അവസാന ഓവറില്‍ മുംബൈ ഇന്ത്യന്‍സ്; ആര്‍സിബിക്ക് രണ്ടാം തോല്‍വി

By Web Team  |  First Published Mar 29, 2019, 12:06 AM IST

അവസാന ഓവര്‍ ത്രില്ലറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആദ്യജയം സ്വന്തമാക്കി. ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു മുംബൈയുടെ വിജയം.


ബംഗളൂരു: അവസാന ഓവര്‍ ത്രില്ലറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആദ്യജയം സ്വന്തമാക്കി. ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു മുംബൈയുടെ വിജയം. ബാംഗ്ലൂരിന് വേണ്ടി 41 പന്തില്‍ 70 റണ്‍സെടുത്ത് എബി ഡിവില്ലിയേഴ്‌സ് ഒരറ്റത്ത് പൊരുതി നിന്നെങ്കിലും വിജയം മാത്രം നേടാന്‍ സാധിച്ചില്ല. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് 20 ഓവറില്‍ 181 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഡിവില്ലിയേഴ്‌സിന് പുറമെ വിരാട് കോലി 32 പന്തില്‍ 46 റണ്‍സെടുത്തു. പാര്‍ത്ഥിവ് പട്ടേല്‍ (31), മൊയീന്‍ അലി (13), ഷിംറോണ്‍ ഹെറ്റ്മ്യര്‍ (5), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (2) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. ശിവം ദുബെ (9) പുറത്താവാതെ നിന്നു. മുംബൈക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റെടുത്തു. 

Latest Videos

undefined

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സടിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡീ കോക്കും ചേര്‍ന്ന് ആറോവറില്‍ 54 റണ്‍സടിച്ച് മുംബൈക്ക് ആശിച്ച തുടക്കമാണ് നല്‍കിയത്. 23 റണ്‍സെടുത്ത ഡീകോക്ക് മടങ്ങിയശേഷം സൂര്യകുമാര്‍ യാദവും(24 പന്തില്‍ 38) തകര്‍ത്തടിച്ചതോടെ മുംബൈ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും രോഹിത്തിനെ ഉമേഷും സൂര്യകുമാര്‍ യാദവിനെ ചാഹലും മടക്കിയതോടെ മുംബൈ ഇന്നിംഗ്‌സിന്റെ ഗതിവേഗം കുറഞ്ഞു.

ചാഹലിനെതിരെ തുടര്‍ച്ചയായി മൂന്ന് സിക്‌സറുകള്‍ അടിച്ചു തുടങ്ങിയ യുവരാജ് സിംഗ് പഴയപ്രതാപത്തിന്റെ മിന്നലാട്ടങ്ങള്‍ പുറത്തെടുത്തെങ്കിലും 12 പന്തില്‍ 23 റണ്ണുമായി നാലാം സിക്‌സറിനുള്ള ശ്രമത്തില്‍ ചാഹലിന് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. കീറോണ്‍ പൊള്ളാര്‍ഡും(5), ക്രുനാല്‍ പാണ്ഡ്യയും(1) കാര്യമായ സംഭാവനയില്ലാതെ മടങ്ങിയതോടെ മുംബൈ വലിയ സ്‌കോര്‍ നേടില്ലെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹര്‍ദ്ദിക് പാണ്ഡ്യ(14 പന്തില്‍ 32) മുംബൈയെ 187 റണ്‍സിലെത്തിച്ചു.

ബംഗളൂരുവിനായി ഉമേഷ് യാദവ് നാലോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ യുസ്വേന്ദ്ര ചാഹല്‍ 38 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ബംഗലൂരുവിനായി മുഹമ്മദ് സിറാജും രണ്ട് വിക്കറ്റെടുത്തു.

click me!