അഞ്ചാം തോല്‍വിക്ക് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബൗളർമാരെ രൂക്ഷമായി വിമർശിച്ച് നായകന്‍ വിരാട് കോലി. അവസാന നാല് ഓവറിലെ കൃത്യതയില്ലാത്ത ബൗളിംഗാണ് തോൽവിക്ക് കാരണമെന്ന് കോലി.
ബെംഗളൂരു: ഐപിഎല്ലിലെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിക്ക് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബൗളർമാരെ രൂക്ഷമായി വിമർശിച്ച് നായകന്‍ വിരാട് കോലി. അവസാന നാല് ഓവറിലെ കൃത്യതയില്ലാത്ത ബൗളിംഗാണ് തോൽവിക്ക് കാരണമെന്ന് മത്സരശേഷം കോലി പറഞ്ഞു. ജയത്തിനരികെ എത്തിയ ബാംഗ്ലൂര്‍ റസല്‍ വെടിക്കെട്ടില്‍ നിയന്ത്രണം നഷ്ടമായ ബൗളര്‍മാര്‍ മൂലം കളി കൈവിടുകയായിരുന്നു.
ആന്ദ്രേ റസല്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലായി. 17-ാം ഓവറില്‍ സെയ്‌നി 13 റണ്‍സ് വഴങ്ങി. സിറാജും സ്റ്റോയിനിസുമെറിഞ്ഞ 18-ാം ഓവറില്‍ 23 റണ്‍സ്. ഡെത്ത് ഓവറുകളിലെ സ്ലോ ബോളുകള്‍ക്ക് പേരുകേട്ട സൗത്തിയുടെ 19-ാം ഓവറില്‍ പിറന്നത് 29 റണ്‍സ്. എന്നിങ്ങനെയാണ് അവസാന ഓവറുകളില്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ അടിവാങ്ങിക്കൂട്ടിയത്. ഇതോടെ അവസാന മൂന്ന് ഓവറില്‍ 53 റണ്‍സ് എന്ന അപ്രാപ്യമായ വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് കോലി(49 പന്തില്‍ 84), എബിഡി(32 പന്തില്‍ 63), സ്റ്റോയിനിസ്(13 പന്തില്‍ 28) വെടിക്കെട്ടില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 205 റണ്‍സെടുത്തു. പാര്‍ത്ഥീവ് 25 റണ്‍സെടുത്തു. നരൈയ്‌നും കുല്‍ദീപും റാണയും ഓരോ വിക്കറ്റ് വീഴ്‌ത്തി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഒരുസമയം തോല്‍വി മുന്നില്‍ കണ്ടതാണ്. എന്നാല്‍ 13 പന്തില്‍ ഏഴ് സിക്‌സും ഒരു ബൗണ്ടറിയും സഹിതം 48 റണ്‍സെടുത്ത റസല്‍ ബാംഗ്ലൂരിനെ ഞെട്ടിച്ചു. ലിന്‍ 43 റണ്‍സും റാണ 37ഉം ഉത്തപ്പ 33 റണ്‍സുമെടുത്തു. അഞ്ച് വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ ജയം.