ഐപിഎല്ലിന്‍റെ ഈ എഡിഷനില്‍ ഡത്ത് ഓവറുകളിലെ(16-20) സ്‌ട്രൈക്ക് റേറ്റില്‍ റസലാണ് മുന്നില്‍. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസണും ഡെത്ത് ഓവര്‍ വെടിക്കെട്ടില്‍ പുലിയാണ്.
മുംബൈ: ഐപിഎല്‍ 12-ാം എഡിഷനില്‍ ബാറ്റിംഗ് വെടിക്കെട്ട് കൊണ്ട് വിസ്‌മയം തീര്‍ക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ആന്ദ്രേ റസല്‍. ഡത്ത് ഓവറുകളിലാണ് റസല്‍ എതിരാളികളുടെ നെഞ്ചില്‍ തീ കോരിയിട്ടത്. ഐപിഎല്ലിന്‍റെ ഈ എഡിഷനില്‍ ഡത്ത് ഓവറുകളിലെ(16-20) സ്‌ട്രൈക്ക് റേറ്റില്‍ റസല്‍ തന്നെയാണ് മുന്നില്‍. രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസണും ഡെത്ത് ഓവര്‍ വെടിക്കെട്ടില്‍ പുലിയാണ്.
ഐപിഎല്ലില്‍ 16 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഡെത്ത് ഓവറുകളില്‍ 41 പന്തില്‍ 122 റണ്‍സാണ് റസല്‍ അടിച്ചുകൂട്ടിയത്. റസലിന്‍റെ സ്‌ട്രൈക്ക് റേറ്റ് 297.56. അതായത് ഓരോ ബോളിലും ശരാശരി മൂന്ന് റണ്‍സ് റസല്‍ അടിച്ചുകൂട്ടി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 19 പന്തില്‍ 49 അടിച്ച റസല്‍ കിംഗ്‌സ് ഇലവനെതിരെ 17 പന്തില്‍ 48 റണ്‍സടിച്ചു.
ഡെത്ത് ഓവര്‍ സ്‌ട്രൈക്ക് റേറ്റില്‍ മലയാളി താരം സഞ്ജു സാംസണാണ് രണ്ടാം സ്ഥാനത്ത്. 24 പന്തുകളില്‍ 62 റണ്‍സാണ് സഞ്ജുവിനുള്ളത്. സ്‌ട്രൈക്ക് റേറ്റ് 258.33. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 102 റണ്‍സടിച്ച് സെഞ്ചുറി നേടിയപ്പോള്‍ അവസാന 18 പന്തില്‍ സാംസണ്‍ 51 റണ്‍സാണ് അടിച്ചത്. 31 പന്തില്‍ 78 റണ്‍സുമായി ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഋഷഭ് പന്താണ് മൂന്നാം സ്ഥാനത്ത്. 251.61 ആണ് പന്തിന്‍റെ സ്‌ട്രൈക്ക് റേറ്റ്.