2013ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്(ഇപ്പോഴത്തെ കാപിറ്റല്‍സ്) ആദ്യ ആറ് മത്സരങ്ങളിലും തോല്‍വി അറിഞ്ഞിരുന്നു. ഇന്ന് അതേ ഡല്‍ഹിയാണ് ബാംഗ്ലൂരിനെ നാണക്കേടിന്‍റെ പടുകുഴിയിലേക്ക് തള്ളിയിട്ടത്.
ബെംഗളൂരു: ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം തോല്‍വിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് വഴങ്ങിയത്. സീസണിന്‍റെ തുടക്കത്തിലെ ആറ് മത്സരങ്ങളിലും ഒരു ടീം പരാജയപ്പെടുന്നത് ഇത് രണ്ടാം തവണ മാത്രം. 2013ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്(ഇപ്പോഴത്തെ കാപിറ്റല്‍സ്) ആദ്യ ആറ് മത്സരങ്ങളിലും തോല്‍വി അറിഞ്ഞിരുന്നു. ഇന്ന് അതേ ഡല്‍ഹിയാണ് ബാംഗ്ലൂരിനെ നാണക്കേടിന്‍റെ പടുകുഴിയിലേക്ക് തള്ളിയിട്ടത് എന്നതാണ് കൗതുകം.
ഡല്‍ഹി കാപിറ്റല്‍സ് നാല് വിക്കറ്റിനാണ് ബാംഗ്ലൂരിനെ തറപറ്റിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിനില്‍ക്കേ ഡല്‍ഹി സ്വന്തമാക്കി. അര്‍ദ്ധ സെഞ്ചുറി നേടിയ ശ്രേയസും(67) നാല് വിക്കറ്റുമായി റബാഡയുമാണ് വിജയശില്‍പികള്‍. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 149 റണ്‍സെടുത്തു. വിരാട് കോലിയാണ്(41) ബാംഗ്ലൂരിന്‍റെ ടോപ് സ്‌കോറര്‍.