ഈ ഐപിഎല്‍ സീസണ്‍ ധോണിയുടേതാണെന്ന തലത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. കൊല്‍ക്കത്തയിലും മുംബൈയിലും ജയ്പുരിലുമൊക്കെ ധോണിയെ കാണാൻ സിഎസ്കെയുടെ മഞ്ഞപ്പട്ടാളം ഇരച്ചെത്തിയിരുന്നു
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകൻ എം എസ് ധോണിയുടെ വലിയ ആരാധകനാണ് താനെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ധോണിയെ തമിഴ്നാടിന്‍റെ ദത്തുപുത്രൻ എന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്. താരം ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഇനിയും കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രചോദനമാണെന്നും സ്റ്റാലിൻ പറഞ്ഞു. അതേസമയം, ഈ ഐപിഎല്‍ സീസണ്‍ ധോണിയുടേതാണെന്ന തലത്തിലാണ് കാര്യങ്ങള്‍ പോകുന്നത്.
കൊല്‍ക്കത്തയിലും മുംബൈയിലും ജയ്പുരിലുമൊക്കെ ധോണിയെ കാണാൻ സിഎസ്കെയുടെ മഞ്ഞപ്പട്ടാളം ഇരച്ചെത്തിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണ്‍ എം എസ് ധോണിയുടെ അവസാന എഡിഷനായിരിക്കും എന്ന അഭ്യൂഹം ഐപിഎല്‍ 2023 തുടങ്ങും മുമ്പേ സജീവമായിരുന്നു. ഇതോടെയാണ് ആരാധകര്‍ ധോണിയുടെ ഓരോ മത്സരങ്ങളും വിടാതെ കാണാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം വിരമിക്കല്‍ സംബന്ധിച്ചുള്ള കമന്‍റേറ്ററുടെ തമാശ കലര്‍ത്തിയുള്ള ചോദ്യത്തിന് ധോണിയില്‍ നിന്ന് ലഭിച്ച ഉത്തരം ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
undefined
ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് എതിരെയുള്ള മത്സരത്തിലെ ടോസിനായി വന്നപ്പോള്‍ ഡാനി മോറിസണാണ് ആ ചോദ്യം എടുത്തിട്ടത്. അവസാന സീസണ്‍ എങ്ങനെ ആസ്വദിക്കുന്നു എന്നാണ് മോറിസണ്‍ ചോദിച്ചത്. എന്നാല്‍, ഇത് കേട്ട് ചിരിച്ച ധോണി നിങ്ങളല്ലേ ഇത് എന്‍റെ അവസാന സീസണ്‍ ആണെന്ന് തീരുമാനിച്ചേ, താൻ അല്ലല്ലോ എന്നാണ് ധോണി പറഞ്ഞത്. നേരത്തെ, ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് സിഎസ്‌കെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗും നിലപാട് വ്യക്തമാക്കിയിരുന്നു. വിരമിക്കലിനെ കുറിച്ച് എം എസ് ധോണിയൊന്നും സൂചിപ്പിച്ചിട്ടില്ല എന്നാണ് സ്റ്റീഫന്‍ ഫ്ലെമിംഗിന്‍റെ പ്രതികരണം.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം ഇതായിരിക്കും അവസാന ഐപിഎല്‍ സീസണ്‍ എന്ന സൂചന ധോണി ആരാധകര്‍ക്ക് നല്‍കിയിരുന്നു. 'തീര്‍ച്ചയായും പ്രായമായി, അത് മറച്ചുവെച്ചിട്ട് കാര്യമില്ല. തന്‍റെ കരിയറിലെ അവസാന ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. അതിനാല്‍ കളിയിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണ്' എന്നുമാണ് കമന്‍റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെയുടെ ചോദ്യത്തിന് എം എസ് ധോണി മറുപടി പറഞ്ഞാണ്. എന്നാല്‍ എംഎസ്‌ഡി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ മഞ്ഞ ജേഴ്‌സിയില്‍ അടുത്ത സീസണിലും കളിക്കാനുണ്ടാകും എന്ന് വിശ്വസിക്കുന്ന ആരാധകരും ഏറെയുണ്ട്.