കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെ വരുൺ ചക്രവർത്തിക്കും മലയാളി താരം സന്ദീപ് വാര്യർക്കും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ബാംഗ്ലൂർ-കൊൽക്കത്ത മത്സരം മാറ്റിവെച്ചിരുന്നു.
മുംബൈ: ഐപിഎൽ ടീമുകളിൽ കൊവിഡ് ആശങ്ക പടരുന്നതിനിടെ ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം മുംബൈയിലേക്ക് മാറ്റാനൊരുങ്ങി ബിസിസിഐ. ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം മുംബൈയിലെ വാംഖഡെ, ഡിവൈ പാട്ടീൽ, ബ്രാബോൺ സ്റ്റേഡിയങ്ങളിൽ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. വാംഖഡെ സ്റ്റേഡിയത്തിൽ ഈ സീസണിൽ മത്സരങ്ങൾ നടന്നിരുന്നു. എന്നാൽ മറ്റ് രണ്ട് സ്റ്റേഡിയങ്ങളും പരിശീലനത്തിനായാണ് ഉപയോഗിച്ചിരുന്നത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെ വരുൺ ചക്രവർത്തിക്കും മലയാളി താരം സന്ദീപ് വാര്യർക്കും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ബാംഗ്ലൂർ-കൊൽക്കത്ത മത്സരം മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെ ചെന്നൈ ടീമിന്റെ ബൗളിംഗ് പരിശീലകനായ ലക്ഷിപതി ബാലാജിക്കും സിഇഒ കാശി വിശ്വനാഥനും ടീം ബസിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് ഐപിഎൽ മത്സരങ്ങൾ മുംബൈയിലേക്ക് മാത്രമായി പരിമിതപ്പെടുത്താൻ ബിസിസിഐ ആലോചിക്കുന്നത്. ഇതുവഴി വേദികളിൽ നിന്ന് വേദികളിലേക്കുള്ള താരങ്ങളുടെ യാത്ര ഒഴിവാക്കാനാവുമെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്.
കൊൽക്കത്ത താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹി ക്യാപിറ്റൽസ് താരങ്ങളോട് ക്വാറന്റീനിൽ പോവാൻ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ഡൽഹിയുമായാണ് കൊൽക്കത്ത ഐപിഎല്ലിൽ അവസാന മത്സരം കളിച്ചത്. കൊവിഡ് ഭീതിയെത്തുടർന്ന് അഞ്ച് വിദേശ താരങ്ങൾ നേരത്തെ ടീം വിട്ടിരുന്നു. ടൂർണമെന്റിൽ തുടരണോ അതോ പിൻവാങ്ങണോ എന്ന കാര്യം കളിക്കാർക്ക് തീരുമാനിക്കാമെന്ന് ദക്ഷിണാഫ്രിക്കയുടെയും ഓസ്ട്രേലിയയുടെയും ക്രിക്കറ്റ് ബോർഡുകൾ വ്യക്തമാക്കുകയും ചെയ്തു.