അശ്വിന്‍റെ ടീമിനെതിരെ മങ്കാദിങ് ശ്രമം; വില്ലനും നായകനുമായി മുംബൈ ഇന്ത്യന്‍സ് താരം

By Web Team  |  First Published Mar 30, 2019, 8:08 PM IST

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്‌പിന്നര്‍ ക്രുനാല്‍ പാണ്ഡ്യയാണ് മങ്കാദിങിന് ശ്രമിച്ചത്. 


മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും മങ്കാദിങ് വിവാദം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്‌പിന്നര്‍ ക്രുനാല്‍ പാണ്ഡ്യയാണ് മങ്കാദിങിന് ശ്രമിച്ചത്. മായങ്ക് അഗര്‍വാളിനെയാണ് ക്രുനാല്‍ ഇത്തരത്തില്‍ പുറത്താക്കാന്‍ തയ്യാറെടുത്തത്. ദിവസങ്ങള്‍ക്ക് മുന്‍പ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ജോസ് ബട്‌ലറെ മങ്കാദിങിലൂടെ കിംഗ്‌സ് ഇലവന്‍ നായകന്‍ ആര്‍ അശ്വിന്‍ പുറത്താക്കിയിരുന്നു. ഈ സംഭവം ഏറെ വിവാദമായിരുന്നു.

കിംഗ്‌സ് ഇലവന്‍ ഇന്നിംഗ്‌സിലെ 10-ാം ഓവറില്‍ പന്തെറിയുകയായിരുന്നു ക്രുനാല്‍. കെ എല്‍ രാഹുല്‍ പന്ത് നേരിടാന്‍ തയ്യാറെടുത്ത് നില്‍ക്കവേ നോണ്‍ സ്‌ട്രൈക്കര്‍ മായങ്ക് ക്രീസ് വിടാന്‍ ശ്രമിച്ചു. എന്നാല്‍ മായങ്കിനെ പുറത്താക്കാതെ വാണിംഗില്‍ മാത്രം ക്രുനാല്‍ തന്‍റെ തന്ത്രം ഒതുക്കി. ഇതോടെ ക്രുനാല്‍ പാണ്ഡ്യക്ക് വിമര്‍ശനവും കയ്യടിയും ഒരേസമയം ലഭിക്കുകയാണ്. 

pic.twitter.com/d9nZj6ovYd

— Liton Das (@BattingAtDubai)

Latest Videos

ഇന്നത്തെ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം പഞ്ചാബ് സ്വന്തമാക്കി. മുംബൈ മുന്നോട്ടുവെച്ച 177 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് എട്ട് പന്ത് ബാക്കിനില്‍ക്കേ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ സ്വന്തമാക്കി. ഗെയ്‌ലും രാഹുലും നല്‍കിയ തുടക്കവും മായങ്കിന്‍റെ വെടിക്കെട്ടുമാണ് കിംഗ്‌സ് ഇലവന് വിജയം സമ്മാനിച്ചത്. എന്നാല്‍ കഴിഞ്ഞ കളിയില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ അവസാന ഓവറില്‍ വീഴ്‌ത്തിയ പ്രകടനം മുംബൈ ബൗളര്‍മാര്‍ക്ക് ആവര്‍ത്തിക്കാനായില്ല.

click me!