ക്ലാസ് ബാറ്റ്സ്‌മാനായി നിലനില്‍ക്കുമ്പോഴും നായകത്വത്തില്‍ കോലി അപ്രന്‍റിസ്(തൊഴില്‍ പഠിക്കുന്നവന്‍) മാത്രമാണെന്ന് ഗംഭീറിന്‍റെ രൂക്ഷ വിമര്‍ശനം.
ബെംഗളൂരു: ക്രിക്കറ്റില്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗംഭീര്‍- കോലി വാക്‌പോര്. ഗൗതം ഗംഭീറാണ് ഇപ്പോഴും പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ക്ലാസ് ബാറ്റ്സ്‌മാനായി നിലനില്‍ക്കുമ്പോഴും നായകത്വത്തില്‍ കോലി അപ്രന്‍റിസ്(തൊഴില്‍ പഠിക്കുന്നവന്‍) മാത്രമാണെന്ന് ഗംഭീര്‍ രൂക്ഷമായി വിമര്‍ശിച്ചു.
'കോലി തീര്‍ച്ചയായും ഒരു മാസ്റ്റര്‍ ബാറ്റ്സ്‌മാനാണ്. എന്നാല്‍ ക്യാപ്റ്റന്‍സി അയാള്‍ പഠിച്ചുവരുന്നതെയുള്ളൂ. കുറെയേറെ പഠിക്കാനുള്ളു. ബൗളര്‍മാരെ കുറ്റപ്പെടുത്തുന്നതിന് മുന്‍പ് സ്വയം വിമര്‍ശനം നടത്തുകയാണ് കോലി ചെയ്യേണ്ടത്. കൗശലക്കാരനായ നായകനായി കോലിയെ താന്‍ കണക്കാക്കുന്നില്ല. അയാള്‍ക്ക് ഇതുവരെ ഐപിഎല്‍ കിരീടം നേടാനായിട്ടില്ല. റെക്കോര്‍ഡുകള്‍ കൊണ്ട് മാത്രമാണ് ഒരാള്‍ മികച്ച നായകനാകൂ എന്നും ഗംഭീര്‍ തുറന്നടിച്ചു.
ഐപിഎല്‍ 12-ാം എഡിഷനില്‍ കളിച്ച ആറ് മത്സരങ്ങളിലും കോലിക്ക് കീഴില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തോല്‍വിയായിരുന്നു ഫലം. ഇതോടെ കോലിയുടെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ ബൗളര്‍മാരെ കുറ്റപ്പെടുത്തി തടിയൂരാനായിരുന്നു പലപ്പോഴും കോലിയുടെ ശ്രമം.