അകലാതെ ആശങ്ക, ലോകത്ത് കൊവിഡ് ബാധിതര്‍ 89 ലക്ഷം കടന്നു

By Web Team  |  First Published Jun 21, 2020, 8:17 AM IST

അമേരിക്കയിൽ 32,000 ലേറെ പേർക്കും ബ്രസീലിൽ 31,000 ലേറെ പേർക്കും 24 മണിക്കൂറിനിടെ രോഗം ബാധിച്ചു.


വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. ലോകത്ത് ഇതുവരെ നാലുലക്ഷത്തി അറുപത്തിയാറായിരത്തിഒരുനൂറ്റി തൊണ്ണൂറ്റിയെട്ടുപേരാണ് രോഗബാധിതരായി  മരിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗം പടരുകയാണ്. അമേരിക്കയിൽ 32,000 ലേറെ പേർക്കും ബ്രസീലിൽ 31,000 ലേറെ പേർക്കും 24 മണിക്കൂറിനിടെ രോഗം ബാധിച്ചു. ബ്രസീലിൽ 968 പേർ കൂടി മരിച്ചു. അമേരിക്കയിൽ 24 മണിക്കൂറിനിടെ 547 പേരാണ് മരിച്ചത്. ബ്രസീലിൽ ആകെ മരണം അൻപതിനായിരം കടന്നു.

ന്യൂയോർക്ക് നഗരത്തിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ നടപ്പിലാക്കും. ഓഫീസുകൾ തുറക്കാനും സൂപ്പർമാർക്കറ്റുകളിൽ പോയി സാധനങ്ങൾ വാങ്ങാനും ഹോട്ടലുകൾക്ക് പുറത്ത് ഭക്ഷണം വിളമ്പാനും ഈ ഘട്ടത്തിൽ അനുമതിയുണ്ട്. ഇതോടെ 3 ലക്ഷം ആളുകൾ കൂടി ജോലിയിൽ തിരികെ പ്രവേശിക്കും. 

Latest Videos

undefined

അതിനിടെ സ്പെയിൻ ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ചു. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് സ്പെയിൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. മാർച്ച് മധ്യത്തിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ആറ് തവണ നീട്ടി വച്ചിരുന്നു. എന്നാൽ ചില നിയന്ത്രണങ്ങൾ തുടരും. 

ഇറ്റലിയിൽ ലോക്‍ഡൗൺ പിൻവലിച്ചതിന് പിന്നാലെ ആരോഗ്യ പ്രവർത്തകരുമായി ഫ്രാൻസിസ് മാർപ്പാപ്പ കൂടിക്കാഴ്ച നടത്തി. രോഗബാധ ഏറ്റവും രൂക്ഷമായിരുന്ന ലൊംബാർഡിയിൽനിന്നുള്ള ആരോഗ്യപ്രവർത്തരെയാണ് വത്തിക്കാനിലേക്ക് ക്ഷണിച്ച് നന്ദി അറിയിച്ചത്. കൊവിഡ് പോരാട്ടത്തിനിടെ മരിച്ച ആരോഗ്യപ്രവർത്തകരെയും മാർപ്പാപ്പ അനുസ്മരിച്ചു. 

'ഐക്യത്തിന്‍റെ ദിനം, കൊവിഡ് കാലത്ത് യോഗ ശീലമാക്കണം'; യോഗാദിന സന്ദേശവുമായി പ്രധാനമന്ത്രി

അതേസമയം ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടക്കുകയാണ്. രോഗ വ്യാപനം വേഗത്തിലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷമാകാൻ പത്തു ദിവസമെടുത്തപ്പോള്‍ മൂന്നു ലക്ഷത്തില്‍ നിന്ന് നാലുലക്ഷമാകാനെടുത്തത് എടുത്തത് എട്ടു ദിവസം മാത്രമാണ്. രോഗ മുക്തി നിരക്ക് ഉയരുന്നതാണ് ആശ്വാസകരം.

 


 

click me!