ആഗോള തലത്തിൽ 13.6 മില്യൺ ആളുകളാണ് കൊവിഡ് ബാധിതരായിരിക്കുന്നത്. 5,86,000 പേർ മരിച്ചു.
വാഷിംഗ്ടൺ: ഏറ്റവും കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തിയ രാജ്യം അമേരിക്കയാണെന്ന അവകാശ വാദവുമായി വൈറ്റ് ഹൗസ്. കൊവിഡ് പരിശോധനയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ഇന്ത്യയാണ്. 42 മില്യൺ പരിശോധനകളാണ് അമേരിക്ക നടത്തിയത്. ഇന്ത്യ 12 മില്യൺ പരിശോധന നടത്തി. യുഎസിൽ പരിശോധന നടത്തിയവരിൽ 3.5 മില്യൺ ആളുകൾക്ക് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിക്കുകയും 1,38,000 പേർ മരിക്കുകയും ചെയ്തു. ആഗോള തലത്തിൽ 13.6 മില്യൺ ആളുകളാണ് കൊവിഡ് ബാധിതരായിരിക്കുന്നത്. 5,86,000 ത്തിലധികം പേർ മരിച്ചു.
'ഞങ്ങൾ 42 മില്യണിലധികം പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. 12 മില്യൺ ആളുകളിൽ പരിശോധന നടത്തി ഇന്ത്യയാണ് തൊട്ടുപിന്നിലുള്ളത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തിയിട്ടുള്ളത് ഞങ്ങളാണ്.' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെലഫ് മക്കനി മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി. വാക്സിൻ കണ്ടെത്തുന്ന കാര്യത്തിൽ പ്രത്യാശയുള്ള വാർത്തകൾ എത്തുമെന്നും മക്കനി പറഞ്ഞു. ജൂലൈ അവസാനത്തോടെ മൂന്നാം ഘട്ട വാക്സിൻ പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കയെന്നും അവർ കൂട്ടിച്ചേർത്തു.