കാലാവസ്ഥ മുന്നറിയിപ്പുകൾക്കിടെ 5 ദിന കടൽ ടൂറിനായി പുറപ്പെട്ട ആഡംബര ബോട്ട് മുങ്ങി, 18 പേരെ കാണാതായി

By Web Team  |  First Published Nov 26, 2024, 10:59 AM IST

സീ സ്റ്റോറി എന്ന ആഡംബര ബോട്ടാണ് കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കെ വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 44 പേരുമായി കടൽ യാത്രയ്ക്കിറങ്ങി മുങ്ങിപ്പോയത്


കെയ്റോ: വിനോദ സഞ്ചാര നൌക ചെങ്കടലിൽ മറിഞ്ഞു. വിദേശികൾ അടക്കം 18 പേരെ കാണാതായി. 28 പേരെയാണ് മുങ്ങിയ വിനോദ സഞ്ചാര നൌകയിൽ നിന്ന് രക്ഷിക്കാനായത്. ബ്രിട്ടൻ, ഫിൻലണ്ട്, ഈംജിപ്ത് സ്വദേശികളാണ് കാണാതായവരിലുള്ളത്.  13 കപ്പൽ ജീവനക്കാർ അടക്കം 44 പേരുമായ യാത്ര ആരംഭിച്ച ആഡംബര നൌകയാണ് ചെങ്കടലിൽ മുങ്ങിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. പ്രാദേശിക സമയം 3.30ഓടെയാണ് മെയ് ഡേ സന്ദേശം ആഡംബര നൌകയിൽ നിന്ന് ലഭിച്ചതെന്നാണ് ചെങ്കടൽ പ്രവിശ്യാ അധികൃതർ വിശദമാക്കുന്നത്. ബോട്ട് അപകടത്തിൽപ്പെടാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ചയും കടലിൽ പോവുന്നതിന് കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിരുന്നതായാണ് അധികൃതർ വിശദമാക്കുന്നത്. 

ഞായറാഴ്ചയാണ് അഞ്ച് ദിവസത്തെ കടൽ യാത്രയ്ക്കായി ആഡംബര ബോട്ട് യാത്ര തിരിച്ചത്. സ്കൂബാ ഡൈവിംഗ് അടക്കമുള്ളവ ഉൾപ്പെടുന്നവയായിരുന്നു അഞ്ച് ദിന ടൂർ പാക്കേജിൽ ഉൾപ്പെടുത്തിയിരുന്നത്. സീ സ്റ്റോറി എന്ന ആഡംബര നൌക മാർസ അലാം തുറമുഖത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. ബോട്ട് മുങ്ങിയതിന് പിന്നാലെ രക്ഷപ്പെട്ട ആളുകൾക്ക് ആവശ്യമായ ചികിത്സാ സഹായം നൽകിയതായാണ് ചെങ്കടൽ ഗവർണർ മേജർ ജനറൽ അമർ ഹനാഫി ബിബിസിയോട് വിശദമാക്കിയത്. കാണാതായവർക്കായി ഈജിപ്തിലെ നാവിക സേനയും സൈന്യവും ചേർന്ന് സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ശനിയാഴ്ച ഈജിപ്തിലെ കാലാവസ്ഥാ വിഭാഗം മെഡിറ്ററേനിയൻ കടലിലും ചെങ്കടലിലും പ്രക്ഷുബ്ദാവസ്ഥയുണ്ടാവുമെന്ന്  മുന്നറിയിപ്പ് നൽകിയിരുന്നു. മണിക്കൂറിൽ 70 കിലോമീറ്റർ വരെ ശക്തിയിൽ കാറ്റ് വീശുമെന്നും 13 അടി വരെ തിരമാലകൾ ഉയരുമെന്നുമായിരുന്നു കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ്. 

Latest Videos

undefined

ചൈന,സ്പെയിൻ, ബ്രിട്ടൻ, ജെർമൻ, അമേരിക്കയിൽ നിന്ന് അടക്കമുള്ള വിനോദ സഞ്ചാരികളുമായാണ് ആഡംബര നൌക യാത്ര ആരംഭിച്ചത്. ഈജിപ്തിലെത്തുന്ന വിനോദ സഞ്ചാരികൾ കടൽ വിനോദങ്ങൾക്കായി തെരഞ്ഞെടുക്കുന്ന പ്രധാന ഇടങ്ങളിലൊന്നാണ് മാർസ അലം. പവിഴപ്പുറ്റുകളാൽ നിറഞ്ഞ ഇവിടെ സ്കൂബാ ഡൈംവിംഗ്, സ്നോർക്കലിംഗ് അടക്കമുള്ള വാട്ടർ സ്പോർട്സുകൾക്ക് ഏറെ പ്രശസ്തമാണ്. ഈജിപ്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് സീ സ്റ്റോറിയെന്ന ആഡംബര നൌക. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!