പ്ലേ ഓഫിന് അടുത്തെത്തി നില്‍ക്കുമ്പോള്‍ ടീമിലെ എല്ലാവര്‍ക്കും ബൗളിംഗിന് അവസരം ലഭിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ധോണി
ചെന്നൈ: ഐപിഎല്ലില്‍ ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെ 27 റണ്‍സിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിനോട് ഒരുപടി കൂടി അടുത്തപ്പോള്‍ നിര്‍ണായകമായത് വാലറ്റത്ത് ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഇന്നിംഗ്സായിരുന്നു. ഒമ്പത് പന്തില്‍ രണ്ട് സിക്സും ഒരു ഫോറും പറത്തിയ ധോണി 20 റണ്‍സെടുത്ത് പുറത്തായി. ചെപ്പോക്കിലെ സ്ലോ പിച്ചില്‍ 150ല്‍ താഴെ ഒതുങ്ങുമെന്ന് കുരുതിയ ചെന്നൈയെ 167ല്‍ എത്തിച്ചതില്‍ ധോണിയുടെ പ്രകടനവും നിര്‍ണായകമായി.
മത്സരത്തിനിടെ സിംഗിളുകളെടുക്കാന്‍ ഓടുമ്പോള്‍ ധോണി കാലിലെ പരിക്ക് മൂലം മുടന്തുന്നത് കാണാമായിരുന്നു. പിന്നീട് വിക്കറ്റ് കീപ്പ് ചെയ്യുമ്പോഴും ഓടുന്നതിനിടെ ധോണി പലവട്ടം മുടന്തിയിരുന്നു. മത്സരശേഷം സമ്മാനദാനച്ചടങ്ങിനിടെ ധോണി തന്‍റെ പരിക്കിനെക്കുറിച്ചും ടീമിലെ റോളിനെക്കുറിച്ചും വിശദീകരിച്ചു.
undefined
ബാറ്റിഗിനിറങ്ങിയാല്‍ എന്‍റെ ജോലി കുറഞ്ഞ പന്തില്‍ കൂടുതല്‍ റണ്‍സടിക്കുക എന്നതാണ്. അതാണ് ഞാന്‍ ചെയ്യുക എന്ന് ടീം അംഗങ്ങളോടും ഞാന്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ എന്നെ അധികം ഓടിക്കരുതെന്നും ഞാനവരോട് പറഞ്ഞിട്ടുണ്ട്. അതാണിപ്പോള്‍ ഞാന്‍ ചെയ്യുന്നത്. അത് ചെയ്യാനാവുന്നതില്‍ സംതൃപ്തനാണെന്നും ധോണി പറഞ്ഞു.
പ്ലേ ഓഫിന് അടുത്തെത്തി നില്‍ക്കുമ്പോള്‍ ടീമിലെ എല്ലാവര്‍ക്കും ബൗളിംഗിന് അവസരം ലഭിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ധോണി പറഞ്ഞു. പവര്‍ പ്ലേയിലാണെങ്കിലും ഫ്ലാറ്റ് വിക്കറ്റില്‍ പോലും മികച്ച രീതിയില്‍ പന്തെറിയുന്ന ബൗളറാണ് മിച്ചല്‍ സാന്‍റ്നര്‍. സാന്‍റ്നര്‍ക്ക് ഇതുവരെ കാര്യമായ അവസരം നല്‍കാനായിട്ടില്ല. അതുപോലെ ഓപ്പണിംഗില്‍ റുതുരാജ് ഗെയ്ക്‌വാദും മികച്ച പ്രകടനമാണ് നടത്തുന്നത്. അനായാസം ബാറ്റ് ചെയ്യുന്ന ഗെയ്ക്‌വാദ് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലും മിടുക്കനാണ്. മത്സര സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും അതിന് അനുസരിച്ച് കളി മാറ്റാനുള്ള കഴിവുമുണ്ട് റുതുരാജിന്. മത്സരത്തെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ള റുതുരാജിനെപ്പോലുള്ള കളിക്കാരെയാണ് ടീമിന് ആവശ്യമെന്നും ധോണി പറഞ്ഞു.
ഡല്‍ഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 168 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 37 പന്തില്‍ 35 റണ്‍സെടുത്ത റിലെ റൂസോ ആയിരുന്നു ഡല്‍ഹിയുടെ ടോപ് സ്കോറര്‍. തോല്‍വിയോടെ ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേറ്റപ്പോള്‍ ചെന്നൈ പ്ലേ ഓഫിനോട് ഒരുപടി കൂടി അടുത്തു.