മങ്കാദിംഗ് വിവാദം: മനസുതുറന്ന് അശ്വിന്‍; ആന്‍ഡേഴ്സണും മറുപടി

By Web Team  |  First Published Apr 5, 2019, 1:49 PM IST

ആന്‍ഡേഴ്സണ്‍ സ്വന്തം രാജ്യക്കാരനായ കളിക്കാരനെ പിന്തുണച്ചതില്‍ യാതൊരു തെറ്റുമില്ല. എന്റെ നാട്ടുകാരായ കളിക്കാരും ഇത്തരത്തില്‍ എന്നെ പിന്തുണച്ചിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്.


ചണ്ഡ‍ീഗഡ്: ഐപിഎല്ലിലെ മങ്കാദിംഗ് വിവാദത്തില്‍ മനസുതുറന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിന്‍. മങ്കാദിംഗ് വിവാദം തന്നെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് അശ്വിന്‍ ആജ് തക്കിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

ഞാന്‍ നിയമത്തിനുള്ളില്‍ നിന്ന് മാത്രമെ പ്രവര്‍ത്തിച്ചിട്ടുള്ളു. അതുകൊണ്ടുതന്നെ ചെയ്ത കാര്യങ്ങളെക്കുറിച്ച് എനിക്ക് നിരാശയില്ല. അതെന്നെ ഒരുതരിപോലും ബാധിച്ചിട്ടുമില്ല. ജോസ് ബട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് എന്റെ ഫോട്ടോ വെട്ടിനുറുക്കിയ ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണും നാളെ അവസരം കിട്ടിയാല്‍ മങ്കാദിംഗ് നടത്തും-അശ്വിന്‍ പറഞ്ഞു.

Latest Videos

undefined

ആന്‍ഡേഴ്സണ്‍ സ്വന്തം രാജ്യക്കാരനായ കളിക്കാരനെ പിന്തുണച്ചതില്‍ യാതൊരു തെറ്റുമില്ല. എന്റെ നാട്ടുകാരായ കളിക്കാരും ഇത്തരത്തില്‍ എന്നെ പിന്തുണച്ചിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്. എങ്കിലും എന്റെ ടീം അംഗങ്ങളെല്ലാം എനിക്കൊപ്പം നിന്നു. നടന്ന കാര്യങ്ങളെക്കുറിച്ച് ഞാനെന്ത് പറഞ്ഞാലും അത് ചിലര്‍ക്കെങ്കിലും ഇഷ്ടമാകാനിടയില്ല. എന്നാല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്.

ബൗളര്‍മാര്‍ എപ്പോഴും ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 22 വാര ദൂരത്തുനിന്ന് മാത്രമെ  മാത്രമെ ബൗളര്‍മാര്‍ക്ക് പന്തെറിയാനാവൂ എങ്കില്‍ ബാറ്റ്സ്മാന്‍മാര്‍ക്കും ഇത് ബാധകമല്ലെ. ബൗളര്‍മാര്‍ ഒരടി മുന്നോട്ട് വെച്ചാല്‍ നോ ബോള്‍ വിളിക്കുന്നത് പിന്നെന്തിനാണ്. ബട്‌ലര്‍ എത്രമാത്രം മുന്നോട്ടുപോയി എന്നതിനെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഒരു രൂപയാണ് മോഷ്ടിക്കുന്നതെങ്കിലും അത് മോഷണം തന്നെയാണ്.

ALSO READ:മൗനം വെടിഞ്ഞ് ജോസ് ബട്‌ലര്‍; അശ്വിന്റെ മങ്കാദിങ് വിക്കറ്റിനെ കുറിച്ച് സംസാരിക്കുന്നു

കളിയുടെ മാന്യതക്ക് ചേര്‍ന്നതല്ല എന്റെ നടപടിയെന്നാണ് ചിലര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ പന്ത് ബാറ്റില്‍ തട്ടിയെന്ന് ഉറപ്പായിട്ടും ഔട്ട് അനുവദിക്കുമ്പോള്‍ ബാറ്റ്സ്മാന്‍മാര്‍ ഡിആര്‍എസിന് പോവുന്നത് മാന്യതയാണോ. ബാറ്റ്സ്മാനെന്ന നിലയില്‍ എനിക്കറിയാം എന്റെ ബാറ്റില്‍ പന്ത് തട്ടിയാല്‍. ഏകദിന ക്രിക്കറ്റിലാണെങ്കില്‍ ആദ്യം മുന്നറിയിപ്പ് കൊടുത്തശേഷം വീണ്ടും ആവര്‍ത്തിച്ചാല്‍ പുറത്താക്കുക എന്നതാണ് രീതി.

പക്ഷെ ഇത് ട്വന്റി-20 ക്രിക്കറ്റാണ്. ഇവിടെ മുന്നറിയിപ്പിനുള്ള സമയമില്ല. പന്തെറിയാന്‍ മന: പൂര്‍വം വൈകിച്ചു എന്നാണ് എനിക്കെതിരെയുള്ള മറ്റൊരു ആരോപണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ താന്‍ പന്തെറിയാനായി ക്രീസിലേക്ക് വരുമ്പോഴെ ബട്‌ലര്‍ നടന്നു തുടങ്ങിയിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു.

click me!