പാഴ്സലായി വാങ്ങിയ സാലഡില്‍ മനുഷ്യ വിരല്‍! റെസ്റ്റോറന്‍റിനെതിരെ പരാതിയുമായി യുവതി, പിഴ

By Web TeamFirst Published Nov 30, 2023, 8:25 AM IST
Highlights

സാലഡ് കഴിച്ചതോടെ തനിക്ക് പാനിക്ക് അറ്റാക്ക്, ഛര്‍ദി, തലകറക്കം, ശരീര വേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടായെന്ന് യുവതി

വാഷിംഗ്ടണ്‍: പാഴ്സലായി വാങ്ങിയ സാലഡില്‍ നിന്ന് മനുഷ്യ വിരലിന്‍റെ ഒരു ഭാഗം ലഭിച്ചെന്ന് യുവതിയുടെ പരാതിയില്‍ റെസ്റ്റോറന്‍റിന് പിഴ. ന്യൂയോര്‍ക്കിലെ കനെക്ടികട്ടിലാണ് സംഭവം. അമേരിക്കയിലെ ചോപ്റ്റ് എന്ന റെസ്റ്റോറന്‍റ് ശൃംഖലയ്ക്കെതിരെയാണ് പരാതി. 900 ഡോളറാണ് റെസ്റ്റോറന്‍റിന് പിഴയിട്ടത്.

കനെക്ടികട്ടിലെ മൗണ്ട് കിസ്‌കോയിലെ റെസ്റ്റോറന്‍റിനെതിരെ അലിസൺ കോസി എന്ന യുവതിയാണ് പരാതി നല്‍കിയത്. ഏപ്രില്‍ ഏഴിനാണ് സംഭവം നടന്നത്. സാലഡ് കഴിക്കുന്നതിനിടെ മനുഷ്യ വിരലിന്‍റെ ഒരു ഭാഗം ചവയ്ക്കുന്നതായി തോന്നിയെന്നാണ് അലിസണ്‍ കോസിയുടെ പരാതി. ഈ സാലഡ് കഴിച്ചതോടെ തനിക്ക് പാനിക്ക് അറ്റാക്ക്, ഛര്‍ദി, തലകറക്കം, ശരീര വേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടായെന്നും യുവതി പരാതിയില്‍ പറഞ്ഞു. 

Latest Videos

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെസ്റ്റ് ചെസ്റ്റർ കൗണ്ടി ഡിപ്പാർട്ട്‌മെന്റ് അന്വേഷണം നടത്തി. ഇലക്കറി മുറിക്കുന്നതിനിടെ റെസ്റ്റോറന്‍റ് മാനേജരുടെ ഇടതു ചൂണ്ടുവിരലിന്‍റെ ചെറിയ ഭാഗം അറ്റുപോയി സാലഡില്‍ വീണതാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ആ ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയതിന്‍റെ രേഖകളും യുവതി ഹാജരാക്കി. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവതി പരാതി നല്‍കിയത്. മനുഷ്യ മാംസവും ചോരയും സാലഡില്‍ വീണത് മറ്റ് ജീവനക്കാര്‍ അറിഞ്ഞിരുന്നില്ലെന്നും അതുകൊണ്ടാണ് ഇത് വിളമ്പിയതെന്നുമാണ് റെസ്റ്റോറന്‍റ് മാനേജര്‍ അന്വേഷണത്തിനെത്തിയ ആരോഗ്യ വിഭാഗത്തെ അറിയിച്ചത്. തുടര്‍ന്ന് റെസ്റ്റോറന്‍റിന് 900 ഡോളര്‍ പിഴയിട്ടു.

എന്നാല്‍ ഈ സംഭവത്തെ കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ റെസ്റ്റോറന്‍റ് ഉടമകള്‍ തയ്യാറായിട്ടില്ല. പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ലെന്നും കൂടുതലൊന്നും പറയാനില്ലെന്നും യുവതി വ്യക്തമാക്കിയതായി അവരുടെ അഭിഭാഷകനും അറിയിച്ചു. ഭക്ഷണ കാര്യത്തില്‍ റെസ്റ്റോറന്‍റുകളുടെ അശ്രദ്ധയ്ക്കെതിരായ മുന്നറിയിപ്പ് എന്ന നിലയിലാണ് യുവതി പരാതി നല്‍കിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!