ഹൈദരാബാദിനെ വീഴ്ത്തി ചെന്നൈ വീണ്ടും വിജയവഴിയില്‍

By Web Team  |  First Published Oct 13, 2020, 11:27 PM IST

ചെന്നൈ ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദ് കരുതലോടെയാണ് തുടങ്ങിയത്. നാലാം ഓവറില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ(9) മടക്കി സാം കറന്‍ ഹൈദരാബാദിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.


ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 20 റണ്‍സിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണ്ടും വിജയവഴിയില്‍. ചെന്നൈ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തിയ ചെന്നൈ പോയന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് ആറാം സ്ഥാനത്തേക്ക് കയറി. സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 168/6, സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 147/8.

പൊരുതിനോക്കി വില്യംസണ്‍

Latest Videos

undefined

ചെന്നൈ ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദ് കരുതലോടെയാണ് തുടങ്ങിയത്. നാലാം ഓവറില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ(9) മടക്കി സാം കറന്‍ ഹൈദരാബാദിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. തൊട്ടുപിന്നാലെ മനീഷ് പാണ്ഡെ(4) ബ്രാവോയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി.

ജോണി ബെയര്‍സ്റ്റോയും കെയ്ന്‍ വില്യംസണും ചേര്‍ന്ന് പത്താം ഓവറില്‍ സ്കോര്‍ 59ല്‍ എത്തിച്ചെങ്കില്‍ ബെയര്‍സ്റ്റോയെ മടക്കി ജഡേജ ആ പ്രതീക്ഷ തല്ലികെടുത്തി. 36 പന്തില്‍ 57 റണ്‍സെടുത്ത വില്യംസണും പ്രിയം ഗാര്‍ഗും(16) ചേര്‍ന്ന് പോരാട്ടം നയിച്ചെങ്കിലും റണ്‍റേറ്റിന്‍റെ സമ്മര്‍ദ്ദത്തില്‍ പ്രിയം ഗാര്‍ഗും വീണു. പിന്നാലെയെത്തിയ വിജയ് ശങ്കര്‍ ബ്രാവോയെ സിക്സിന് പറത്തി പ്രതീക്ഷ നല്‍കിയെങ്കിലും ബ്രാവോ തന്നെ ശങ്കറെ(12) മടക്കി.

അവസാന പ്രതീക്ഷയായ വില്യംസണെ(57) കാണ്‍ ശര്‍മ ശര്‍ദ്ദുല്‍ താക്കൂറിന്‍റെ കൈകളില്‍ എത്തിച്ചതോടെ ഹൈദരാബാദിന്‍റെ പോരാട്ടം തീര്‍ന്നു. റാഷിദ് ഖാന്‍റെ പോരാട്ടം(8 പന്തില്‍ 14) ഹൈദരാബാദിന്‍റെ പരാജയഭാരം കുറച്ചു. ചെന്നൈക്കായി കാണ്‍ ശര്‍മയും ഡ്വയിന്‍ ബ്രാവോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സാം കറനും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റെടുത്തു.

നേരത്തെ ഷെയ്ന്‍ വാട്സന്‍റെയും അംബാട്ടി റായുഡുവിന്‍റെയും ബാറ്റിംഗ് മികവിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് മികച്ച സ്കോര്‍ കുറിച്ചത്. 21 പന്തില്‍ 31 റണ്‍സെടുത്ത സാം കറനും 10 പന്തില്‍ 25 റണ്‍സടിച്ച രവീന്ദ്ര ജഡേജയും ചെന്നൈക്കായി തിളങ്ങി. അവസാന ഓവറുകളില്‍ ആഞ്ഞടിക്കുമെന്ന് കരുതിയ ധോണിക്ക് ഒരു സിക്സും രണ്ട് ബൗണ്ടറിയുമടക്കം 13 പന്തില്‍ 21 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഹൈദരാബാദിനായി സന്ദീപ് ശര്‍മയും നടരാജനും  ഖലീല്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Powererd By

click me!