എന്തോ കുത്തുന്ന പോലെ തോന്നി, 64കാരി പെരുമ്പാമ്പിന്റെ പിടിയിലമർന്നത് രണ്ട് മണിക്കൂർ; ഒടുവിൽ ജീവിതത്തിലേക്ക്

By Web TeamFirst Published Sep 20, 2024, 11:12 AM IST
Highlights

വീട്ടിലെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ട് നിൽക്കവെയാണ് 64 വയസുകാരിയെ പെരുമ്പാമ്പ് ചുറ്റി വള‌ഞ്ഞത്. താൻ വെളളം കുടിക്കാൻ തുടങ്ങുകയായിരുന്നു അപ്പോഴാണ് കാലിൽ ഒരു വേദന അനുഭവപ്പെട്ടതെന്ന് ഇവർ പറഞ്ഞു. 

ബാങ്കോക്ക്: രണ്ട് മണിക്കൂറോളം പെരുമ്പാമ്പിന്റെ പിടിയിൽ അകപ്പെട്ട 64കാരിയെ ഒടുവിൽ രക്ഷപ്പെടുത്തി. തായ്‍ലന്റിലാണ് സംഭവം. വീട്ടിലെ അടുക്കളയിൽ ജോലികൾ ചെയ്യുന്നതിനിടെയാണ് പെരുമ്പാന്റിന്റെ പിടിയിലകപ്പെട്ടതെന്നും സിബിഎസ് ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അടുക്കളയിൽ നിൽക്കവെ പെട്ടെന്ന് കാലിന്റെ തുടയിൽ എന്തോ കുത്തുന്നത് പോലെ ശക്തമായ വേദന തോന്നി. താഴേക്ക് നോക്കിയപ്പോൾ പതിനഞ്ച് അടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് കണ്ടത്. അത് തന്നെ ചുറ്റിവരിയാൻ തുടങ്ങുകയായിരുന്നുവെന്ന് സ്ത്രീ പറഞ്ഞു.

സ്ത്രീയുടെ ശരീരത്തിന് ചുറ്റും വള‌ഞ്ഞ് അമ‍ർത്താൻ തുടങ്ങിയപ്പോൾ സ്ത്രീ നിലത്തേക്ക് വീണു. പിടിയിൽ നിന്ന് രക്ഷപ്പെടാൻ കുതറി മാറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രണ്ട് മണിക്കൂർ അങ്ങനെ പരിശ്രമം തുടർന്നെങ്കിലും പാമ്പിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചില്ലെന്ന് 64കാരി പിന്നീട് പറഞ്ഞു. പെരുമ്പാമ്പിന്റെ തലയിൽ പിടിച്ച് അമർത്തിയെങ്കിലും പിടിവിട്ടില്ലെന്ന് മാത്രമല്ല, കൂടുതൽ ശക്തമായി പാമ്പ് അമർത്തുകയും ചെയ്തു.

Latest Videos

സഹായത്തിനായി ഉറക്കെ നിലവിളിച്ചെങ്കിലും ഏറെ നേരം ആരും കേട്ടില്ല. പിന്നീട് അയൽക്കാർ ശബ്ദം കേട്ട് പൊലീസിനെ വിളിച്ചു. "സഹായത്തിനായി വീട്ടിലെത്തിയ തങ്ങൾ ആ രംഗം കണ്ട് ഞെട്ടിപ്പോയെന്ന്" പൊലീസ് ഉദ്യോഗസ്ഥർ പിന്നീട് പറഞ്ഞു. പാമ്പ് വളരെ വലിയതായിരുന്നു. പൊലീസും അനിമൽ കൺട്രോൾ ഉദ്യോഗസ്ഥ‍രും എത്തി പ്രത്യേക വടി ഉപയോഗിച്ച് പാമ്പിന്റെ തലയിൽ അടിച്ചു. ഒടുവിൽ പിടി അയച്ച് പാമ്പ് സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. അനിമൽ കൺട്രോൾ ഉദ്യോഗസ്ഥർക്ക് പാമ്പിനെ പിടിക്കാനായില്ല. രണ്ട് മണിക്കൂറോളം പാമ്പിന്റെ പിടിയിലായിരുന്ന സ്ത്രീയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!