ഓപ്പണിംഗ് കൂട്ടുകെട്ട് പിരിഞ്ഞതിന് പിന്നാലെ മുംബൈയ്ക്ക് താളം നഷ്ടപ്പെട്ടു. സൂര്യകുമാര്‍ യാദവ് 11 റൺസെടുത്ത് പുറത്തായി, ഷമിക്കായിരുന്നു വിക്കറ്റ്.
മൊഹാലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു.
രോഹിത് ശര്‍മ്മയും ക്വിന്‍റണ്‍ ഡികോക്കും മുംബൈയ്ക്ക് സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കിയത്. ആറാമത്തെ ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ 51 റണ്‍സ് നില്‍ക്കേയാണ് ആദ്യ വിക്കറ്റ് വീഴുന്നത്. 19 പന്തില്‍ 32 റണ്‍സെടുത്ത രോഹിത് ശര്‍മ്മ, വില്‍ജോന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എന്നാല്‍ ഓപ്പണിംഗ് കൂട്ടുകെട്ട് പിരിഞ്ഞതിന് പിന്നാലെ മുംബൈയ്ക്ക് താളം നഷ്ടപ്പെട്ടു. സൂര്യകുമാര്‍ യാദവ് 11 റൺസെടുത്ത് പുറത്തായി, ഷമിക്കായിരുന്നു വിക്കറ്റ്.
സൂര്യകുമാര്‍ പുറത്തായതിന് പിന്നാലെ ഡികോക്ക് അര്‍ദ്ധ സെഞ്ചുറി തികച്ചു. എന്നാല്‍ 60 റണ്‍സില്‍ നില്‍ക്കേ ഡിക്കോക്കിനെ മടക്കി മുരുകന്‍ അശ്വിന്‍ പ്രഹരമേല്‍പിച്ചു. കഴിഞ്ഞ മത്സരത്തിലെ സിക്‌സറടി വീരന്‍ യുവി നേടിയത് 11 റണ്‍സ്. വീണ്ടും വിക്കറ്റ് മുരുകന്‍ അശ്വിന്. ഏഴ് റണ്‍സെടുത്ത പൊള്ളാര്‍ഡിനെ ടൈ മടക്കി. എന്നാല്‍ അവസാന ഓവറുകളില്‍ ഹര്‍ദ്ദീക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗ് (19 പന്തില്‍ 31) മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചു. പഞ്ചാബിനായി ഷമിയും വില്‍ജോനും മുരുഗന്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.