നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദി; പരിക്കിനെ കുറിച്ച് നിര്‍ണായക വിവരം പുറത്തുവിട്ട് അശ്വിന്‍

By Web Team  |  First Published Sep 21, 2020, 11:55 PM IST

തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കെ ഗ്രൗണ്ട് വിടേണ്ടിവന്നത്, വരും മത്സരങ്ങളില്‍ ടീമിന് തിരിച്ചടിയായേക്കുമോ എന്നുള്ള ഭീതി ഡല്‍ഹി ആരാധകര്‍ക്കുണ്ടായിരുന്നു. 


ദുബായ്: ഐപിഎല്‍ പുതിയ സീസണില്‍ ആശ്ചര്യമുണര്‍ത്തുന്നതായിരുന്നു ഡല്‍ഹി കാപിറ്റല്‍സ് സ്പിന്നര്‍ ആര്‍ അശ്വിന്റെ അരങ്ങേറ്റം. കഴിഞ്ഞ ദിവസം കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ തോളിന് പരിക്കേറ്റ അശ്വിന്‍ ഒരു ഓവറിന് ശേഷം കളം വിട്ടിരുന്നു. ഒരോവര്‍ മാത്രമാണ് താരത്തിന് എറിയാന്‍ സാധിച്ചത്. ആ ഓവറില്‍ രണ്ട് വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയിരുന്നത്. അതും രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത്. തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കെ ഗ്രൗണ്ട് വിടേണ്ടിവന്നത് വരും മത്സരങ്ങളില്‍ ടീമിന് തിരിച്ചടിയായേക്കുമോ എന്നുള്ള ഭീതി ഡല്‍ഹി ആരാധകര്‍ക്കുണ്ടായിരുന്നു. 

എന്നാലിപ്പോള്‍ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് അശ്വിന്‍. ഇന്നലെ ഗ്രൗണ്ട് വിട്ട ശേഷം സ്‌കാന്‍ ചെയ്തുവെന്നും വേദനയ്ക്ക് കുറവണ്ടെന്നും അശ്വിന്‍ ട്വിറ്റില്‍ വ്യക്തമാക്കി. എന്നാല്‍ അടുത്ത മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മത്സരിക്കാനാകുമോ എന്നുള്ള കാര്യം അശ്വിന്‍ പറഞ്ഞില്ല. താരത്തിന്റെ ട്വീറ്റ് ഇങ്ങനെ... ''കിംഗ്‌സ് ഇലവനെതിരായ മത്സരത്തില്‍ ഗ്രൗണ്ട് വിടുമ്പോള്‍ കടുത്ത വേദനയുണ്ടായിരുന്നു. എന്നാലിപ്പോള്‍ വേദന കുറഞ്ഞു. സ്‌കാന്‍ റിപ്പോര്‍ട്ടില്‍ വലിയ പരിക്കൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദി.'' അശ്വിന്‍ കുറിച്ചിട്ടു.

Latest Videos

undefined

നേരത്തെ, താന്‍ പൂര്‍ണായും ഫിറ്റാണെന്നാണ് അശ്വിന്‍ വെളിപ്പെടുത്തിയതായി അയ്യര്‍ വ്യക്തമാക്കിയിരുന്നു. ക്യാപ്റ്റന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു... ''ഞാന്‍ അശ്വിനോട് സംസാരിച്ചിരുന്നു. അടുത്ത മത്സരത്തില്‍ കളിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പറയാന്‍ എനിക്ക് കഴിയില്ല. തീരുമാനമെടുക്കേണ്ടത് ഫിസിയോയാണ്. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ഇനി കളിക്കുന്ന കാര്യം തീരുമാനിക്കുക.'' അയ്യര്‍ വ്യക്തമാക്കി.

ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുള്ള അടുത്ത മത്സരത്തില്‍ അശ്വിന്‍ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിംഗും വ്യക്തമാക്കി. ട്വിറ്ററിലാണ് ഇക്കാര്യത്തില്‍ പോണ്ടിംഗ് അഭിപ്രായം പറഞ്ഞത്.

click me!