ഒരു പത്തുവര്‍ഷം കവിയുമ്പോള്‍ താങ്കള്‍ക്കും എന്നെപ്പോലെ 437 ടെസ്റ്റ് വിക്കറ്റൊക്കെ നേടാന്‍ കഴിയട്ടെ.
ബംഗലൂരു: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ യുവരാജ് സിംഗ് തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ പറത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഓര്‍മവന്നുവെന്ന് പറഞ്ഞ ചാഹലിന് മറുപടിയുമായി ബ്രോഡ്. 2007ലെ ടി20 ലോകകപ്പില്‍ ബ്രോഡിനെ യുവി ഒരോവറില്‍ ആറ് സിക്സറിന് പറത്തിയതിനെ പരാമര്‍ശിച്ചായിരുന്നു ചാഹലിന്റെ കമന്റ്.
എന്നാല്‍ ചാഹലിന്റെ പരാമര്‍ശം സ്പോര്‍ട്മാന്‍ സ്പിരിറ്റോടെ ഉള്‍ക്കൊണ്ട ബ്രോഡ് മറുപടി നല്‍കിയതാകട്ടെ ഇങ്ങനെയും. ഒരു പത്തുവര്‍ഷം കവിയുമ്പോള്‍ താങ്കള്‍ക്കും എന്നെപ്പോലെ 437 ടെസ്റ്റ് വിക്കറ്റൊക്കെ നേടാന്‍ കഴിയട്ടെ. യുവിയുടെ സിക്സറുകളില്‍ തളരാതെ രാജ്യാന്തര ക്രിക്കറ്റില്‍ സ്വന്തം പേരെഴുതി ചേര്‍ത്തതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതായിരുന്നു ബ്രോഡിന്റെ മറുപടി.
മുംബൈ ഇന്ത്യന്‍സിനെതിരെ ചാഹല്‍ എറിഞ്ഞ പതിമൂന്നാം ഓവറില്‍ ആദ്യ മൂന്ന് പന്തുകളും യുവരാജ് സിംഗ് സിക്സറിന് പറത്തിയിരുന്നു. നാലാം പന്തിലും സിക്സറിന് ശ്രമിച്ചെങ്കിലും ലോംഗ് ഓഫില്‍ മുഹമ്മദ് സിറാജിന്റെ ഉജ്ജ്വല ക്യാച്ചില്‍ പുറത്തായി. ഇതിനുശേഷമായിരുന്നു ബ്രോഡിനെ പരാമര്‍ശിച്ച് ചാഹലിന്റെ കമന്റ് എത്തിയത്.