ഐപിഎല്ലില്‍ ഇരുവരും നായകന്‍മാരാണ്. ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും നയിക്കുന്നു.
ദില്ലി: എം എസ് ധോണി ക്യാപ്റ്റന്‍സി ഉപേക്ഷിച്ചപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പകരക്കാരനെ അധികം തിരയേണ്ടിവന്നില്ല. ഇന്ത്യക്ക് അണ്ടര്‍ 19 ലോകകപ്പ് നേടിത്തന്ന നായകനും ബാറ്റിംഗ് ജീനിയസുമായ കോലിയെ നായകനാക്കി. എന്നാല്‍ ഐപിഎല്ലില്‍ ഇരുവരും നായകന്‍മാരാണ്. ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും നയിക്കുന്നു.
ഇരുവരുടെയും ക്യാപ്റ്റന്‍സിയില്‍ കാര്യമായ വ്യത്യാസമുണ്ടെന്ന് ലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര പറയുന്നു. 'രണ്ട് പേരും മികച്ച കളിക്കാരാണ്. വിസ്‌മയ വ്യക്തിത്വങ്ങളാണ്. ലോകോത്തര ക്യാപ്റ്റന്‍മാരാണ്. എന്നാല്‍ പിന്‍ ബഞ്ചില്‍ ഇരുന്ന് സഹതാരങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് കളി ജയിക്കുന്ന നായകനാണ് ധോണി. സമ്മര്‍ദ്ദ ഘട്ടങ്ങള്‍ പോലും ധോണിക്ക് ദുര്‍ഘടമാകുന്നില്ല. ഇതേസമയം കോലി, സഹതാരങ്ങള്‍ക്കായി വളരെയേറെ വൈകാരികമായി ഇടപെടുകയാണ്. അന്താരാഷ്ട്ര തലത്തില്‍ വിജയിച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് കോലി, അത് ഐപിഎല്ലിലും കൊണ്ടുവരേണ്ടതുണ്ടെന്നും സംഗക്കാര വ്യക്തമാക്കി.
ഇന്ത്യന്‍ കുപ്പായത്തില്‍ ധോണിയുടെ പിന്തുടര്‍ച്ചക്കാരനായി കോലി വിജയരാവങ്ങളോടെ ടീമിനെ നയിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ ടീം ഇന്ത്യയുടെ പ്രകടനം അത് സാക്ഷ്യപ്പെടുത്തുന്നു. ഓസ്‌ട്രേലിയയില്‍ ചരിത്ര ടെസ്റ്റ് പരമ്പര ജയം നേടിയത് തന്നെ ഒരു ഉദാഹരണം. എന്നാല്‍ ഐപിഎല്ലില്‍ കോലിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് അത്ര ശോഭനമല്ല. കോലിക്ക് കീഴില്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഇതുവരെ കിരീടം നേടാനായിട്ടില്ല. എന്നാല്‍ ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മൂന്ന് തവണ ചാമ്പ്യന്‍മാരാക്കി.