ബാംഗ്ലൂരും ഡല്‍ഹിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ശ്രദ്ധ രണ്ട് മലയാളി താരങ്ങളില്‍

By Web Team  |  First Published Oct 5, 2020, 1:32 PM IST

 ഉഗ്രന്‍ ഫോമിലുള്ള ബാംഗ്ലൂരിന്റെ ദേവ്ദത്ത് പടിക്കലും ഡല്‍ഹിയുടെ ശ്രേയസ് അയ്യരും. ഇരുവരും തകര്‍പ്പന്‍ ഫോമിലാണ്. ദേവ്ദത്ത് നല്‍കുന്ന തുടക്കമാണ് ബാംഗ്ലൂരിന്റെ അടിത്തറ.


ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി കാപിറ്റല്‍സും ഇന്ന് നേര്‍ക്കുനേര്‍ വരുമ്പോള്‍ രണ്ട് മറുനാടന്‍ മലയാളി താരങ്ങളായിരിക്കും ശ്രദ്ധാകേന്ദ്രങ്ങള്‍. ഉഗ്രന്‍ ഫോമിലുള്ള ബാംഗ്ലൂരിന്റെ ദേവ്ദത്ത് പടിക്കലും ഡല്‍ഹിയുടെ ശ്രേയസ് അയ്യരും. ഇരുവരും തകര്‍പ്പന്‍ ഫോമിലാണ്. ദേവ്ദത്ത് നല്‍കുന്ന തുടക്കമാണ് ബാംഗ്ലൂരിന്റെ അടിത്തറ. അയ്യരാവാട്ടെ ഡല്‍ഹി മധ്യനിരയിലെ ഉരുക്കുകോട്ടയും. 

അരങ്ങേറ്റ മത്സരത്തിലെ ഉഗ്രന്‍ ബാറ്റിംഗ് താല്‍ക്കാലിക പ്രകടനമല്ലെന്ന് തെളിയിച്ച് മുന്നേറുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍. വിരാട് കോലിയും എ ബി ഡിവിലിയേഴ്‌സും ആരോണ്‍ ഫിഞ്ചുമുള്ള ബാറ്റിംഗ് നിരയിലെ വിശ്വസ്തനാണിപ്പോള്‍ കര്‍ണാടകയുടെ മലയാളിതാരം. സ്ഥിരതയില്ലായ്മ പ്രധാന ആശങ്കയായ ബാംഗ്ലൂരിന്റെ നാല് ഇന്നിംഗ്‌സില്‍ മൂന്നിലും അര്‍ധസെഞ്ചുറി നേടി. മൊത്തം 147 റണ്‍സാണ് സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 63. മൂന്ന് സിക്‌സും 19 ബൗണ്ടറികളുമാണ് ഇതുവരെ ഇരുപതുകാരനായ ദേവ്ദത്തിന്റെ ബാറ്റില്‍നിന്ന് പിറന്നത്.

Latest Videos

undefined

ഐപിഎല്ലിലെ ഏറ്റവും പ്രായംകുറഞ്ഞ നായകനായ ശ്രേയസ് അയ്യര്‍ ഡല്‍ഹി ബാറ്റിംഗിന്റെ നെടുന്തൂണാണ്. നാല് കളിയില്‍ നേടിയത് 170 റണ്‍സ്. 88 നോട്ടൗട്ടൗണ് മുംബൈ മലയാളിയുടെ ഉയര്‍ന്ന സ്‌കോര്‍. 25കാരനായ ശ്രേയസ് 2015ലാണ് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്. 66 കളിയില്‍ 14 അര്‍ധസെഞ്ച്വറികളോടനആകെ 1851 റണ്‍സ് നേടിയിട്ടുണ്ട്.

പോയിന്റ് പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തും നില്‍ക്കുന്ന ടീമുകളാണ് ഡല്‍ഹി കാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും. നാല് മത്സരങ്ങളില്‍ നിന്ന് ഇരുവര്‍ക്കു നാല് ആറ് പോയിന്റ് വീതമുണ്ട്. എന്നാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഡല്‍ഹിയാണ് മുന്നില്‍.

click me!