഭിഷേക് ശര്‍മ പുറത്തായശേഷം അബ്ദുള്‍ സമദിനെ കൂട്ടുപിടിച്ച് ഹൈദരാബാദിനെ 164 റണ്‍സിലെത്തിച്ചു.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍  മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം ഇറങ്ങുന്നത്. ആദ്യ മൂന്ന് മത്സരങ്ങിലും തിളങ്ങാതിരുന്ന ഓപ്പണര്‍ മുരളി വിജയിന് പകരം അംബാട്ടി റായുഡു ടീമില്‍ തിരിച്ചെത്തി. ചെന്നൈയുടെ എക്കാലത്തെയും വലിയ സൂപ്പര്‍ താരങ്ങളിലൊരാളായ ഡ്വയിന്‍ ബ്രാവോയും ഐപിഎല്ലില്‍ ആദ്യ മത്സരം കളിക്കാനിറങ്ങുന്നു. ബ്രാവോ ടീമിലെത്തിയപ്പോള്‍ യുവതാരം റിതുരാജ് ഗെയ്‌ക്‌വാദ് പുറത്തായി. ഓസീസ് പേസര്‍ ജോഷ് ഹേസല്‍വു‌ഡിന് പകരം ശര്‍ദ്ദുല്‍ ഠാക്കൂര്‍ ടീമിലെത്തിയതാണ് മറ്റൊരു മാറ്റം.

click me!