എല്ലാം നല്ല രീതിയിൽ പോകുന്നതിനിടെ 19-ാം ഓവറിലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ആവേശ് ഖാൻ എറിഞ്ഞ പന്ത് മൂന്നാം അമ്പയർ നോ ബോൾ അനുവദിച്ചില്ല.
ഹൈദരാബാദ്: ലഖ്നൗ സൂപ്പർ ജയന്റ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന മത്സരത്തിലെ പ്രശ്നങ്ങളിൽ കടുത്ത നിലപാടുമായി ബിസിസിഐ. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നാടകീയ സംഭവങ്ങളാണ് ശനിയാഴ്ച അരങ്ങേറിയത്. എല്ലാം നല്ല രീതിയിൽ പോകുന്നതിനിടെ 19-ാം ഓവറിലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ആവേശ് ഖാൻ എറിഞ്ഞ പന്ത് മൂന്നാം അമ്പയർ നോ ബോൾ അനുവദിച്ചില്ല.
ഹെൻറിച്ച് ക്ലാസൻ ഇതിനെ കുറിച്ച് ഫീൽഡ് അമ്പയറോട് പരാതിപ്പെട്ടെങ്കിലും ഗുണകരമായ തീരുമാനം ഒന്നും ഉണ്ടായില്ല. പിന്നാലെ മത്സരശേഷം അമ്പയർമാരുടെ നിലവാരം ക്ലാസൻ ചോദ്യം ചെയ്തിരുന്നു. ഇതോടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ദക്ഷിണാഫ്രിക്കൻ താരത്തിന് മാച്ച് ഫീയുടെ 10 ശതമാനം ബിസിസിഐ പിഴ ചുമത്തി. പൊതുവായി വിമർശനം ഉന്നയിച്ച് ആർട്ടിക്കിൾ 2.7 പ്രകാരം ലെവൽ 1 കുറ്റമാണ് ക്ലാസൻ ചെയ്തതെന്നാണ് വിശദീകരണം.
undefined
ലഖ്നൗ സ്പിന്നൽ അമിത് മിശ്രയെ ബിസിസിഐ ശാസിക്കുകയും ചെയ്തു. അൻമോൽപ്രീത് സിംഗിനെ പുറത്താക്കിയ ശേഷം അമിത്, പന്ത് നിലത്തേക്ക് ശക്തിയായി എറിഞ്ഞിരുന്നു. കൂടാതെ അൻമോൽപ്രീതിനെ രൂക്ഷമായി നോക്കുകയും ചെയ്തു. ഐപിഎൽ പെരുമാറ്റച്ചട്ടം ആർട്ടിക്കിൾ 2.2 പ്രകാരം ലെവൽ വൺ കുറ്റമാണ് അമിത് ചെയ്തത്.
അതേസമയം, നോ ബോൾ തർക്കം കഴിഞ്ഞ ശേഷം കാണികൾ ലഖ്‌നൗ ഡഗൗട്ടിലേക്ക് നട്ടും ബോൾട്ടും വലിച്ചെറിഞ്ഞതായാണ് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസിൻറെ റിപ്പോർട്ട്. നട്ടും ബോൾട്ടും എറിഞ്ഞതോടെ ലഖ്‌നൗ മുഖ്യ പരിശീലകൻ ആൻഡി ഫ്ലവറും കോച്ചിംഗ് സ്റ്റാഫും താരങ്ങളും പരിഭ്രാന്തരായി ഗ്രൗണ്ടിലേക്ക് ഇറങ്ങി. ഇതോടെ മത്സരം തടസപ്പെട്ടു. ഓൺ ഫീൽഡ് അംപയർമാർ എത്തിയാണ് രംഗം ശാന്തമാക്കിയത്.