ഹൈദരാബാദിനെ മറികടക്കുമോ ഡല്‍ഹിയുടെ യുവ കരുത്ത്. ഡൽഹി ക്യാപിറ്റൽസ്- സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടം ഇന്ന്.
ദില്ലി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാത്രി എട്ടിന് ദില്ലി ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയത്തിലാണ് മത്സരം. ബാറ്റിംഗ് കരുത്തുമായാണ് ഹൈദരാബാദും ഡൽഹിയും നേർക്കുനേർ വരുന്നത്.
യുവത്വത്തിന്‍റെ പ്രസരിപ്പുണ്ടെങ്കിലും സ്ഥിരതയില്ലായ്മയും മധ്യനിരയുടെ മങ്ങിയ ഫോമും ഡൽഹിയെ വലയ്ക്കുന്നു. പഞ്ചാബിനെതിരെ കൈപ്പിടിയിലായ ജയം ഡൽഹിക്ക് നഷ്ടമായത് മധ്യനിരയുടെ തകർച്ചയിലൂടെ. ശിഖർ ധവാൻ, പൃഥ്വി ഷാ, നായകന്‍ ശ്രേയസ് അയ്യർ, ഋഷഭ് പന്ത് എന്നിവരുടെ ബാറ്റുകളാവും ഡൽഹി ഇന്നിംഗ്സിൽ നിർണായകമാവുക. റബാഡയിലാണ് ബൗളിംഗ് പ്രതീക്ഷ.
undefined
റണ്ണൊഴുക്കുന്ന ഡേവിഡ് വാർണർ തന്നെയാവും ഡൽഹിയുടെ പ്രധാന വെല്ലുവിളി. ഉഗ്രൻ ഫോമിൽ ബാറ്റുവീശുന്ന വാർണർ സെഞ്ച്വറിയടക്കം 254 റൺസ് നേടിക്കഴിഞ്ഞു. ജോണി ബെയ്ർസ്റ്റോയും സെഞ്ച്വറിയോടെ ബാറ്റിഗ് കരുത്ത് തെളിയിച്ചുകഴിഞ്ഞു. കെയ്ൻ വില്യംസൺ, മനീഷ് പാണ്ഡെ, യൂസഫ് പഠാൻ, റഷീദ് ഖാൻ, ഭുവനേശ്വർ കുമാർ എന്നിവർക്കൊപ്പം വിജയ് ശങ്കറിന്‍റെയും ഷാക്കിബ് അൽ ഹസന്‍റെയും ഓൾറൗണ്ട് മികവ് കൂടിയാവുമ്പോൾ ഹൈദരാബാദ് അതിശക്തർ.
ഐപിഎല്ലിൽ ഇരുടീമും ഇതിന് മുൻപ് ഏറ്റുമുട്ടിയത് 12 കളിയിൽ. ഹൈദരാബാദ് എട്ടിലും ഡൽഹി നാലിലും ജയിച്ചു.